പൊലീസുകാരനെ സല്ല്യൂട്ട് ചെയ്ത് കന്നി എംപി; പിന്നിലെ ഉൗഷ്മള കഥ; അഭിമാനം

andhra-mp-police-pic
SHARE

ഒരു എംപി എന്തിനാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സല്ല്യൂട്ട് ചെയ്യുന്നത്? സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഇൗ ചിത്രത്തിനും ചോദ്യത്തിനും പിന്നിൽ കൗതുകമുള്ള ഒരു കഥയുണ്ട്. സാധാരണയായി പൊലീസ് ഉദ്യോഗസ്ഥനാണ് എംപിക്ക് സല്യൂട്ട് നൽകേണ്ടത്. എന്നാൽ ഇവിടെ പൊലീസുകാരനെ കണ്ടയുടനെ എംപിയാണ് ആദ്യം സല്ല്യൂട്ട് നൽകിയത്.  ആന്ധ്രാപ്രദേശിലെ ആനന്ദാപൂര്‍ ജില്ലയിലെ ഹിന്ദുപുരില്‍ നിന്നും എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ഗൊരാന്ദ്‍ല മാധവാണ് ഇൗ ചിത്രത്തിലെ ഹീറോ.

ടിഡിപിയുടെ കുത്തക മണ്ഡലത്തിൽ സിറ്റിങ് എംപിയായ കൃസ്തപ്പ നിമ്മലയെ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വൈ.എസ്.ആര്‍.സി.പിക്ക് വേണ്ടി മൽസരിച്ച മാധവ് തോൽപ്പിച്ചത്. മുന്‍ സര്‍ക്കിള്‍ ഇന്‍സ്‍പെക്ടറായ മാധവ് ജോലി രാജി വച്ചാണ് തിരഞ്ഞെടുപ്പിന് നേരിട്ടത്. കാക്കി വേഷത്തിലായിരുന്നെങ്കിലും  ജനകീയനായിരുന്നു ഇൗ ഉദ്യോഗസ്ഥൻ. ഇതോടെയാണ് ജോലി മതിയാക്കി രാഷ്ട്രീയത്തിലിറങ്ങിയത്. വോട്ടെണ്ണല്‍ ദിവസം വമ്പൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ച് കൗണ്ടിങ് സ്റ്റേഷനിൽ നിന്നിറങ്ങുമ്പോഴാണ് പൊലീസിൽ തന്റെ മുന്‍ മേധാവികളില്‍ ഒരാളായ ഡി.വൈ.എസ്.പി മഹ്ബൂബ് ബാഷയെ കണ്ടത്. ഡി.വൈ.എസ്.പിയെ കണ്ടമാത്രയിൽ തന്നെ മാധവ് ഒരു ഗംഭീര സല്ല്യൂട്ട് നൽകി. അമ്പരന്ന ഡി.വൈ.എസ്.പിയും കൊടുത്തു തികഞ്ഞ ആദരവോടെ തിരികെ സല്ലൂട്ട്.

ഇൗ ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വന്ന വഴി മറക്കാത്തെ ഇൗ എംപിക്ക് ജനകീയത ഏറുകയാണ്. ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് മാധവ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. മാധവിന്റെ രാജി ആദ്യം പൊലീസ് സേന  സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഇടപെട്ടാണ് മാധവിന് മൽസരിക്കാൻ അവസരമൊരുക്കിയത്. 

MORE IN INDIA
SHOW MORE