മുട്ട പൊട്ടിക്കാൻ ചുറ്റിക; ജ്യൂസിന് കത്തി; സിയാച്ചിനിലെ സൈനിക ജീവിതം; വിഡിയോ

siachen-video-09
SHARE

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ നിന്നുള്ള സൈനികരുടെ വിഡിയോ ചർച്ചയാകുന്നു. തണുത്തുറഞ്ഞ ജ്യൂസ് പാക്കറ്റ് കത്തി കൊണ്ട് കുത്തിക്കീറുന്ന കാഴ്ച. കോഴിമുട്ട പൊട്ടിക്കുന്നത് ചുറ്റിക കൊണ്ടും മേശയിലേക്ക് വലിച്ചെറിഞ്ഞും മറ്റും. പച്ചക്കറികളുടെ അവസ്ഥയും ഇത് തന്നെ. ഇന്ത്യൻ സൈനികരാണ് അപൂർവ്വ വിഡിയോ പങ്കുവെച്ചത്. 

മൈനസ് 40 മുതൽ മൈനസ് 70 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ജീവിക്കുന്നത് അത്ര എളുപ്പമല്ലെന്ന വാക്കുകളോടെയാണ് സൈന്യം വിഡിയോ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ വിഡിയോ വൈറലായി.

രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ തുടക്കത്തിൽ, കല്ലു പോലെ കട്ടിയായിരിക്കുന്ന ജ്യൂസ് പായ്ക്കറ്റ് വളരെ കഷ്ടപ്പെട്ട് കത്തികൊണ്ടു കീറി പുറത്തെടുക്കുന്നത് കാണാം. മറ്റൊരു സൈനികൻ ചുറ്റിക കൊണ്ട് അടിച്ച് അതു പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയമായിരുന്നു ഫലം. തണുത്തുറഞ്ഞ ജ്യൂസ് ചൂടാക്കിയാൽ മാത്രമെ കുടിക്കാൻ സാധിക്കൂ. 

കോഴിമുട്ടയുടെയും പച്ചക്കറികളുടെയും അവസ്ഥയും വ്യത്യസ്തമല്ല. മുട്ട പൊട്ടിക്കാനായി മേശയിലേക്ക് വലിച്ചെറിയുന്നത് വിഡിയോയിൽ കാണാം. വിഡിയോക്ക് പിന്നാലെ സൈനികരെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. 

സമുദ്രനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലാണ് സിയാച്ചിൻ പട്ടാളക്യാംപ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുകൂടിയ യുദ്ധമേഖലയാണിത്. 

MORE IN INDIA
SHOW MORE
Loading...
Loading...