400-500 പേർ പാഞ്ഞടുത്തു; കൈ കൂപ്പി യാചിച്ചിട്ടും അവർ ഇടതുകണ്ണിലേക്ക് നിറയൊഴിച്ചു

kolkata-violence
SHARE

'അവർ 400-500 ആളുകളുണ്ടായിരുന്നു. ആദ്യമായിട്ടാണ് ഇത്തരമൊരു ദൃശ്യം കാണുന്നത്. അവർ ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു. പരിഭ്രാന്തിയിൽ താനും ഭർത്താവും വ്യത്യസ്ത ദിശയിലേക്കാണ് ഓടിയത്. ഞാൻ അയൽവാസിയുടെ വീട്ടിൽക്കയറി. ഭർത്താവ് ഒളിക്കാനിടം തിരയുന്നതും തൃണമൂൽ ആക്രമികൾ പിന്തുടരുന്നതും അവിടെനിന്ന് എനിക്കു കാണാമായിരുന്നു. പ്രദീപിനെ ആക്രമികൾ വളഞ്ഞു. വലിയൊരു മനുഷ്യനാണ് ഭർത്താവ്.  90 മിനിറ്റോളം ഓടിയിട്ടും രക്ഷയില്ലാതായപ്പോൾ ഒരു കുളത്തിലേക്കു ചാടി. കീഴടങ്ങാം എന്ന സൂചനയോടെ കൈകൾ മുകളിലേക്കുയർത്തി. പക്ഷേ, അക്രമികൾ അദ്ദേഹത്തിന്റെ ഇടതുകണ്ണിലേക്കു നിറയൊഴിച്ചു. ഭർത്താവ് മരിക്കുന്നതു നിസഹായയായി നോക്കിനിൽക്കേണ്ടി വന്നു. എന്റെ കൺമുന്നിൽവച്ച് അദ്ദേഹം പിടഞ്ഞു മരിച്ചു'– കഴിഞ്ഞദിവസം ബംഗാളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ പ്രദീപ് മണ്ഡലിന്റെ ഭാര്യ പത്മ മണ്ഡൽ കരച്ചിലടക്കാനാകാതെ പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പിനു ശേഷം ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട ബിജെപി – തൃണമൂൽ കോൺഗ്രസ് സംഘർഷം തുടരുകയാണ്. രാഷ്ട്രീയ ഏറ്റുമുട്ടലിൽ ഒറ്റ ദിവസം 4 പേരാണു കൊല്ലപ്പെട്ടത്. നോർത്ത് 24 പർഗനാസ് ജില്ലയിലെ സന്ദേശ്ഗലിയിൽ വെടിയേറ്റ് 3 ബിജെപി പ്രവർത്തകരും ഏറ്റുമുട്ടലിൽ ഒരു തൃണമൂൽ പ്രവർത്തകനുമാണു കൊല്ലപ്പെട്ടത്. ബിജെപി പ്രവർത്തകരായ സുകാന്ത മണ്ഡൽ, പ്രദീപ് മണ്ഡൽ, ശങ്കർ മണ്ഡൽ എന്നിവരും തൃണമൂൽ പ്രവർത്തകൻ ഖയൂം മുല്ലയുമാണു കൊല്ലപ്പെട്ടത്.

ഭർത്താവിന്റെ കൊലപാതകത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നു പത്മ മണ്ഡൽ ആരോപിച്ചു. തന്റെ കൺമുന്നിൽ ഭർത്താവ് വെടിയേറ്റു മരിക്കുന്നതു കാണേണ്ടി വന്നു. ഖയൂം മുല്ലയുടെയും ഷാജഹാൻ മുല്ലയുടെയും അക്രമിസംഘമാണു കൊലപാതകത്തിന് നേതൃത്വം നൽകിയത്.

ബിജെപിയുടെ പതാകകൾ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണു സംഘർഷത്തിന്റെ തുടക്കം. അഞ്ച് പ്രവർത്തകർ കൊല്ലപ്പെട്ടെന്നും ഒട്ടേറെ പേരെ കാണാനില്ലെന്നും ബിജെപി നേതാക്കൾ പറഞ്ഞു. ആറ് പ്രവർത്തകരെ കാണാനില്ലെന്നു തൃണമൂൽ കോൺഗ്രസ് നേതൃത്വവും അറിയിച്ചു. കാണാതായെന്ന് ആരോപിക്കപ്പെട്ടവർക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. സംഘർഷം വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന നിർദേശവുമായി കേന്ദ്രം രംഗത്തെത്തി.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...