ബസിന് മുകളിൽ നിന്നും തെറിച്ച് താഴേക്ക്; ഞെട്ടി ചെന്നൈ; ആഘോഷം അപകടം; വിഡിയോ

bus-day-chennai
SHARE

കോളജ് വിദ്യാർഥികൾ നടത്തിയ ഇൗ ആഘോഷം ഇന്ന് രാജ്യത്തിന്റെ രോഷം പിടിച്ചു പറ്റുകയാണ്. അത്രത്തോളം അപകടം വരുത്തിവയ്ക്കുന്ന തരത്തിലാണ് വിദ്യാർഥികളുടെ പെരുമാറ്റം. ചെന്നൈയിൽ കോളേജ് തുറക്കുന്ന ദിവസം ബസുകൾ പിടിച്ചെടുത്ത് വിദ്യാർഥികൾ നടത്തുന്ന അപകടകരമായ ആഘോഷമായ ബസ് ഡേ എന്ന പരിപാടിക്ക് ഇടയിലാണ് അപകടം. 

നഗരത്തിലെ തിരക്കിലൂടെ ഓടിക്കൊണ്ടിരുന്ന ബസിന്റെ മുകളില്‍ കയറിയ വിദ്യാർഥികൾ ന‍ൃത്തം ചെയ്യുന്നതിനിടെ ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട് മുപ്പതോളം വിദ്യാർഥികൾ ബസിനു മുന്നിലേക്കു വീണത്. ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടതുകൊണ്ട്  വന്‍ദുരന്തം ഒഴിവായി. ബസിനു മുകളിലും വിൻഡോ സീറ്റിൽ തൂങ്ങിക്കിടന്നും മുദ്രാവാക്യങ്ങൾ വിളിച്ചും ചുവടുവയ്ക്കുന്ന വിദ്യാർഥികളെയും പുറത്തുവന്ന വിഡിയോയിൽ കാണാം.

പൊലീസ് എത്തിയപ്പോൾ ചിതറിയോടിയവരിൽ നിന്ന് 17 വിദ്യാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു. 24 പേരെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിസാര പരുക്കുകളോടെ ചില വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ പച്ചയ്യപ്പാസ് കോളേജ് വിദ്യാർഥികളാണ് പിടിയിലായവരിലധികവും. പച്ചയ്യപ്പാസ് കോളേജിലെയും അംബേദ്കർ കോളേജിലെയും ബസ് ഡേ അഘോഷങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിട്ടുള്ളത്.

ബസ് ഡേ ആഘോഷത്തിനെതിരെ തമിഴ്നാട്ടിൽ കോടതി വിലക്കും  പൊലീസിന്റെ നിരന്തര മുന്നറിയിപ്പുകളും നിലനിൽക്കെയാണ് ആഘോഷം നടന്നത്. വേനലവധിക്കു ശേഷം കോളജ് തുറക്കുന്ന ദിവസം സ്ഥിരമായി യാത്രചെയ്യുന്ന ബസ് റൂട്ടുകളിലാണ്  വിദ്യാർഥികളുടെ ബസ് ഡേ  ആഘോഷം. 2011 ൽ മദ്രാസ് ഹൈക്കോടതി ബസ് ഡേ ആഘോഷത്തിന് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തിയിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...