‘അവര്‍ ഞങ്ങളുടെ അടുത്തെത്തിയിരിക്കുന്നു’; വിലങ്ങ് പ്രതീക്ഷിച്ച് മാധ്യമപ്രവര്‍ത്തകര്‍

media-freedom-nisha
SHARE

‘അവര്‍ ഞങ്ങളുടെ അടുത്തെത്തിയിരിക്കുന്നു..’ റഷ്യന്‍ ഓണ്‍ലൈന്‍ മാധ്യമമമായ മീഡിയാസോണയുടെ തലക്കെട്ടാണിത്. വ്ലാഡിമിര്‍  പുടിന്‍റെ റഷ്യയില്‍ ക്രെംലിന്‍റെ കൈപ്പിടിയിലൊതുങ്ങാത്ത അപൂര്‍വം മാധ്യമങ്ങളില്‍ ഒന്നാണ് മീഡിയാസോണ. ചുരുക്കം പ്രാദേശിക ഭാഷാ മാധ്യമങ്ങള്‍ മാത്രമാണ് വ്ലാഡിമിര്‍ പുടിന് മുന്നില്‍ ഇനിയും മുട്ടുമടക്കാത്തത്. 

മെഡുസ ഓണ്‍ലൈന്‍ മീഡിയയുടെ അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ ഐവന്‍ ഗോലുനോവിന്‍റെ അറസ്റ്റിനെക്കുറിച്ചാണ് മീഡിയോസോണയുടെ തലക്കെട്ട്. മധ്യമോസ്കോയിലെ തെരുവിലൂടെ നടന്നു പോകുമ്പോഴായിരുന്നു ഗോലുനോവിനെ റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷകനെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാന്‍ സമ്മതിക്കാതെ മാധ്യമപ്രവര്‍ത്തകനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തു. വിവസ്ത്രനാക്കി പരിശോധിച്ചു. ബാഗ് പരിശോധിച്ചപ്പോഴാണ്  ഗോലുനോവ് ശരിക്കും ഞെട്ടിയത്. താന്‍ തോളില്‍ തൂക്കിയിരുന്ന ബാഗിനുള്ളില്‍ നിന്ന് ഒരു ചെറിയ പൊതി പൊലീസ് പുറത്തെടുക്കുന്നു. അതിനുള്ളില്‍ ലഹരിവസ്തുവും. രേഖകളില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗോലുനോവിനെ വലിച്ചിഴച്ച് അഴിക്കുള്ളിലാക്കി പൊലീസ്.

kremlin-palace-russia

2014ല്‍ റഷ്യയിലെ സ്വതന്ത്ര ചിന്താഗതിക്കാരായ മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് തുടങ്ങിയതാണ് മെഡുസ ഓണ്‍ലൈന്‍. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് മേല്‍ ക്രെംലിന്‍ ഉയര്‍ത്തുന്ന ഭീഷണി മൂലം അയല്‍രാജ്യമായ ലാത്വിയയിലാണ് പ്രധാന ഓഫീസ്. മെഡുസയുടെ മോസ്കോയിലെ അന്വേഷണാത്മക റിപ്പോര്‍ട്ടര്‍മാരില്‍ പ്രമുഖനാണ് ഗോലുനോവ്. റഷ്യയിലെ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടര്‍.  റഷ്യന്‍  ഫെഡറല്‍ സെക്യുരിറ്റി സര്‍വീസും ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള അവിഹിത ഇടപാടുകളും അഴിമതിയുമായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ അന്വേഷണവിഷയം. അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഗോലുനോവിനെ അഴിക്കുള്ളില്‍ ആക്കി റഷ്യന്‍ ഭരണകൂടം. 

‘അല്‍പജനാധിപത്യ’രാജ്യങ്ങളിലെല്ലാമുള്ള മാധ്യമപ്രവര്‍ത്തകരിലേക്ക് അവര്‍, ഭരണക്കാര്‍, ഇത്തരത്തില്‍ എത്തുന്നകാലം വിദൂരമല്ല. ഒരിക്കലും അവരുടെ ലക്ഷ്യം  മുട്ടുമടക്കി വളഞ്ഞു നില്‍ക്കുന്ന മുഖ്യധാരാമാധ്യമങ്ങളാവില്ല. വളയാത്ത നട്ടെല്ലും മൂര്‍ച്ചയുള്ള വിമര്‍ശനങ്ങളുമായി മുന്നേറുന്ന പ്രാദേശിക ഭാഷാ മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളുമാവും. അവരെ കുടുക്കാന്‍ പലവഴികളില്‍ ഭരണക്കാര്‍ വലയുമായി കാത്തിരിക്കുന്നു. സമൂഹമാധ്യമങ്ങളിലെ നിര്‍ദോഷമായ ഒരു കമന്‍റാവാം, ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ച ഒരു ചോദ്യമാവാം അഴിക്കുള്ളിലേക്കുള്ള വഴി തുറക്കുന്നത്. അവരുടെ ഇഷ്ടംപോലെ നിയമത്തെ വ്യാഖ്യാനിച്ച് സ്വതന്ത്രമാധ്യമപ്രവര്‍ത്തകരെ ഭരണക്കാര്‍ അഴിക്കുള്ളിലാക്കും. 

അഭിപ്രായ സ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവുമെല്ലാം അവരുടെ കയ്യിലിരുന്ന് ജനാധിപത്യത്തെ നോക്കി പല്ലിളിക്കും. അവരുടെ കുഴലൂത്തുകാര്‍ ഇതേ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം നടത്തുന്ന വ്യക്തിഹത്യക്ക് നേരെ നിയമം കണ്ണടയ്ക്കും. 

തീവ്രവലതുപക്ഷത്തിനും ഏകാധിപതികള്‍ക്കും സ്വതന്ത്രമാധ്യമപ്രവര്‍ത്തകര്‍ എന്നും തലവേദനയാണ്. തീവ്രദേശീയതയും മതസ്പര്‍ധയും ആയുധങ്ങളാക്കി രാജ്യങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കത്തിനുള്ള ഏക വെല്ലുവിളി ഇക്കൂട്ടരാണ്. പ്രതിപക്ഷ കക്ഷികള്‍ ദുര്‍ബലര്‍. കോടതിയും പൊലീസും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെല്ലാം കൈപ്പിടിയിലൊതുങ്ങിയാലും പിടികൊടുക്കാത്തത് ഗോലുനോവിനെപ്പോലുള്ളവരാണ്.  ജനങ്ങളോട് സത്യം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നവര്‍. അവരെ എങനെയും നിശബ്ദരാക്കിയാല്‍ മാത്രമേ അല്‍പജനാധിപത്യത്തിന് പൂര്‍ണഏകാധിപത്യത്തിന്‍റെ സുഖങ്ങളിലേക്കെത്താന്‍ കഴിയൂ. 

ജനാധിപത്യത്തിലെ  നാലാം തൂണ് പാതി അവര്‍ അറുത്തിരിക്കുന്നു. ഭയന്നോടാന്‍ ഇനിയും തയാറല്ലാതെ,അല്‍പജനാധിപത്യത്തിനുള്ളില്‍ നിന്ന്  പൊരുതുന്നവരെത്തേടി 'അവര്‍ എപ്പോള്‍ വേണമെങ്കിലും എത്താം'. 

MORE IN INDIA
SHOW MORE
Loading...
Loading...