ആടിയുലയുന്ന മുൻവിധിയോ..? എങ്കില്‍ ഈ രാത്രി പിന്നിട്ടാല്‍ ഈ ഏഴ് കിങ്മേക്കര്‍മാര്‍

kingmakers
SHARE

എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത് നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നാണ്. എന്നാൽ ഈ എക്സിറ്റ് പോളുകൾക്കപ്പുറം രാഷ്ട്രത്തിന്റെ വിധി നിർണയിക്കുന്നത്, ഏഴ് കിങ്മേക്കേഴ്സാണ്. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ പ്രാദേശിക നേതാക്കന്മാരാണാ് ഇവർ. ആടിയുലഞ്ഞ വിധി വന്നാല്‍ മോദി യുഗം വേണോ രാഹുൽ യുഗം വേണോയെന്ന് നിശ്ചയിക്കുന്നത് അവരുടെ തീരുമാനങ്ങളാണ്.

1. നവീൻ പട്നായിക്ക്

1997 ല്‍ പിതാവിന്‍റെ മണ്ഡലമായ അസ്കയില്‍ നിന്ന് മല്‍സരിച്ചു ജയിച്ചു. കേന്ദ്രമന്ത്രിയായി.  ജനതാദള്‍ പിളര്‍ന്നപ്പോള്‍ പിതാവിന്‍റെ പേരില്‍ ബിജു ജനതാദള്‍ സ്ഥാപിച്ചു. 1998 ല്‍ വാജ്പേയി മന്ത്രിസഭയില്‍ വീണ്ടും കേന്ദ്രമന്ത്രിയായി.  2000ലും  ബിജെപിയുമായി ചേര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിച്ചു. 2000ല്‍ ഒഡീഷ മുഖ്യമന്ത്രിയായി ജൈത്രയാത്ര തുടങ്ങി. 2004ല്‍ ബിജെപിയുടെ പങ്കാളിത്തത്തോടെ വീണ്ടും വിജയം, മുഖ്യമന്ത്രിപദം. ബിജെപിയുമായുള്ള ബന്ധം അധികം നീണ്ടില്ല . ക്രിസ്ത്യന്‍ വിരുദ്ധ വര്‍ഗീയകലാപങ്ങളെ തുടര്‍ന്ന് 2007ല്‍ അത് മുറിച്ചു..അപ്പോഴേക്കും ഒഡീഷയില്‍ നവീന് ഒറ്റയ്ക്ക് നിവര്‍ന്ന് നില്‍ക്കാമെന്ന സ്ഥിതിയായി. 2009 ലെ ലോക്സഭാ  തിരഞ്ഞെടുപ്പില്‍ ആകെയുള്ള 21 സീറ്റില്‍ 14 എണ്ണം ബിജെഡി സ്വന്തമാക്കി. നിയമസഭയിലെ 147 സീറ്റില്‍ 103 എണ്ണവും സ്വന്തമാക്കി. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മിന്നുന്ന ജയം. ആരെയുള്ള 21 സീറ്റില്‍ ഇരുപതും ബിജെഡിക്ക്. നിയമസഭയിലെ 103,  117 ആയി. രണ്ടുപതിറ്റാണ്ട് ഭരിച്ചിട്ടും നവീനെതിരെ ഒഡീഷയില്‍ ഇന്നും കാര്യമായ ഭരണവിരുദ്ധവികാരമില്ല. 

2. കല്‍വകുന്ദള ചന്ദ്രശേഖര്‍ റാവു

കോൺഗ്രസ്– ബിജെപി ഇതര ഭരണമെന്നുള്ളതാണ് കൽവകുന്ദള ചന്ദ്രശേഖർ റാവു എന്ന കെസിആറിന്റെ എക്കാലത്തെയും ചിന്ത. അതുകൊണ്ടുതന്നെ തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമതി നേട്ടമുണ്ടാക്കിയാൽ ഏത് പക്ഷത്താകുമെന്നുള്ളതാണ് രാജ്യം ഒറ്റുനോക്കുന്ന വിഷയം.  പ്രാദേശീക രാഷ്ട്രീയവികാരം ആളിക്കത്തിച്ച് അധികാരത്തിലേക്കെത്തിയ നേതാവാണ്  കെസിആർ. 17 സീറ്റുകളിൽ 10 ഉം കഴിഞ്ഞ തിരഞ്ഞെടുപ്പിന് നേടിയ തെലങ്കാന രാഷ്ട്രീയ സമിതി. ഇത്തവണ 13 സീറ്റ് നേടുമെന്ന പ്രതീക്ഷയിലാണ്. 

3. ജഗന്‍ മോഹന്‍ റെഡ്ഡി

ആന്ധ്രയിലെ ആളികത്തുന്ന കർഷകരോഷം തന്നെയാണ് ജഗൻമോഹൻ റെഡ്ഡിയുടെ പ്രചരണായുധം.  ഭരണം നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കര്‍ഷകരോഷം തിരിച്ചടിയാകുമോ എന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്. അതേസമയം ആന്ധ്രയ്ക്ക് പ്രത്യക പദവിയെന്ന ഉറപ്പുനല്‍കിയാണ് പ്രതിപക്ഷ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രചാരണം.

തെലുങ്ക് ദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മില്‍ കനത്ത പോരാട്ടമാണ് ആന്ധ്രയില്‍ നടക്കുന്നത്. കാര്‍ഷിക പ്രശ്നങ്ങളാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് 670 കോടി രൂപ 67 ലക്ഷം കര്‍ഷകര്‍ക്കായി ചന്ദ്രബാബു നായിഡു നല്‍കിയെങ്കിലും കര്‍ഷക രോഷം തണുത്തിട്ടില്ല. സംസ്ഥാന ഭരണത്തിന്‍റെ എല്ലാ തലങ്ങളിലും ഇടപെട്ട് ജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കുന്നതിനുള്ള ആര്‍.ടി.ജി.എസ് പദ്ധതി നടപ്പിലാക്കിയതിലൂടെ ജനപ്രീതിയേറും എന്നാണ് ടിഡിപി കണക്കുകൂട്ടുന്നത്. 

വികസപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാത്തത് പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. കാര്‍ഷകരുടെയടക്കം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ആന്ധ്രയ്ക്ക് പ്രത്യേക പദവി നേടിത്തരുമെന്നുമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഗ്ദാനം.  ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉറപ്പെന്ന് വാഗ്ദാനം നൽകിക്കൊണ്ട് കോൺഗ്രസും ബിജെപിയും ജഗൻമോഹൻ റെഡ്ഡിയെ ഒപ്പം നിറുത്താൻ ശ്രമിക്കുന്നുണ്ട്. ആർക്കൊപ്പമാകും വൈ.എസ്.ആർ കോൺഗ്രസ് നിലകൊള്ളുകയെന്ന് ഒരു പകലിനിപ്പുറം അറിയാം. 

4. മമത ബാനർജി

ബിജെപിയേയും കോൺഗ്രസിനെയും ഒരേപോലെ അകറ്റി നിറുത്തുന്ന നേതാവാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്നാലും ബിജെപിയോടുള്ള അകലം കോണ്‍ഗ്രസിനോട് ഇല്ല. ഒരു പതിറ്റാണ്ടായി ബിജെപിക്കെതിരെ ശക്തമായി നിലകൊള്ളുന്ന പാർട്ടിയാണ് മമതയുടെ തൃണമുൽ കോൺഗ്രസ്. 1998ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും വിഭജിച്ചാണ് തൃണമുൽ കോൺഗ്രസ് രൂപീകൃതമാകുന്നത്. അന്നുമുതൽ ബിജെപിക്കെതിരെ കോൺഗ്രസ് കഴിഞ്ഞാലുള്ള ശക്തമായ എതിരാളികളാണ് തൃണമുൽ കോൺഗ്രസ്. 16–ാം ലോകസഭയിൽ 33 തൃണമുൽ കോൺഗ്രസ് അംഗങ്ങളാണുണ്ടായിരുന്നത്. പശ്ചിമ ബംഗാളിൽ മമതയുടെ ശക്തമായ ഭരണകേന്ദ്രമായതിനാൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ കോൺഗ്രസിനും സാധിച്ചിട്ടില്ല. 

5. മായാവതി

"ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ അത്ഭുതമാണ് മായാവതി". മുൻ പ്രധാനമന്ത്രി നരസിംഹ റാവുവാണ് മായാവതിയെ ഇങ്ങനെ വിശേഷിപ്പിച്ചത്. വിലപേശൽ രാഷ്ട്രീയത്തിൽ മായാവതിയെ മറികടക്കാൻ മറ്റാർക്കുമാവില്ല. ബിജെപിയെ പ്രത്യക്ഷമായി കടന്നാക്രമിച്ചും കോൺഗ്രസിനോടുണ്ടായിരുന്ന സൗഹൃദം മുറിച്ചും മായാവതി കളം നിറഞ്ഞ് നിൽപ്പുണ്ട്. രാജ്യത്ത് മുഖ്യമന്ത്രിയാകുന്ന ആദ്യ ദളിത് വനിതയാണ് മായാവതി. 1995 ൽ അഞ്ചു മാസം യുപിയുടെ മുഖ്യമന്ത്രിയായത് ബിജെപിയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ആയിരുന്നു. 1997 ൽ വീണ്ടും ആറുമാസത്തേക്ക് മുഖ്യമന്ത്രി സ്ഥാനത്തെത്തി. 

ബിജെപിയുമായി ആറുമാസം വീതം മുഖ്യമന്ത്രിക്കസേര പങ്കിടാനായിരുന്നു ധാരണ. പക്ഷേ ആറുമാസം കഴിഞ്ഞപ്പോൾ മായാവതി പിന്തുണ പിൻവലിച്ചു. മൂന്നാം ഊഴം 2002ലായിരുന്നു. 2003ൽ വീണ്ടും ബിജെപി പിന്തുണയോടെ മായാവതി 16 മാസക്കാലം മുഖ്യമന്ത്രിയായി. 2007 ൽ ഒറ്റക്ക് ഭൂരിപക്ഷം നേടി മായാവതി വീണ്ടും മുഖ്യമന്ത്രിക്കസേരയിൽ എത്തി. അഞ്ച് വർഷം പൂർത്തിയാക്കിയ ആദ്യ യുപി മുഖ്യമന്ത്രിയായി അന്ന് മായാവതി പുതിയ ചരിത്രമെഴുതി. കൗശലക്കാരിയായ രാഷ്ട്രീയ നേതാവാണ് മായാവതി. നിർണ്ണായക സഖ്യങ്ങളുടെയും അപ്രതീക്ഷിതമായ പിന്മാറ്റങ്ങളുടെയും ചരിത്രം ബഹൻജിക്ക് സ്വന്തം. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിലും മായാവതിയുടെ വിലപേശൽ തന്ത്രം രാഷ്ട്രത്തിന്റെ ഭരണചരിത്രം തന്നെ മാറ്റാൻ ഉതകുന്നതാണ്. മായാവതിയുടെ ഏറ്റവും വലിയ അവസരവും അതാണ്, ദുർബലമായ സംഖ്യാബലമുള്ള ഒരു സഖ്യസർക്കാരിനുള്ള സാഹചര്യം. 

6. അഖിലേഷ് യാദവ്

സമാജ്‌വാദി പാർട്ടിയുടെ യുവനേതാവാണ് അഖിലേഷ് യാദവ്. കോൺഗ്രസിനോട് ബിജെപിയോടുള്ള വൈരമില്ലെങ്കിലും മായാവതിയുമായുള്ള മഹാസഖ്യം അഖിലേഷിന്റെ തീരുമാനത്തെ സ്വാധീനിക്കുക തന്നെ ചെയ്യും. 

കോൺഗ്രസിനെ മാറ്റിനിറുത്തിയുള്ള സഖ്യമാണ് മായാവതിയുടെ അഖിലേഷും പ്രഖ്യാപിച്ചത്. 2014 ല്‍ 41 സീറ്റുകളില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഈ രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് നേടിയിരുന്നു. 2017ലെ കണക്കെടുത്താൽ 57 സീറ്റിൽ കൂടുതൽ വോട്ട് ഇരുവരും ചേർന്ന് നേടി. 40 ശതമാനമുള്ള യാദവ, മുസ്ലിം, ദളിത് വോട്ടുബാങ്കുകളെ ഒന്നിച്ചു കൊണ്ടു വരാൻ സഖ്യത്തിന് കഴിയുമെന്നാണ് മായാവതിയുടെ അഖിലേഷിൻറെയും പ്രതീക്ഷ. കോണ്‍ഗ്രസ് കൂടി ചേര്‍ന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൽസരിച്ചത്. എന്നാല്‍ വേണ്ട ചലനമുണ്ടാക്കാന്‍ ഈ കൂട്ടുകെട്ടിന് ആയിരുന്നില്ല. അതേസമയം ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുകയും ചെയ്തിരുന്നു. 

7. എം.കെ.സ്റ്റാലിൻ

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആദ്യമായി ആവശ്യപ്പെട്ട നേതാവാണ് എം.കെ സ്റ്റാലിൻ. എങ്കിലും ആർക്കൊപ്പമായിരിക്കുമെന്നുള്ളത് ഫലപ്രഖ്യാപനം കഴിഞ്ഞാകാം എന്ന നിലപാടിലാണ് അദ്ദേഹം. 

ദ്രാവിഡമണ്ണില്‍ ഒരു യുഗം അവസാനിച്ചു. പുരട്ചി തലൈവിയും കലൈഞ്ജറുമില്ലാത്ത ആദ്യ തിരഞ്ഞെടുപ്പിനെ നേരിടുകയാണ് തമിഴകം. ജയലളിതയുടെ മരണത്തോടെ  ഒത്തിണക്കവും കെട്ടുറപ്പും നഷ്ടപ്പെട്ട അണ്ണാ ഡിഎംകെയും  എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തില്‍ കരുത്താര്‍ജിക്കുന്ന ഡിഎംകെയും തമ്മിലാണ് മല്‍സരം.

മൂന്നുഭാര്യമാരിലായി കരുണാനിധിക്ക് ആറുമക്കളുണ്ടായിരുന്നെങ്കിലും തമിഴ്നാട് രാഷ്ട്രീയത്തെ ദശകങ്ങളോളം ഉള്ളംകയ്യില്‍ സൂക്ഷിച്ച രാഷ്ട്രീയ ചാണക്യന്റെ പിന്ഗാമിയായാകാനുള്ള നിയോഗം ആ മകനായിരുന്നു.

അരനൂറ്റാണ്ടോളം പിതാവിന്‍റെ നിഴലായി നിന്ന മകന്‍ നേതാവ് എന്ന നിലയില്‍ സ്വയം തെളിയിക്കേണ്ട തിരഞ്ഞെടുപ്പാണിത്. പതിനാലാംവയസില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച സ്റ്റാലിന്‍ നീണ്ട അന്‍പതുവര്‍ഷങ്ങള്‍ക്കുശേഷമാണ് നേതൃസ്ഥാനത്തുനിന്ന് പാര്‍ട്ടിയെ നയിക്കുന്നത്. കരുണാനിധിയെപ്പോലെ ജനനായകന്‍ എന്ന പരിവേഷമൊന്നുമില്ലെങ്കിലും സ്റ്റാലിന്‍ തമിഴ്നാട്ടില്‍ കളം പിടിച്ചുകഴിഞ്ഞു.  കോണ്‍ഗ്രസ്– ബിജെപി ഇതരമുന്നണിക്ക് പിന്തുണ തേടിയ കെ. ചന്ദ്രശേഖര്‍ റാവുവിനെ ആദ്യം  കാണാന്‍ കൂട്ടാക്കാത്ത സ്റ്റാലിന്‍റെ നിലപാട് ദേശീയതലത്തില്‍ ചര്‍ച്ചാവിഷയമായിരുന്നു.

MORE IN INDIA
SHOW MORE