മഴയും കാറ്റും വഴി മാറ്റി; കുടുംബത്തിലെ 5 പേരുടെ ജീവൻ പൊലിഞ്ഞു

car-accident-bengaluru
SHARE

മഴയുടെയും കാറ്റിന്റെയും രൂപത്തിലെത്തിയ മരണം ഒരു കുടുംബത്തലെ 5 പേരുടെ ജീവനെടുത്തു. ദേവനഹള്ളി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ആർടിനഗറിലേക്ക് വരികയായിരുന്ന കാറിൽ നിയന്ത്രണം വിട്ട് ആംബുലൻസ് ഇടിച്ചുകയറിയതിനെ തുടർന്നാണു ദുരന്തം. അപകടം നടന്നത് പുലർച്ചെ 2.30ന്. കൊൽക്കത്ത സ്വദേശികളായ ജയതി ചൗധരി (68) മക്കളായ സുജയ ചൗധരി (46), സ്വാഗത ചൗധരി (41) സ്വാഗതയുടെ ഭർത്താവ് ദീപാങ്കർ ഡേ (44), മകൻ ധ്രുവ് ഡേ (14) എന്നിവരാണ് മരിച്ചത്.

ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ചാലക്കുടി സ്വദേശി മനോജ് ടി.നായരുടെ ഭാര്യയാണ് സുജയ . ആർടി നഗർ നാരായണപ്പ ബ്ലോക്കിൽ താമസിക്കുന്ന അമ്മയെയും സഹോദരിയെയും കാണാനായി ബെംഗളൂരുവിലെത്തിയ സുജയ ഇന്നലെ രാത്രിയോടെ ചെന്നൈയിലേക്കു മടങ്ങേണ്ടതായിരുന്നു. വിമാനത്താവളത്തിൽ എത്തിയെങ്കിലും കനത്ത മഴയും കാറ്റും മൂലം വിമാനം റദ്ദാക്കി. രാവിലെയുള്ള മറ്റൊരു വിമാനത്തിൽ ടിക്കറ്റ് മാറ്റി നൽകിയതോടെ വിമാനത്താവളത്തിൽ നിന്ന് ആർടി നഗറിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട് ആംബുലൻസ് ഡിവൈഡർ കടന്ന് എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നെന്നു കേസെടുത്ത യെലഹങ്ക പൊലീസ് പറഞ്ഞു. കാർ പൂർണമായും തകർന്നു. എംഎസ് രാമയ്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു.

MORE IN INDIA
SHOW MORE