കർണാടകയിലും തമിഴ്നാട്ടിലും ഭേദപ്പെട്ട പോളിങ്; വോട്ടെടുപ്പ് സമാധാനപരം

karnataka
SHARE

കർണാടകയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും തമിഴ്നാട്ടിലെ നാല് നിയസഭാമണ്ഡലങ്ങളിലേയ്ക്കുമുള്ള ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. എല്ലായിടത്തും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. തമിഴ്നാട്ടിലെ അരുവാക്കുറിച്ചിയിൽ വോട്ടർമാർക്ക് അണ്ണാ ഡിഎംകെ പണം വിതരണം ചെയ്‌തെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തി.

കർണാടകയിലെ ചിഞ്ചോളി കുണ്ടുഗോൽ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ഇരുമണ്ഡലങ്ങളിലും ശക്‌തമായ പോളിംഗാണ് രേഖപെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനം ഉയർന്നു. കോൺഗ്രസിന് സ്വന്തമായിരുന്ന രണ്ട് സീറ്റുകളും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ ഇരുമണ്ഡലങ്ങളും നിലനിർത്താമെന്ന ഉറച്ചവിശ്വാസത്തിലാണ് കോൺഗ്രസ് ദൾ സഖ്യം.  ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനൊപ്പം സഖ്യ സർക്കാരിന്റെ ഭാവി തീരുമാനിക്കുന്നതിൽ ഏറെ നിർണായകമാണ്  ഇരു മണ്ഡലങ്ങളിലെയും  ഉപതിരഞ്ഞെടുപ്പ് ഫലവും .  തമിഴ്നാട്ടിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നാല് ലോക്സഭാ മണ്ഡലങ്ങളിലായി പതിമൂന്ന് ബൂത്തുകളിലേക്കുള്ള റീ പോളിങ്ങും സമാധാന പരമായിരുന്നു. 

അരുവാക്കുറിച്ചി, ഒറ്റപ്പിടാരം, തിരുപ്പുറംകുണ്ട്രം, സുളൂര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.  ഇതോടെ ഇരുപത്തിരണ്ട് നിയമസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലമാണ് വരാനിരിക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ അണ്ണാഡിഎംകെ സര്‍ക്കാരിന് ഉപതിരഞ്ഞെടുപ്പില്‍ പതിനൊന്ന് സീറ്റുകളിലെ വിജയം അനിവാര്യമാണ്.അരുവാക്കുറിച്ചിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ  അണ്ണാ ഡിഎംകെ പണം വിതരണം ചെയ്യുന്നെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

MORE IN INDIA
SHOW MORE