ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സുധാകര്‍ റെഡ്ഡി; പകരം പട്ടികയിൽ ഇവർ

cpi-general-sec-table
SHARE

സിപിെഎ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സന്നദ്ധതയറിയിച്ച് സുധാകര്‍ റെഡ്ഡി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പദവിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് സുധാകര്‍ റെഡ്ഡി സിപിെഎ കേന്ദ്ര സെക്രട്ടേറിയറ്റിനെ അറിയിച്ചു. സിപിെഎ ദേശീയ കൗണ്‍സില്‍ അടുത്തമാസം ചേര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും.

സിപിെഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം തികയ്ക്കാന്‍ രണ്ടു വര്‍ഷം അവശേഷിക്കെയാണ് സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിയാന്‍ ഒരുങ്ങുന്നത്. 2012 മാര്‍ച്ച് 31നാണ് സുധാകര്‍ റെഡ്ഡി ചുമതലയേറ്റത്. 2021 ഏപ്രില്‍വരെ കാലാവധിയുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇത് മൂന്നാമൂഴം.

ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പദവിയൊഴിയാന്‍ സുധാകര്‍ റെഡ്ഡി താല്‍പര്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്‍റെയും താല്‍പ്പര്യം. 

സിപിെഎ നേതൃയോഗങ്ങള്‍ അടുത്തമാസം 19, 20, 21 തീയതികളില്‍ ചേരും. അടുത്ത ജനറല്‍സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഡി രാജ, അതുല്‍ കുമാര്‍ അഞ്ജാന്‍, അമര്‍ജീത് കൗര്‍, ബിനോയ് വിശ്വം, കെ നാരായണ എന്നിവരുടെ പേരുകള്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കനം രാജേന്ദ്രന്‍റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

എ.ബി ബര്‍ദന്‍റെ പിന്‍ഗാമിയായിട്ടാണ് സുധാകര്‍ റെഡ്ഡി പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയടക്കം ഏറെ പ്രതിസന്ധികള്‍ക്ക് നടുവിലാണ് സിപിെഎ. 

MORE IN INDIA
SHOW MORE