കല്യാണം കഴിഞ്ഞു മതി സത്യപ്രതിഞ്ജ; തുർക്കിക്ക് പറന്ന് നുസ്രത്ത് ജഹാൻ എംപി; വിമർശനം

nusrat-jahan
SHARE

ബംഗാളിൽ നിന്നുള്ള എംപിയും നടിയുമായ നുസ്രത്ത് ജഹാൻ സത്യപ്രതിജ്ഞാ ചടങ്ങിനു നില്‍ക്കാതെ വിവാഹം കഴിക്കാന്‍ തുര്‍ക്കിക്കു പോയതിനെതിരെ വിമര്‍ശനം. തൃണമൂൽ എംപിയാണ് നുസ്രത്ത്.വ്യവസായിയായ നിഖിൽ ജെയ്നുമായുള്ള വിവാഹം ബുധനാഴ്ച തുർക്കിയിലെ ബോഡ്രമിൽ വച്ചായിരുന്നു. വ്യാഴാഴ്ച രാവിലെ നുസ്രത്ത് തന്നെയാണ് വിവാഹക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നുസ്രത്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

‘നിഖിൽ ജെയ്നുമായി എക്കാലത്തേക്കുമുള്ള സന്തോഷത്തിലേക്ക്’– വിവാഹചിത്രം പങ്കുവച്ച് നുസ്രത്ത് ട്വിറ്ററിൽ കുറിച്ചു. ബംഗാളി സിനിമയിലെ പ്രമുഖ നടിയായ നുസ്രത്ത് ജഹാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ കുത്തക മണ്ഡലങ്ങളിലൊന്നായ ബസീര്‍ഹട്ടിൽ നിന്നു മൂന്നരലക്ഷം വോട്ടുകൾക്കാണ് ജയിച്ചത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ വ്യക്തിയാണ് നുസ്രത്ത്.

17–ാം ലോക്സഭയുടെ ആദ്യ സമ്മേളന സമയത്തു തന്നെയാണ് കന്നി അംഗത്തിന്റെ വിവാഹവുമെന്നത് കൗതുകമായി. എന്നാൽ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ വിവാഹത്തിനായി പോയതിനു പല കോണിൽ നിന്നു വിമർശനവും ഉയരുന്നുണ്ട്. വിവാഹത്തിനു പങ്കെടുക്കാൻ തുർക്കിയിലേക്ക് പോയതിനാൽ നുസ്രത്തിന്റെ സുഹൃത്തും ജാദവ്പുരിൽ നിന്നുള്ള എംപിയുമായ മിമി ചക്രവർത്തിയും സത്യപ്രതിജ്ഞ ചെയ്തില്ല.

ഏതാനും ദിവസങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തുന്ന നവദമ്പതികൾക്ക് ജൂലൈ നാലിന് കൊൽക്കത്തിൽ വിവാഹസൽക്കാരം ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര– രാഷ്ട്രീയ പ്രവർത്തകർ ഇതിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

MORE IN INDIA
SHOW MORE
Loading...
Loading...