കോൺഗ്രസിന് ഇതെന്തു പറ്റി ? നേതൃത്വം നിർജീവം

rahul-gandhi
SHARE

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഇന്ത്യയിലെ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി ജീവശ്വാസത്തിനായി കൈകാലിട്ടടിക്കുകയാണ്. അധ്യക്ഷസ്ഥാനത്ത് നിന്നുള്ള രാജിക്കാര്യത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചുനില്‍ക്കുന്നു. എന്നാല്‍  രാഹുല്‍ തുടരൂ എന്ന് അഭ്യര്‍ഥിക്കുന്നതിനപ്പുറം  പാര്‍ട്ടി നേതൃത്വത്തിലോ അണികള്‍ക്കിടയിലോ അടുത്ത നടപടിയെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ല എന്നത് ദയനീയമാണ്.  പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും തയാറല്ലെന്ന് ചുരുക്കം.  

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെയും ആധുനിക ഇന്ത്യയുടെ നിര്‍മാണത്തിന്‍റെയും അടിസ്ഥാനശിലപാകിയ പ്രസ്ഥാനം 135ാം വയസിലേക്ക് ക‍ടക്കുമ്പോഴാണ് ഈ ദുര്‍ഗതി. സ്വാതന്ത്യാനന്തരം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ആറു ദശാബ്ധം  നയിച്ച പ്രസ്ഥാനത്തെ നിലനിര്‍ത്താനുള്ള ശ്രമം പോലും ആരും നടത്തുന്നില്ല എന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ പാര്‍ട്ടിയോടുള്ള ആത്മാര്‍ഥതയില്ലായ്മയാണ് സൂചിപ്പിക്കുന്നത്. ത്രിവര്‍ണ പതാകയുടെ ബലത്തില്‍ സ്വയം അനുഭവിച്ച അധികാരത്തിന്‍റെ സുഖം പോലും പലരും മറന്നമട്ടാണ്. 

'മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി' എന്ന മനോഭാവവുമായി ഗ്രൂപ്പുപോരില്‍ പാര്‍ട്ടിയെ ഇല്ലാതാക്കിയത് മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ്. തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയിട്ടും ആ പോര് അങ്ങിനെ തന്നെ തുടരുന്നു. ദേശീയതലത്തില്‍ മാത്രമല്ല, സംസ്ഥാന ഘടകങ്ങളും തീര്‍ത്തും ദുര്‍ബലമായിരിക്കുന്നു. 

രാജസ്ഥാനില്‍, മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഒഴിവാക്കി, പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റിനെ നിയമിക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം നേതാക്കള്‍ ബഹളം വയ്ക്കുന്നു.  മധ്യപ്രദേശില്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള ചേരിപ്പോരിന് അയവില്ല. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീൽ അടക്കം ബിജെപിയില്‍ ചേര്‍ന്നു. പഞ്ചാബ് പിസിസി പ്രസിഡന്റ് സുനിൽ ഝക്കർ, ജാർഖണ്ഡ് പ്രസിഡന്റ് അജോയ് കുമാർ, യുപി പ്രസിഡന്‍റ് രാജ് ബബ്ബര്‍, ഒഡിഷയിലെ നിരഞ്ജൻ പട്നായിക്ക് എന്നിവര്‍ക്ക് പകരം ആളായിട്ടില്ല. എല്ലാത്തിനും ഉത്തരം വരേണ്ടത് തുഗ്ലക് ലെയിനിലോ പത്താം ജന്പഥിലോ നിന്നാണെന്ന് പറഞ്ഞ് നേതാക്കള്‍ ഒഴിഞ്ഞുമാറുന്നു.  

കോണ്‍ഗ്രസ് ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച്  അധ്യക്ഷന്‍റെ രാജിയുണ്ടായാല്‍ ഏറ്റവും മുതിര്‍ന്ന ജനറല്‍ സെക്രട്ടറി അധ്യക്ഷന്‍റെ ഔദ്യോഗിക ഭരണനിര്‍വഹണ ചുമതല ഏറ്റെടുക്കണം. തുടര്‍ന്ന് വര്‍ക്കിങ് കമ്മിറ്റി ചേര്‍ന്ന് താല്‍ക്കാലിക അധ്യക്ഷനെ നിയമിക്കണം. പിന്നീട് എഐസിസി വോട്ടെടുപ്പിലൂടെ സ്ഥിരം അധ്യക്ഷനെ തിരഞ്ഞെടുക്കണം. തീര്‍ത്തും ജനാധിപത്യപരവും ലളിതവുമായ നടപടി ക്രമങ്ങളാണ് ഇതിനുള്ളത്. 

പത്തു പ്രതിനിധികള്‍ ഒന്നിച്ച് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലേക്ക് ഒരാളുടെ പേര് നിര്‍ദേശിക്കാം. റിട്ടേണിങ് ഓഫീസറുടെ അന്തിമ പട്ടിക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് അയച്ചുകൊടുത്ത് വോട്ടെടുപ്പ് നടത്താം. വോട്ട് ട്രാന്‍സഫറിങ് സംവിധാനമുള്ള വോട്ടെടുപ്പില്‍ ഏററവുമധികം മൂല്യമുള്ള വോട്ടെണ്ണം ലഭിക്കുന്നയാള്‍ പ്രസിഡന്‍റാവും. ഈ നടപടികളില്‍ ഒരു ചുവടുപോലും വയ്ക്കാന്‍ ഇപ്പോഴത്തെ നേതൃത്വത്തിനാവുന്നില്ല. 

രാഹുല്‍ ഗാന്ധിയുടെ രാജി അംഗീകരിച്ച് പാര്‍ട്ടിയുടെ താല്‍ക്കാലിക ചുമതല ഏറ്റെടുക്കാന്‍ കെല്‍പുള്ള ആരും ഇല്ലെന്ന് വേണം മനസിലാക്കാന്‍. താല്‍ക്കാലിക അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ പ്രവര്‍ത്തകസമിതി വിളിക്കാന്‍ ധൈര്യമുള്ള ആരുണ്ട് എന്ന് ചോദിക്കേണ്ട അവസ്ഥ. അപ്പോള്‍ പിന്നെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ..! 

റാം മുതല്‍ സീതാറാം കേസരി വരെ സ്വാതന്ത്ര്യത്തിന് ശേഷം മാത്രം ആറ് പ്രസിഡന്‍റുമാര്‍ ഗാന്ധി/നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഈ പാര്‍ട്ടിയെ നയിച്ചിട്ടുണ്ട്.  ഇതെല്ലാം മറന്ന് ഗാന്ധി/നെഹ്റു കുടുംബം തന്നെ എല്ലാം തീരുമാനിക്കണം എന്ന് പറയുന്നവര്‍ ഇതൊരു രാഷ്ട്രീയ പ്രസ്ഥാനമാണെന്നത് മറന്ന്  സ്വകാര്യസ്വത്തായി കാണുന്നു എന്നതാണ് പ്രശ്നം. 

ഇനി കോണ്‍ഗ്രസ് തിരിച്ചുവന്നിട്ട് എന്ത് എന്ന് ചോദിക്കുന്നവരോട്. ജനാധിപത്യത്തില്‍ ശക്തമായ പ്രതിപക്ഷം ഭരണകക്ഷിയെപ്പോലെ തന്നെ അനിവാര്യമാണ്. നാനാജാതി മതസ്ഥരും വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരും വ്യത്യസ്ത സംസ്കാരങ്ങള്‍ ഉള്ളവരുമായ 137 കോടി ജനത ഒന്നിച്ച് താമസിക്കുന്ന ഒരു രാജ്യത്തിന്‍റെ നിലനില്‍പിന് അത് പ്രധാനപ്പെട്ടതാണ്. തല്‍ക്കാലം ദേശീയതലത്തില്‍ പ്രതിപക്ഷത്തിന്‍റെ റോള്‍ വഹിക്കാന്‍ മാത്രം എല്ലായിടത്തും ഉള്ള പാര്‍ട്ടി  കോണ്‍ഗ്രസേ ഉള്ളൂ എന്നതുകൊണ്ടാണ് ഇത് പറയേണ്ടി വരുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ മാനിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ നിലനില്‍പ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അലസതയും ഭീരുത്വവും സ്വാര്‍ഥതയും വെടിഞ്ഞ് പാര്‍ട്ടിക്ക് പുതിയ നേതൃത്വത്തെ കണ്ടെത്തണം.

MORE IN INDIA
SHOW MORE
Loading...
Loading...