എല്ലാം തെറ്റി; മെയ് 23 വരെ കാത്തിരിക്കൂ; നിങ്ങള്‍ ആശ്ചര്യപ്പെടും: കോണ്‍ഗ്രസ്

rahul-congress
SHARE

ഇനി കാത്തിരിപ്പാണ്. പ്രവചനം രാജ്യം കേട്ടുകഴിഞ്ഞു. യഥാർഥവോട്ടെണ്ണലിൽ ആരുടെ ചിരിയാകും മുഴങ്ങുക..? അതാണ് എവിടെയും ചോദ്യം. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുള്ള ഫലമെന്ന് ഒരു കൂട്ടര്‍ പ്രത്യാശിക്കുന്നുമുണ്ട്. 2014ൽ ഭൂരിപക്ഷം എക്സിറ്റ് പോൾ സർവേകളും എൻഡിഎ വിജയം പ്രവചിച്ചെങ്കിലും ഒരു ഏജൻസി ഒഴികെ മറ്റെല്ലാവരും പറഞ്ഞതിനേക്കാൾ വലിയ വിജയമാണ് എൻഡിഎ യഥാർഥത്തിൽ നേടിയത്. 

2014ൽ രണ്ടു സർവേകൾ മാത്രമാണ് എൻഡിഎക്ക് മുന്നൂറിലേറെ സീറ്റ് പ്രവചിച്ചിരുന്നത്. എന്നാൽ, ഇത്തവണ 6 സർവേകൾ എൻഡിഎക്കു മൂന്നൂറോ അതിലധികമോ സീറ്റുകൾ നൽകുന്നുണ്ട്.  

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. മെയ് 23 വരെ കാത്തിരിക്കാനും അതു നിങ്ങളെ ആശ്ചര്യപ്പെടുത്തുമെന്നും കോണ്‍ഗ്രസ് വക്താവ് രാജീവ് ഗൗഡ പറഞ്ഞു. മുഴുവന്‍ വോട്ട് ശതമാനവും സീറ്റ് വിഹിതത്തിലേക്കു മാറ്റുന്നതു ശ്രമകരമായ ദൗത്യമാണ്. രാജ്യത്തു ഭയം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ അവരുടെ കാഴ്ചപ്പാട് തുറന്നുപറയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ വന്ന എക്സിറ്റ് പോള്‍ ഫലമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ ട്വിറ്ററില്‍ കുറിച്ചിരുന്നു. തനിക്ക് ഈ എക്സിറ്റ് പോള്‍ ഫലത്തില്‍ വിശ്വാസമില്ലെന്നും മമത കുറിച്ചു. എല്ലാ തന്ത്രങ്ങള്‍ക്കുമെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുമെന്നും ഒന്നിച്ച് നിന്ന് പോരാടുമെന്നും മമത പറഞ്ഞു.

എക്സിറ്റ് പോള്‍ തള്ളി തരൂരും രംഗത്തെത്തി. എക്സിറ്റ് പോള്‍ഫലങ്ങളെല്ലാം തെറ്റാണെന്ന് വിശ്വസിക്കുന്നു. ഓസ്ട്രേലിയയില്‍ കഴിഞ്ഞ ആഴ്ച്ച 56 എക്സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ ജനങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല,പലപ്പോഴും അങ്ങനെ ചോദിക്കുന്നവര്‍ സര്‍ക്കാരില്‍ നിന്നുള്ളവാരാണെന്നാണ് അവര്‍ ഭയപ്പെടുന്നു. മേയ് 23 ന് യഥാര്‍ത്ഥഫലം വരുന്നത് വരെ കാത്തിരിക്കും– അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് പോളുകളല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടിരുന്നു. 1999 മുതലുള്ള എക്സിറ്റ് പോളുകള്‍ പരിശോധിച്ചാല്‍ നമുക്കത് മനസിലാവുമെന്നും വെങ്കയ്യനായിഡു പറഞ്ഞു.

MORE IN INDIA
SHOW MORE