തോല്‍വിയില്‍ അടി പതറി കോണ്‍ഗ്രസ്; നിര്‍ണായക ആലോചന നാളെ; ആകാംക്ഷ

congress-meet
SHARE

ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ. യോഗത്തില്‍ രാഹുല്‍ഗാന്ധി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ചേക്കുമെന്നാണ് സൂചന. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്‍ക്കാന്‍ തയാറാണെന്ന് രാഹുലിനെ അറിയിച്ചിട്ടുള്ള യു.പി പിസിസി അധ്യക്ഷന്‍ രാജ്ബബ്ബറിന്റെ കാര്യവും സമിതി ചര്‍ച്ച ചെയ്യും. 

   തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം പുറത്തുവരുമ്പോള്‍ 14 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലും പാര്‍ട്ടി നാമാവശേഷം. ഭരണം തിരിച്ചുപിടിച്ച് ആറുമാസം തികയുന്നതിന് മുന്‍പ് രാജസ്ഥാനില്‍ പോലും സംപൂജ്യര്‍. പ്രതിപക്ഷനേതൃ സ്ഥാനത്തിന് ആവശ്യമായ 54 സീറ്റിന്റെ തൊട്ടടുത്ത് 52ല്‍ തകര്‍ച്ച.  ഗാന്ധി കുടുംബത്തിന്റെ തട്ടകമായ അമേഠിയില്‍ രാഹുലിന്റെ വന്‍വീഴ്ച. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. 

തോല്‍വിയുടെ കാരണങ്ങളും പിഴവുകളും യോഗം വിലയിരുത്തും. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചേക്കും. എന്നാല്‍, രാജിക്കാര്യം പരിഗണിക്കുകയേ ഇല്ലെന്ന നിലപാടിലാണ് സോണിയാഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. ഇതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്റെ സിറ്റിങ് മണ്ഡലത്തില്‍ അടക്കം തോറ്റ സാഹചര്യത്തില്‍ രാജിവയ്‍ക്കാന്‍ തയാറാണെന്ന് അറിയിച്ച് യു.പി പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇതും ചര്‍ച്ചയാകും. തോല്‍വിയുടെ കാരണങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിച്ചേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

MORE IN INDIA
SHOW MORE