മോദി ആദ്യം ജയിച്ചത് സോഷ്യല്‍ മീഡിയയില്‍; ടിക്ടോക്കും തുണച്ചു: കൃത്യം പദ്ധതി

tiktok-modi
SHARE

സമൂഹമാധ്യമങ്ങളാണ് 2014 മുതൽ ബിജെപിയുടെ മുഖ്യപ്രചരണായുധം. ആ ബ്രഹ്മാസ്ത്രം ഇക്കുറിയും കൃത്യമായി തന്നെ എയ്തു. ഫെയ്സ്ബുക്കും ട്വിറ്ററും വാട്സ്ആപ്പും മാത്രമല്ല, ഏറ്റവുമൊടുവിലിറങ്ങി വൈറലായ ടിക്ടോക്ക് വരെ പാർട്ടി പ്രചാരണത്തിനായി ഉപയോഗിച്ചു. വിദഗ്ധരുടെ ഉപദേശപ്രകാരം കൃത്യമായി ആസൂത്രണം ചെയ്ത സോഷ്യല്‍ മീഡിയ സ്ട്രാറ്റജി ആയിരുന്നു ബിജെപിയുടേത്. 

മോദിയെ വാഴ്ത്തുന്ന നിരവധി വിഡിയോകളാണ് പ്രചരണകാലത്ത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. രാഹുലിൻറെ ചൗക്കീദാർ പ്രയോഗം അവിടെയും കോൺഗ്രസിനെ തിരിഞ്ഞുകൊത്തി. ടിക്ക്ടോക്ക് ലോകത്ത് ചൗക്കീദാർ എന്ന വാക്ക് സെൻസേഷൻ തന്നെയായി മാറി. തൊണ്ണൂറുകളിലെ ഗാനങ്ങൾ പലതും വരികൾ മാറ്റി ചൗക്കീദാർ പാട്ടുകളായി. 'മോദി സർക്കാർ സിന്ദാബാദ്', 'ജീതേഗാ ഭായ് ജീതേഗാ, മോദി സർക്കാർ ജീതേഗാ' മുദ്രാവാക്യങ്ങൾ ടിക്ടോക്കിൽ മുഴങ്ങി. ഹിന്ദിയിൽ മാത്രമല്ല, പ്രാദേശിക ഭാഷകളിലും മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ടിക്ടോക്ക് വിഡിയോകൾ ഇറങ്ങിയിരുന്നു. 

2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും പലിയ പ്രചാരണ പ്ലാറ്റ്ഫോം ആയിരുന്നു നവമാധ്യമങ്ങൾ. 'ഇന്ത്യയിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ തിരഞ്ഞെടുപ്പ്' എന്നുപോലും മാധ്യമങ്ങൾ ആ വട്ടത്തെ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചു. ആക്ടീവ് ആയ ഒരു യൂട്യൂബ് ചാനലും ഫെയ്സ്ബുക്ക്, ട്വിറ്റർ പേജുകളും ആപ്പുകളും അത് സമര്‍ഥമായി വിനിയോഗിക്കാനും തന്ത്രങ്ങൾ മെനയാനും ആളുകളുമുണ്ടെങ്കിൽ അതൊരു പോരാട്ടഭൂമിയാക്കാമെന്ന് അന്നേ ബിജെപി പഠിച്ചിരുന്നു. 2012 ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ബറാക് ഒബാമ സമർഥമായി ഉപയോഗപ്പെടുത്തിയ 'തണ്ടർ ക്ലാപ്' എന്ന വൈറൽ സ്ട്രാറ്റജിയിൽ നിന്നും പാർട്ടി പ്രചോദമുൾക്കൊണ്ടിരുന്നു. ഇത്തവണയും ആ മാർഗം അതിസമർഥമായി ബിജെപി പയറ്റി. 

ഇക്കാര്യത്തിൽ അന്ന് കോൺഗ്രസ് നന്നേ പിറകിലായിരുന്നെങ്കിലും ഇത്തവണ കാര്യങ്ങൾക്ക് അൽപം വ്യത്യസമുണ്ടായി. പരമ്പരാഗത മാധ്യമങ്ങൾക്കു പുറമേ ഡിജിറ്റൽ മാധ്യമങ്ങള്‍ക്കു വരെ രാഹുൽ അഭിമുഖം നൽകിത്തുടങ്ങി. പക്ഷേ അത് ബിജെപിയുടെ അത്ര കാര്യക്ഷമമായി ഉപയോഗിക്കാൻ പാർട്ടിക്കായില്ല. പ്രിയങ്ക ഗാന്ധി പോലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമാണ് ഒദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചത്. 

ലക്ഷ്യം യുവാക്കൾ; വിദഗ്ധർ കൂട്ടിന്

കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. (15 ശതമാനമായിരുന്നത് 34 ശതമാനമാനത്തിലെത്തി). ഇന്ത്യയിലെ ആക്ടീവ് ഇൻറർനെറ്റ് ഉപഭോക്താക്കളിൽ‌ കൂടുതലും യുവജനങ്ങളാണ്. സോഷ്യൽ മീഡിയ വിദഗ്ധരുടെ സഹായത്തോടെയാണ് ഓരോ വിഭാഗത്തിനും വേണ്ടിയുള്ള സോഷ്യൽ മീഡിയ സ്ട്രാറ്റജി മെനഞ്ഞിരുന്നത്. ഹാഷ്ടാഗുകൾ, ഓൺലൈൻ വിഡിയോകൾ, വാട്സ്ആപ്പ് അപ്ഡേറ്റുകൾ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയെല്ലാം ഇവർ സൈബർ ലോകത്ത് ചര്‍ച്ചകൾ സജീവമാക്കി. 

MORE IN INDIA
SHOW MORE