ഈ ധൈര്യം വലിയത്; ബഹുമാനിക്കുന്നു; രാഹുലിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

PTI4_27_2019_000063B
SHARE

കോൺഗ്രസ് അധ്യക്ഷ പദത്തിൽ നിന്നും രാജിവച്ച രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സഹോദരി പ്രിയങ്ക. അധികം ആരും കാണിക്കാത്ത ധൈര്യമാണ് ഇതെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. തീരുമാനത്തോട് അങ്ങേയറ്റം ബഹുമാനമെന്നും എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തെ തുടർന്നാണ് രാഹുൽ ഗാന്ധി അധ്യക്ഷ പദം ഒഴിഞ്ഞത്. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഭാവി വളർച്ചയ്ക്ക് ഇതാവശ്യമാണെന്നും രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ അദ്ദേഹം വികാര നിര്‍ഭരമായ നീണ്ട കത്ത് ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. പാർട്ടി ജീവരക്തമാണെന്നും അതെന്നും അങ്ങനെ തുടരുമെന്നുമായിരുന്നു രാജിക്കത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നത്. 

അടുത്ത അധ്യക്ഷനായുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്കാണ് സാധ്യത കൂടുതല്‍. അടുത്ത പ്രവര്‍ത്തക സമിതിയില്‍ രാജി അംഗീകരിക്കും വരെ രാഹുല്‍ തന്നെയായിരിക്കും അധ്യക്ഷനെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളുടെ അവകാശവാദം. അനുനയ നീക്കങ്ങളില്‍ പ്രതീക്ഷ വച്ചിരുന്ന മുതിര്‍ന്ന നേതാക്കളെ ഞെട്ടിച്ചുകൊണ്ടായിരുന്നു അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് രാഹുല്‍ പുറത്തുവിട്ടത്. പുതിയ സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതി യോഗം അടുത്തയാഴ്ച ചേരും. ഒരു സംഘം നേതാക്കള്‍ ചേര്‍ന്ന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ സമവായത്തിലൂടെ അധ്യക്ഷനെ കണ്ടെത്തും. 

യു.പി.എ അധ്യക്ഷയായി സോണിയാ ഗാന്ധിയും പാര്‍ലമെന്‍റംഗമായി രാഹുലും ഉത്തര്‍പ്രദേശിന്‍റെ ചുമതലയുമായി പ്രിയങ്കയും രംഗത്തുള്ളപ്പോള്‍ ഗാന്ധി കുടുംബത്തിനുള്ള കടിഞ്ഞാണ്‍ അതേപോലെ നിലനില്‍ക്കാന്‍ തന്നെയാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പേരിനാണ് മുന്‍തൂക്കം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും ഉയരുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിലെ പരാജയം സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. അശോക് ഗെഹ്‍ലോട്ട് അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. യുവത്വത്തിന്‍റെ പ്രതീകമായി സച്ചിന്‍ പൈലറ്റിന്‍റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...