അന്ന് കോണ്‍ഗ്രസിന്റെ 400; നാളെ ആര് 300 താണ്ടിയാലും ചരിത്രം‌‌; കരുനീക്കം ഇങ്ങനെ

election-mosi-rahul-con-bjp
SHARE

ശ്വാസമടക്കി, കണ്ണുകൾ തുറന്ന് ചെവി കൂർപ്പിച്ചു പിടിക്കുന്ന മണിക്കൂറുകളാണ്. ഇന്ത്യയുടെ വോട്ടുചരിത്രം കണ്ട ഏറ്റവും വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പികളില്‍ ഒന്നിന്‍റെ ഫലമറിയാന്‍, ആരു വാഴും ആരു വീഴുമെന്നറിയാൻ മണിക്കൂറുകളുടെ അകലം മാത്രം. എക്സിറ്റ് പോൾ ഫലങ്ങള്‍ ബിജെപിക്ക് നൽകിയ ഊർജവും ആവേശവും ചെറുതല്ല, എക്സിറ്റ് പോളുകൾ പലകുറി തെറ്റിയ ചരിത്രം മുൻപിലുണ്ടെങ്കിൽ പോലും. 

മുൻകാലതിരഞ്ഞെടുപ്പു ചിത്രങ്ങള്‍ പരിശോധിച്ചാൽ 300നു മുകളിൽ സീറ്റ് ഏതു പാർട്ടി നേടിയാലും അത് ചരിത്രമാകും. 1984 നു ശേഷം ഒരു പാർട്ടിയും 300 ലധികം സീറ്റ് നേടിയിട്ടില്ല. ഇന്ദിരാ ഗാന്ധിയുടെ മരണത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് 400 സീറ്റാണ്. 2014ൽ രണ്ടു സർവേകൾ മാത്രമാണ് എൻഡിഎക്ക് മുന്നൂറിലേറെ സീറ്റ് പ്രവചിച്ചിരുന്നത്. എന്നാൽ, ഇത്തവണ 6 സർവേകൾ എൻഡിഎക്കു മൂന്നൂറോ അതിലധികമോ സീറ്റുകൾ നൽകുന്നുണ്ട്. ഒറ്റക്ക് മുന്നൂറു കടക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് ശേഷം പാർട്ടി സ്വപ്നം കാണുന്നുണ്ട്. 

മൂന്നു സാധ്യതകളാണ് മുന്നിൽ. ഒന്നുകിൽ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. അല്ലെങ്കില്‍ കോൺഗ്രസ് നേതൃത്വം നല്‍കുന്ന തൂക്കുമന്ത്രിസഭ. അതുമല്ലെങ്കിൽ ബിജെപിയും മറ്റു പാർട്ടികളും ചേർന്ന എൻഡിഎ മുന്നണി മന്ത്രിസഭ. 

തിരക്കിട്ട അണിയറ നീക്കങ്ങൾ

എക്സിറ്റ് പോൾ ഫലങ്ങളിൽ മിക്കതും എൻഡിഎക്കു വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുമ്പോഴും പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിർത്താൻ യുപിഎ പക്ഷത്ത് ഊർജിത ശ്രമമാണ് നടന്നുവരുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പ്രതിപക്ഷ ഐക്യത്തിനു ചുക്കാന്‍ പിടിക്കുന്നവരിൽ പ്രധാനി.  ഇതിനിടെ, ടിആർഎസിനെയും (തെലങ്കാന) വൈഎസ്ആർസിപിയെയും (ആന്ധ്ര) യുപിഎ പക്ഷത്തേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കു സോണിയ ഗാന്ധി, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകൾ വന്നു. ഫെഡറൽ മുന്നണി രൂപീകരിക്കാനുള്ള താൽപര്യം ടിആർഎസ് നേതാവ് കെ.ചന്ദ്രശേഖരറാവു വ്യക്തമാക്കിയെങ്കിലും ബിജെപി ഇതര സർക്കാരുണ്ടാക്കാൻ കോൺഗ്രസിനെ പിന്തുണയ്ക്കണമെന്നു സ്റ്റാലിൻ അഭ്യർഥിച്ചെന്നാണു സൂചന. തിരഞ്ഞെടുപ്പിനു മുൻപു തന്നെ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചയാളാണ് സ്റ്റാലിൻ.

പ്രതിപക്ഷത്തു കഴിഞ്ഞ ഏതാനും മാസമായി ചർച്ചകൾക്കു മുൻകൈയെടുക്കുന്നതു ചന്ദ്രബാബു നായിഡുവാണ്. കോൺഗ്രസിന്റെയും ഇടതിന്റെയും നേതാക്കൾക്കു പുറമേ, മമത ബാനർജി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരുമായും നായിഡു കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു.

ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് നായിഡു ഇതേപോലെ എല്ലാ കക്ഷികളെയും ഒരുമിപ്പിച്ചു നിർത്താൻ ശ്രമിച്ചിരുന്നുവെന്നും അതിന്റെ ആവർത്തനം മാത്രമെന്നുമാണു ടിഡിപി വൃത്തങ്ങൾ പറയുന്നത്. ആന്ധ്രയിൽ ടിഡിപിക്കു കാര്യമായ നേട്ടം സാധിച്ചില്ലെങ്കിൽ നായിഡു പിന്നോട്ടു വലിയുന്ന സ്ഥിതിയുണ്ടാവാം.

ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിൽ സർക്കാരുണ്ടാക്കാൻ ആരെ ക്ഷണിക്കണമെന്നതു രാഷ്ട്രപതിക്കു വിവേചനാധികാരം പ്രയോഗിച്ചു തീരുമാനിക്കാനാവും. അത്തരമൊരു സാഹചര്യത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് ഒന്നിച്ചു നിൽക്കണമെന്ന കാര്യമാണു നായിഡു മറ്റു നേതാക്കളുമായി പ്രധാനമായും പങ്കുവച്ചത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇന്നലെത്തെ പ്രസ്താവനയും പ്രതിപക്ഷ ഐക്യത്തിലൂന്നിയുള്ളതാണ്.

എക്സിറ്റ് പോളുകൾ പുറത്തു വന്നതിനു പിന്നാലെ ബിജെപി ക്യാംപും വർധിത ആവേശത്തിലാണ്. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസവുമായാണ് ബിജെപി ഭരണത്തുടര്‍ച്ചയ്ക്കായുള്ള നീക്കങ്ങള്‍ നടത്തുന്നത്. കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന എല്ലാവരോടും നന്ദിയറിക്കാന്‍ ബിജെപി നീക്കങ്ങള്‍ നടത്തുന്നത്. കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന എല്ലാവരോടും നന്ദിയറിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി ആസ്ഥാനത്ത് യോഗം വിളിച്ചത്. എന്‍ഡിഎയിലേയ്ക്ക് പുതിയ പാര്‍ട്ടികളെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നതും. 

നിർണായകം ഉത്തർപ്രദേശ്

ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിലെ ജനവിധി എന്താകുമെന്ന കാര്യത്തിൽ എക്സിറ്റ് പോൾ സർവേകൾ വ്യത്യസ്തമായ ചിത്രമാണു നൽകുന്നത്. ടൈംസ്നൗ–വിഎംആർ സർവേ യുപിയിൽ 58 സീറ്റ് എൻഡിഎയ്ക്കു നൽകുമ്പോൾ എബിപിയുടെ പ്രവചനം 22 സീറ്റ് മാത്രം. 80 സീറ്റുള്ള യുപിയിൽ 2014ൽ 73 സീറ്റും എൻഡിഎ നേടിയിരുന്നു.യുപിഎയ്ക്ക് നേട്ടമുള്ളത് കേരളത്തിലും തമിഴ്നാട്ടിലും പഞ്ചാബിലും മാത്രമെന്നാണ് മിക്ക സർവേകളും വ്യക്തമാക്കുന്നത്. മാസങ്ങൾക്കു മുൻപു മാത്രം സംസ്ഥാനഭരണം നേടിയ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വലിയ തിരിച്ചടി നേരിടുമെന്നും ബിജെപി തൂത്തുവാരുമെന്നുമാണ് അനുമാനം.

MORE IN INDIA
SHOW MORE