‘90 സെക്കന്റിനുള്ളിൽ എല്ലാം തീർത്തു’; ബാലക്കോട്ട് ആക്രമണത്തില്‍ പൈലറ്റ്: വെളിപ്പെടുത്തൽ

balakot-new
SHARE

പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം 90 സെക്കൻറിനുള്ളിൽ പൂർത്തിയായെന്ന് വ്യോമസേന പൈലറ്റിന്റെ വെളിപ്പെടുത്തൽ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാലക്കോട്ട് മിഷനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ദൗത്യം പ്ലാൻ ചെയ്യാനും ലക്ഷ്യത്തിലെത്താനും രണ്ടര മണിക്കൂർ വേണ്ടി വന്നെങ്കിലും ഭീകരക്യാംപുകൾ തകർത്ത് മടങ്ങാൻ വേണ്ടിവന്നത് 90 സെക്കൻഡുകൾ മാത്രമാണെന്നാണ് പൈലററിന്റെ വെളിപ്പെടുത്തൽ.

സാറ്റലൈറ്റിന്റെ സഹായത്തോടെയാണ് ബോംബുകൾ പ്രയോഗിച്ചത്. സാറ്റലൈറ്റ് ഗൈഡഡ് ബോംബുകളായ സ്പൈസ് 2000 മിറാഷ് പോർവിമാനങ്ങളിൽ നിന്നാണ് തൊടുത്തത്. ബാലക്കോട്ട് ദൗത്യത്തിന് നേതൃത്വം നൽകിയ സ്ക്വാഡ്രോൻ ലീഡർ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.പാക്കിസ്ഥാനിലെ ഭീകരക്യാംപുകൾ എങ്ങനെ ആക്രമിക്കണമെന്ന ദൗത്യം കൃത്യമായി ഞങ്ങൾക്ക് അറിയാമായിരുന്നു. ഇക്കാര്യം അടുത്ത സുഹൃത്തക്കൾക്കോ കുടുംബാംഗങ്ങൾക്ക് പോലും അറിയില്ലായിരുന്നു. ദൗത്യത്തിനു മുൻപ് മാനസിക പിരിമുറുക്കം കുറക്കാൻ പോലും ഞങ്ങൾ സമയം കണ്ടെത്തി.

അന്നത്തെ ദൗത്യത്തിന് ക്രിസ്റ്റൽ മേസ് ആയുധങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ആ ദിവസം കാർമേഘങ്ങൾ വിലങ്ങുതടിയായി. ഇതോടെയാണ് സ്പൈസ് 2000 ബോംബുകൾ ഉപയോഗിക്കേണ്ടി വന്നത്. മിറാഷ് 2000 പോർവിമാനങ്ങളിൽ നിന്നാണ് സ്പൈസ് 2000 ബോംബുകൾ പ്രയോഗിക്കാൻ കഴിയുക. ആറു ബോംബുകളാണ് ലോഡ് ചെയ്തിരുന്നത്. ഇതിൽ അഞ്ചു ബോംബുകളും പ്രയോഗിച്ചെന്നും പൈലറ്റ് വെളിപ്പെടുത്തി.

ദൗത്യം വൻ വിജയമായിരുന്നു എന്നതിന് തെളിവായി ഡിജിറ്റൽ േഗ്ലാബ് കമ്പനി സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ആക്രമണങ്ങൾ നടന്ന സ്ഥലത്തിന്റെ കൃത്യമായ സാറ്റലൈറ്റ് ചിത്രങ്ങൾ വിവിധ മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. ഈ വ്യോമാക്രമണത്തിനു രഹസ്യ കോഡായി ഉപയോഗിക്കുന്നത് ഓപ്പറേഷന്‍ ‘ബന്ദര്‍’ എന്നാണ്. ഓപ്പറേഷന്റെ രഹസ്യസ്വഭാവം നിലനിർത്താൻ വേണ്ടിയാണ് കുരങ്ങന്‍ എന്ന് അര്‍ഥമുള്ള ബന്ദര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്.

ഈ പേര് തിരഞ്ഞെടുക്കാൻ പ്രത്യേക കാരണം ഇല്ലെങ്കിലും രാമ-രാവണ യുദ്ധത്തിന്റെ ഭാഗമായ ഹനുമാന്റെ പേര് സേന ഓപ്പറേഷനു നൽകുകയായിരുന്നു. ചെറിയ സമയത്തിനിടയ്ക്ക് പതിവായി ചെയ്യുന്ന കാര്യമായി തോന്നാന്‍ വേണ്ടിയാണ് ഇത്തരമൊരു പേര് നൽകിയതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മറ്റൊരു വിശദീകരണം. ഫെബ്രുവരി 14ന് പുൽവാമയിൽ ജയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിനു പ്രതികാരമായാണ് ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...