വീഴ്ചകള്‍ പലത്; മുന്നില്‍ വലിയ വെല്ലുവിളി; 11 ഇന കര്‍മപരിപാടി തയാറാക്കി സിപിഎം

cpm-pinarayi-karat-yechuri
SHARE

ശബരിമല വിഷയത്തില്‍ നഷ്ടമായ വിശ്വാസികളുടെ വോട്ട് തിരിച്ചു പിടിക്കാന്‍ കേരളഘടകത്തിന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം. സിപിഎം അനുഭാവികളുടെ വോട്ട് കേരളത്തിലും നഷ്ടമായെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാന്‍ പതിനൊന്ന് ഇന കര്‍മപരിപാടിക്ക് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി. സംഘടനയെ ശക്തിപ്പെടുത്താന്‍ തയ്യറാക്കിയ കൊല്‍ക്കത്ത പ്ലീന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച്ച പറ്റിയതായും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ല. എന്നാല്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിശ്വാസികളെ ബോധ്യപ്പെടുത്തി ഒപ്പം നിര്‍ത്തണം. ശബരിമല വിഷയത്തില്‍ നഷ്ടമായ വോട്ടുകള്‍ തിരിച്ചുപിടിക്കണം. അത് എങ്ങിനെ വേണമെന്ന് സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാമെന്നും കേന്ദ്ര കമ്മറ്റി നിര്‍ദേശിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുണ്ടായ ധ്രുവീകരണം അതിജീവിക്കുകയെന്നത് കേരളത്തില്‍ വെല്ലുവിളിയാണ്. സംഘടന ശക്തിപ്പെടുത്താന്‍ തയ്യാറാക്കിയ കൊല്‍ക്കത്ത പ്ലീന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചതായും കേന്ദ്ര കമ്മറ്റി വിലയിരുത്തി. പ്ലീന തീരുമാനങ്ങളില്‍ ഏതൊക്കെ നടപ്പാക്കിയെന്നും ഇല്ലെന്നും മൂന്ന് മാസത്തിനകം സംസ്ഥാന ഘടകങ്ങള്‍ റിപ്പോര്‍ട്ട് നല്‍കണം. റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയശേഷം വിപുല കേന്ദ്ര കമ്മിറ്റിയോ, പ്ലീനമോ വിളിച്ചു ചേര്‍ക്കും. 

ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി മറികടക്കാനും ജനകീയ അടിത്തറ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് 11 ഇന കര്‍മ പരിപാടി. പാര്‍ട്ടിയില്‍ നിന്ന് വഴിമാറിയ വോട്ടര്‍മാരെ തിരിച്ചുകൊണ്ടുവരും. സംഘടന ദൗര്‍ബല്യം മറികടക്കും. വര്‍ഗ ബഹുജന സംഘടനകളുടെ കരുത്ത് കൂട്ടി ബഹുജന മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കും. ഇടത് െഎക്യം ശക്തിപ്പെടുത്തും. ബിജെപിക്കെതിരെ മതേതര കൂട്ടായ്മ ബലപ്പെടുത്തും എന്നിവയാണ് കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

കോണ്‍ഗ്രസ് സഹകരണത്തെച്ചൊല്ലി കേന്ദ്ര കമ്മറ്റിയില്‍ അഭിപ്രായഭിന്നതകളുണ്ടായെങ്കിലും തല്‍ക്കാലം പാര്‍ലമെന്‍റില്‍ ഒന്നിച്ച് നിന്ന് ഭരണപക്ഷത്തെ നേരിടും. ബാക്കി പിന്നീട്. കോയമ്പത്തൂര്‍ എം.പി പി.ആര്‍ നടരാജന്‍ ലോക്സഭാ കക്ഷി നേതാവാകാനാണ് സാധ്യത. 

MORE IN KERALA
SHOW MORE
Loading...
Loading...