ഗോഡ്സെ പരാമർശം; പ്രചാരണത്തിനിടെ കമൽഹാസനെതിരെ ചെരുപ്പേറ്

kamal-haasan-mnm
SHARE

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന പ്രസ്ഥാവനയിൽ ഉറച്ചുനിൽക്കുന്നു എന്ന് പ്രഖ്യാപിച്ച  കമൽഹാസനെതിരെ തമിഴ്നാട്ടിൽ ആക്രമണം. അദ്ദേഹത്തിന് നേരെ ചെരുപ്പെറിഞ്ഞാണ് ഒരു സംഘം പ്രതിഷേധിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പരൻകുൻഡ്രം നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് നേരെ ചെരുപ്പേറുണ്ടായത്.  

രാജ്യത്ത് തന്നെ വലിയ ചർച്ചയായിരിക്കുകയാണ് കമലിന്റെ ഗോഡ്സെ പരാമർശം. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി, ഹനുമാൻ സേന സംഘടനകളാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ ചെരുപ്പേറ് നടത്തിയതെന്നാണ് സൂചന. മക്കൾ നീതി മയ്യം പ്രവർത്തകരുടെ പരാതിയെ തുടർ‌ന്ന് പൊലീസ് പതിനൊന്നോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗോഡ്‌സെക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കമൽ ഹാസനെതിരെ ഒരു വിഭാഗം പൊലീസിൽ പരാതി നൽകിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കമലിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

അരവാകുറിച്ചിയിലെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു കമലിന്റെ വിവാദമായ പ്രസ്ഥാവന. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവാണെന്നും അത് നാഥുറാം ഗോഡ്‌സെയാണെന്നുമായിരുന്നു കമൽ ഹാസൻ പറഞ്ഞത്. 2017 നവംബറിലും ‘ഹിന്ദു വിഘടനവാദം’ എന്ന വാക്ക് ഉപയോഗിച്ച് കമൽ ഹാസൻ വിവാദമുണ്ടാക്കിയിരുന്നു. ബിജെപിയും ഹിന്ദു സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. മേയ് 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 4 നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് അരവാകുറിച്ചി. എസ്. മോഹൻരാജാണ് എംഎൻഎമ്മിന്റെ ഇവിടുത്തെ സ്ഥാനാർഥി.

MORE IN INDIA
SHOW MORE