എന്‍ഡിഎക്ക് ഭൂരിപക്ഷമില്ലെങ്കിൽ കർണാടക മോഡൽ; പ്ലാന്‍ തയാറാക്കി കോൺഗ്രസ്

congress-govt-loksabha-22
SHARE

കേവലഭൂരിപക്ഷമില്ലെങ്കിൽ എൻ‍‍ഡിഎയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാനുള്ള നീക്കങ്ങൾക്ക് തടയിടാൻ കോൺഗ്രസും മറ്റ് പ്രതിപക്ഷപാർട്ടികളും. കർണാടക മോഡൽ ആവർത്തിച്ച് അധികാരം പങ്കിടാനുള്ള ചർച്ചകളും സജീവമാണ്. 

കഴിഞ്ഞയാഴ്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, അഹമ്മദ് പട്ടേൽ, അഭിഷേക് സിങ്‌വി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മാരത്തൺ ചർച്ചകൾ നടത്തിയിരുന്നു. എന്‍ഡിഎ ഇതര സർക്കാരിനെ, വിവിധ പ്രതിപക്ഷപാർട്ടികൾക്ക് എങ്ങനെ പിന്തുണക്കാം എന്നതുമായി ബന്ധപ്പെട്ട് നിയമവശങ്ങൾ ചർച്ച ചെയ്തശേഷം തീരുമാനമെടുത്തതായാണ് സൂചന. 

''തൂക്കസഭയെങ്കിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദുമായി എത്രയും പെട്ടെന്ന് ആശയവിനിമയം നടത്തും. എൻഡിഎക്ക് കേവലഭൂരിപക്ഷമില്ലെങ്കിൽ കർണാടക മോഡൽ ആവർത്തിച്ച് അധികാരം പങ്കിടും. അന്തിമ തീരുമാനം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമെടുക്കും''- മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

കർണാടകയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയാണ് സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത്. എന്നാല്‍ ജെഡിഎസിന് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് നിർണായകനീക്കത്തിലൂടെ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. 

അതേസമയം എക്സിറ്റ് പോള്‍‌ ഫലങ്ങള്‍ പുറത്തുവന്നതോടെ ഉറച്ച ആത്മവിശ്വാസത്തിലാണ് എൻഡിഎ. എന്‍ഡിഎ രണ്ടാം സർക്കാരിന്റെ രൂപരേഖയായി കണക്കാക്കേണ്ട പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ സുരക്ഷ, ദേശീയത, വികസനം എന്നീ ആശയങ്ങളിലൂന്നിയാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. എൻഡിഎയുടെ എല്ലാ പ്രധാന ഘടകകക്ഷികളും ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം ഭാവിപ്രവർത്തനങ്ങളെക്കുറിച്ചും പ്രമേയത്തിൽ പറയുന്നുണ്ട്. 

കേവലഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാരുണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. പതിന്നാലിൽ പന്ത്രണ്ട് ഫലങ്ങളും എൻഡിഎ 282 മുതല്‍ 365 സീറ്റുകൾ വരെ നേടുമെന്ന് പ്രവചിച്ചിട്ടുണ്ട്. 2022ഓടെ കർഷകരുടെ വരുമാനം രണ്ടിരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ചു.

MORE IN INDIA
SHOW MORE