മുത്തലാഖ് നിയമത്തിന് പുതിയ ബിൽ; അംഗീകാരം നൽകിയേക്കും

modi
SHARE

മുത്തലാഖ് നിരോധനത്തിന് പുതിയ ബില്‍ അവതരിപ്പിക്കാന്‍ ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയേക്കും. രണ്ടാം മോദി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ മന്ത്രിസഭാ യോഗവും വൈകീട്ട് അഞ്ചരയ്ക്ക് നടക്കും. അതിനിടെ, കോണ്‍ഗ്രസിന്‍റെ അവകാശവാദങ്ങള്‍ തള്ളി ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് നല്‍കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്.

മുത്തലാഖ് നിയമവിരുദ്ധവും കുറ്റകരവുമാക്കുന്ന ബില്‍ മോദിയുടെ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് രാജ്യസഭ കടന്നില്ല. 16ാം ലോക്സഭ പിരിച്ചുവിട്ടതോടെ ബില്‍ അസാധുവായി. ഇതോടെയാണ് മുത്തലാഖ് നിരോധനത്തിന് പുതിയ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. മുത്തലാഖ് നിരോധനം ഉള്‍പ്പെടെ 10 ഒാര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ലുകള്‍ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാരിന്‍റെ അഞ്ചുവര്‍ഷത്തെ വികസന കാഴ്ച്ചപ്പാടും 100 ദിന കര്‍മപരിപാടിയുടെ നടത്തിപ്പും ഇന്ന് നടക്കുന്ന സമ്പൂര്‍ണ മന്ത്രസഭാ യോഗത്തില്‍ പ്രധാനമന്ത്രി വിശദീകരിക്കും. 

ജൂലൈ 5ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലേയ്ക്കുള്ള നിര്‍ദേശങ്ങള്‍, സഹമന്ത്രിമാര്‍ക്ക് ചുമതലകള്‍ വീതിച്ചു നല്‍കല്‍, സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കല്‍, മന്ത്രിസഭയുടെ ഏകോപനം, എന്നിവയും സമ്പൂര്‍ണമന്ത്രിസഭായോഗത്തിന്‍റെ അജന്‍ഡയിലുണ്ട്. പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 22 എം.പിമാരുള്ള ൈവ.എസ്.ആര്‍. കോണ്‍ഗ്രസിന് ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ തയ്യാറാണെന്ന് ജഗന്‍മോഹന്‍ റെഡ്ഡിയെ ബിജെപി അറിയിച്ചു കഴിഞ്ഞു. ബിജെപിയോട് പരസ്യമായി അടുക്കുന്നത് ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമോയെന്ന് ആശങ്കയുള്ളതിനാല്‍ ജഗന്‍ ബിജെപിയുടെ വാഗ്ദാനത്തിനോട് പ്രതികരിച്ചിട്ടില്ല.

MORE IN INDIA
SHOW MORE
Loading...
Loading...