ആന്‍റി 'മോദി' റെസിപ്പി എത്രകണ്ട് ഫലം ചെയ്യും? വിധിക്ക് മണിക്കൂറുകളുടെ അകലം; പ്രചാരണവഴി

rg-modi
SHARE

2018 ഡിസംബർ. ഉത്തർപ്രദേശിലെ താക്കൂർ ഗ്രാമം. മോദിസര്‍ക്കാർ വോട്ടർമാരെ വഞ്ചിച്ചുവെന്നാരോപിച്ച് ഗ്രാമവാസികൾ സംഘടിച്ചു. ഫലം തുടര്‍ന്നുവന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടി. 

2014 ല്‍ ബിജെപിക്ക് വോട്ട് ചെയ്ത കര്‍ഷകവിഭാഗവും അസ്വസ്ഥരായിരുന്നു. പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങള്‍, കൊലപാതകങ്ങൾ അതു വരുത്തിവെച്ച വിഭാഗീയത. എല്ലാം കാരണങ്ങളായിരുന്നു ഉത്തര്‍പ്രദേശിൽ. മറ്റു സംസ്ഥാനങ്ങളിൽ കുറഞ്ഞ വരുമാനവും നഷ്ടവുമൊക്കെ കർഷകരെ അസ്വസ്ഥരാക്കി. ഈ പശ്ചാത്തലങ്ങളുടെ നടുവിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്. 

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയം നൽകിയ ആത്മവിശ്വാസം ഉത്പ്രേരകമാക്കിയ കോൺഗ്രസ് അന്ന് വര്‍ധിത ആവേശത്തിലായിരുന്നു. ഉത്തർപ്രദേശിലെ എസ്പി-ബിഎസ്പി മഹാസഖ്യവും ബിജെപിയെ വിഷമത്തിലാക്കി. 

അസ്വസ്ഥരായ ബിജെപി പാളയത്തിൽ നിന്നുണ്ടായ ആദ്യത്തെ നീക്കം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള പ്രത്യേകപദ്ധതി ആയിരുന്നു. ഇടക്കാല ബജറ്റില്‍ കർഷകര്‍ക്കായി 6000 രൂപ ധനസഹായപ്രഖ്യാപനം. അങ്ങനെ വോട്ട് നോട്ടമിട്ടുള്ള ആദ്യനീക്കം. അപ്പോഴും പ്രചാരണത്തിൽ വൈകാരികത ഒട്ടുമില്ലെന്ന് ചിലരെങ്കിലും പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ബാലാക്കോട്ട് ആക്രമണവും വിങ്ങ് കമാന്‍ഡർ അഭിനന്ദനെ തട്ടിക്കൊണ്ടുപോകലുമൊക്കെ സംഭവിച്ചത്. ഇതോടെ ദേശീയതയും ദേശസ്നേഹവും വീണ്ടും സജീവചർച്ചാവിഷയമായി. പ്രധാനമന്ത്രിയടക്കം പ്രമുഖ നേതാക്കളെല്ലാം കൂടുതല്‍ സംസാരിച്ചത് പാക്കിസ്ഥാനെക്കുറിച്ച്. അഭിനന്ദനെ മോചിപ്പിച്ചത് ഇന്ത്യ ചെലുത്തിയ സമ്മർദതന്ത്രങ്ങളുടെ ഫലമാണെന്ന് ബിജെപി വാദിച്ചു. ശേഷം മോദിയെന്ന മുഖം, മോദിയെന്ന ഇമേജ് ഫലപ്രദമായി കളത്തിലറക്കിത്തുടങ്ങി. പ്രതിപക്ഷപാർട്ടികൾക്ക് മുന്നോട്ടുവെക്കാൻ ഒരു പ്രധാനമന്ത്രി സ്ഥാനാർഥി ഇല്ലെന്ന കാര്യം വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. 

‍വീണ്ടും പ്രചാരണം മുന്നോട്ടു പോയപ്പോൾ വ്യക്തികളിലൂന്നിയ പ്രചാരണത്തിനായി മുൻതൂക്കം. അത് രാഹുലിൽ തുടങ്ങി നെഹ്‍റുവില്‍ വരെയെത്തി. പലതും വിവാദവുമായി. വയനാട് മണ്ഡലത്തിലെ ന്യൂനപക്ഷസമുദായങ്ങളുടെ എണ്ണത്തെക്കുറിച്ച് എടുത്തു പറഞ്ഞും പ്രധാനമന്ത്രി വെട്ടിലായി. വര്‍ഗീയവിഷം ചീറ്റാന്‍ ഒരു മടിയുമില്ലാത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണുകിട്ടിയ ആയു‌ധമായിരുന്നു വയനാട്. മുസ്ലീം ലീഗിനെ വൈറസെന്നാണ് യോഗി വിശേഷിപ്പിച്ചത്. 

allience-1

മോദിയെ തുരത്താനുള്ള റെസിപ്പി കണ്ടെത്തിയെന്ന മട്ടിലായിരുന്നു കോൺഗ്രസ് പ്രചാരണങ്ങളുടെ തുടക്കം. തൊഴിലില്ലായ്മയും കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളുമാണ് മോദി ഭരണത്തിൻരെ പ്രധാനപോരായ്മയായി ആദ്യംമുതൽ ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇടക്കാല ബജറ്റിന് രണ്ടു ദിവസങ്ങൾക്കു ശേഷം ന്യായ് പ്രഖ്യാപനവുമായി രാഹുൽ എത്തി. ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ഉറപ്പുനല്‍കുന്ന മിനിമം വരുമാന പദ്ധതിയായ ന്യായ് പദ്ധതിയെ ദാരിദ്ര്യത്തിനെതിരെയുള്ള സർജിക്കല്‍ സ്ട്രൈക്ക് എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്.  ‌

റഫേല്‍ ആയിരുന്നു കോൺഗ്രസിന്‍റെ മറ്റൊരു പ്രധാന പ്രചരണായുധം. മോദിയെ ഉന്നം വെച്ച് രാഹുലിന്‍റെ വക 'ചൗക്കീദാർ ചോർ ഹേ' മുദ്രാവാക്യം തന്നെയിറങ്ങി. പലരും അതേറ്റുപിടിച്ചു. 

മതസംബന്ധിയായ ചർച്ചകളില്‍ നിന്ന് കോൺഗ്രസ് അകലം പാലിച്ചു. ദേശീയത ആദ്യഘട്ടങ്ങളില്‍ പ്രചാരണവിഷയമായിരുന്നില്ലെങ്കിലും മുന്‍ പ്രധാനമന്ത്രി മന്‍മോഹൻസിങ്ങിന്‍റെ പ്രസ്താവനയോടെ ചിത്രം മാറി. തങ്ങളുടെ ഭരണകാലത്ത് നടത്തിയ സർജിക്കൽ സ്ട്രൈക്കുകളെക്കുറിച്ച് എണ്ണിയെണ്ണിപ്പറഞ്ഞാണ് മൻമോഹന്‍സിങ്ങ് രംഗത്തെത്തിയത്. പക്ഷേ തിരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ അവസാനഘട്ടത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവനയെത്തിയത്. അത് വേണ്ടവിധം പ്രചാരണവേദികളിലുപയോഗിക്കാനും പാര്‍ട്ടിക്കായില്ല. 

പ്രധാനസംസ്ഥാനങ്ങളിൽ (കർണാടക, തമിഴ്നാട്, ബിഹാർ, മഹാരാഷ്ട്ര, ഝാർഖണ്ഡ്) സഖ്യരൂപീകരണം. ചെറുപാർട്ടികളെ ഒപ്പം കൂട്ടിയായിരുന്നു കരുനീക്കങ്ങൾ. 

oppostition-n

തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു തൊട്ടുമുൻപ് പ്രിയങ്ക ഗാന്ധിയെ പടിഞ്ഞാറൻ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതായിരുന്നു മറ്റൊരു പ്രധാനനീക്കം. പ്രചാരണങ്ങളിലുടനീളം പ്രിയങ്കയുടെ സാന്നിധ്യം അണികളെ ആവേശം കൊള്ളിച്ചിരുന്നു. അത് എത്രകണ്ട് വോട്ടായി മാറുമെന്നത് കണ്ടറിയേണ്ടതുണ്ട്. ‌

‌മാധ്യമങ്ങളോട് മോദി എപ്പോഴും അകലം പാലിച്ചപ്പോൾ അവയെ വിശാലസാധ്യതയായാണ് രാഹുൽ കണ്ടത്. പത്രങ്ങൾക്കു മാത്രമല്ല, ടെലിവിഷൻ, ഡിജിറ്റൽ മാധ്യമങ്ങൾക്കും രാഹുൽ അഭിമുഖം നൽകി. പക്ഷേ, മോദിക്കെതിരെയുള്ള നേതാവാരെന്ന് ഒരിക്കലും വ്യക്തമാക്കിയില്ല. അത് ജനങ്ങൾ തീരുമാനിക്കുമെന്ന് മറുപടി. 

പ്രചാരണം കഴിഞ്ഞു, വോട്ടെടുപ്പും കഴിഞ്ഞു. ഇനി അറിയേണ്ടത് ജനവിധിയാണ്. തന്ത്രങ്ങളും കുതന്ത്രങ്ങളും എത്രത്തോളം ഫലം ചെയ്തു? എക്സിറ്റ് പോള്‍ പ്രവചനങ്ങൾ എത്രകണ്ട് ശരിയാകും? ഇനി മണിക്കൂറുകളുടെ അകലം മാത്രം.

MORE IN INDIA
SHOW MORE