കുടുംബമല്ല, ഇനി വേണ്ടത് പാര്‍ട്ടി; രാഹുലിന്റെ രാജിയിലെ സന്ദേശം

INDIA-ELECTION/CONGRESS
SHARE

കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ, രാജ്യം എമ്പാടുമുള്ള അതിന്‍റെ നേതാക്കളെ, അണികളെ എല്ലാം ആകെ ഉലച്ചാണ് രാഹുലിന്റെ രാജിക്കത്ത് പുറത്തുവന്നത്. കോണ്‍ഗ്രസിനെ കൈവിടുകയല്ല, കൈപിടിച്ച് ഉയര്‍ത്താനാണ് രാഹുല്‍ ഗാന്ധി തന്‍റെ രാജിയിലൂടെ ശ്രമിക്കുന്നത് എന്നതാണ് സത്യം. മറ്റൊരു കോണ്‍ഗ്രസ് നേതാവിനും ഇല്ലാത്ത തിരിച്ചറിവ്, തെളിഞ്ഞ ബോധ്യം ആ പാര്‍ട്ടിയെക്കുറിച്ച് അദ്ദേഹത്തിനുണ്ട് എന്ന് രാഹുലിന്‍റെ രാജി തീരുമാനം വ്യക്തമാക്കുന്നു. നെഹ്റു- ഗാന്ധി കുടുംബത്തിന്‍റെ മതില്‍ക്കെട്ടിന് പുറത്ത് പാര്‍ട്ടി വളരണമെന്ന് രാഹുല്‍ഗാന്ധി ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെയാണ് തന്‍റെ പിന്‍ഗാമിയായി പ്രിയങ്ക ഗാന്ധി വേണ്ടെന്നും അദ്ദേഹം പറഞ്ഞുവച്ചത്.

കോണ്‍ഗ്രസ് നേതാക്കളില്‍ നല്ല ശതമാനവും ഇപ്പോഴും നെഹ്റു- ഗാന്ധി കുടുംബത്തിന്‍റെ മതിലില്‍ അള്ളിപ്പിടിച്ച് കിടക്കുകയാണ്. ഇന്ത്യന്‍ സാമൂഹ്യാന്തരീക്ഷം മാറിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. കുടുംബാരാധനയുടെ കാലം പോയി, സമൂഹമാധ്യമങ്ങള്‍ രംഗം പിടിച്ചടക്കിക്കഴിഞ്ഞു.

ഇത് ഇന്ത്യയുടെ കാര്യം മാത്രമല്ല. ലോകരാഷ്ട്രീയമാകെത്തന്നെ ആ നിലയില്‍ മാറിക്കഴിഞ്ഞു. കുടുംബവാഴ്ചയുടെ പതനം പഠിക്കാന്‍ ഏറെ ദൂരെയൊന്നും പോകേണ്ടതില്ല. തൊട്ടടുത്ത് പാക്കിസ്ഥാനിലേക്ക് ഒന്ന് നോക്കിയാല്‍ മതി. ഭൂട്ടോ, ഷരിഫ് കുടുംബങ്ങള്‍ക്ക് അവിടെ എന്താണ് സംഭവിച്ചത് എന്ന് ചികഞ്ഞാല്‍ കാര്യം വ്യക്തം‍. ദശകങ്ങള്‍ പാക് രാഷ്ട്രീയം അടക്കിവാണ രണ്ടു കുടുംബങ്ങളെയും അപ്രസക്തമാക്കിയാണ് ഇമ്രാന്‍ ഖാന്‍ ഭരണം പിടിച്ചത്. തീവ്രദേശീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒപ്പം കുടുംബവാഴ്ചക്കെതിരായ വിമര്‍ശനങ്ങളുമാണ് ഖാനെ അധികാരത്തിലേറ്റിയത്. ബേനസീര്‍ ഭൂട്ടോ വധത്തിന് ശേഷം അവരുടെ ഭര്‍ത്താവും മകനുമെല്ലാം ശ്രമിച്ചെങ്കിലും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അപ്രസക്തമായി. നവാസ് ഷെറീഫിന്‍റെ പാര്‍ട്ടിക്കും ഇതുതന്നെയായിരുന്നു ഗതി.

ഈ രണ്ട് പാര്‍ട്ടികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെപ്പോലെ കുടുംബങ്ങളുടെ തണലില്‍ പൂര്‍ണമായും പറ്റിക്കൂടിയവയാണ്. ഈ അപകടം മനസിലാക്കിത്തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം എന്നുറപ്പ്. സ്വന്തം സ്ഥാനമാനങ്ങള്‍ക്കും കുടുംബവാഴ്ചക്കും അപ്പുറം പാര്‍ട്ടിയുടെ ശക്തമായ തിരിച്ചുവരവ് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവണം. രാഷ്ട്രീയത്തിലെ കുടുംബവാഴ്ച അതത് പാര്‍ട്ടികള്‍ക്കും ഒപ്പം എതിര്‍ പാര്‍ട്ടികള്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കും. 2019ലെ പൊതുതിരഞ്ഞെടുപ്പ് ഇത് വ്യക്തമാക്കി.

നരേന്ദ്രമോദിക്കും ബിജെപിക്കും അവരുടെ സൈബര്‍ പോരാളികള്‍ക്കും കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ വളരെ എളുപ്പമായിരുന്നു. രാഹുല്‍ഗാന്ധിയെ രാജകുമാരനെന്നും കുടുംബവാഴ്ചയുടെ പിന്തുടര്‍ച്ചക്കാരനെന്നും വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവനെന്നും എല്ലാ പ്രചാരണവേദികളിലും ബിജെപി ആവര്‍ത്തിച്ചു. ഇങ്ങനെയുള്ള രാഹുലിനെ എതിരിടുന്ന മോദിയാകട്ടെ, കുടുംബവാഴ്ചയുടെ പിന്‍ബലമില്ലാത്തയാളും ചായക്കടക്കാരന്‍റെ മകനും. സ്വാഭാവികമായും ആധുനിക ഇന്ത്യയിലെ വലിയ വിഭാഗം നരേന്ദ്രമോദിക്ക് ജയ് വിളിച്ചു.

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം പാര്‍ലമെന്‍ററി ജനാധിപത്യ ശൈലിയിലുള്ള ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള പ്രചാരണം നടത്താന്‍ മോദിയെ സഹായിച്ചു. രാജകുമാരനെ എതിരിടാന്‍ ദരിദ്രനാരായണന്‍. ശത്രുരാജ്യത്തെ വിരട്ടി നിര്‍ത്താന്‍ കഴിയുന്ന കരുത്തന്‍ നരേന്ദ്രമോദി എന്നിങ്ങനെയായി പ്രചാരണം. രാഹുലിനും പ്രിയങ്കയ്ക്കും നേരെ ഉയര്‍ന്ന വ്യക്തിപരമായ അധിഷേപങ്ങളെപ്പോലും എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കോണ്‍ഗ്രസ് മാധ്യമവിഭാഗം പരുങ്ങി. ചുരുക്കത്തില്‍ കോണ്‍ഗ്രസിലെ കുടുംബവാഴ്ച ഇന്ത്യ നേരിടുന്ന ശരിയായ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ബിജെപിയെ സഹായിച്ചു.

തൊഴിലില്ലായ്മ, കാര്‍ഷികമേഖലയുടെ തകര്‍ച്ച, ന്യൂനപക്ഷങ്ങളുടെ ഭീതി ഇതൊന്നും തിരഞ്ഞെടുപ്പ് രംഗത്ത് ചര്‍ച്ചയായതേയില്ല. കുടുംബവാഴ്ച കോണ്‍ഗ്രസ് നേതാക്കളെ കുഴിമടിയന്‍മാരുമാക്കി. എന്തിനും ഏതിനും 10 ജന്‍പഥിലേക്കോടി അവര്‍ക്ക് ശീലമായി. തീരുമാനങ്ങള്‍ കുടുംബത്തില്‍ നിന്ന് വരട്ടെയെന്ന് പറയുന്നത് അലസതയാണ്. ഉത്തരവാദിത്തമേറ്റെടുക്കാനുള്ള മടി. അതിനെ സൗകര്യപൂര്‍വം കുടുംബത്തോടുള്ള ഭക്തിയായി അവതരിപ്പിക്കും. പക്ഷേ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിക്ക് ഇനിയും സമയമുണ്ട്. കടുംബത്തിന് പുറത്തുനിന്ന് കരുത്തനായ ഒരു നേതാവ് വന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഗതി മാറും.

കുടുംബവാഴ്ച മാറ്റി നിര്‍ത്തി ഇന്ത്യയിലെ ജനങ്ങളുടെ ശരിയായ പ്രശ്നങ്ങള്‍ ഇനി ചര്‍ച്ച ചെയ്യേണ്ടി വരും. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയും തൊഴിലില്ലായ്മ നിരക്കും ആഭ്യന്തര തീവ്രവാദം കൊടുമ്പിരികൊള്ളുന്ന കശ്മീരുമടക്കം എല്ലാത്തിനും മറുപടി പറയേണ്ടി വരും ഭരണ നേതൃത്വം. അത്തരമൊരു നേതാവിനെ കണ്ടെടുക്കാന്‍ കഴിഞ്ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരിച്ചുവരും എന്നതില്‍ തര്‍ക്കമില്ല. കാരണം ഇന്ത്യ അങ്ങനെയൊരു പ്രതിരോധം ആഗ്രഹിക്കുന്നുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...