എഞ്ചിനിയറിങ് ബിരുദധാരി; അവിവാഹിതൻ; 92ലെ അഭിമുഖത്തിൽ മോദി പറഞ്ഞത്: വിവാദം

narendra-modi-14-05
SHARE

ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിലെ റഡാർ, കവിത, ഇമെയിൽ എന്നീ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ 1992ലെ ഒരഭിമുഖത്തിൽ നരേന്ദ്രമോദി പറഞ്ഞ കാര്യങ്ങൾ ചർച്ചയാകുന്നു. താൻ എഞ്ചിനിയറിങ് ബിരുദധാരിയാണെന്നാണ് മോദി അഭിമുഖത്തിൽ പറയുന്നത്. കന്നഡ വാരികയായ തരംഗക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. 

1974 ല്‍ ജയപ്രകാശ് നാരായണ്‍ നയിച്ച നവനിര്‍മ്മാണ്‍ യാത്രയില്‍ പങ്കാളിയായിരുന്നെന്നും ഇതോടെയാണ് താന്‍ ഗുജറാത്തില്‍ ശ്രദ്ധിക്കപ്പെട്ടതെന്നും അതിനുശേഷം ആര്‍എസ്എസില്‍ സജീവമായെന്നുമാണ് മോദിയുടെ വാക്കുകള്‍. സംഘത്തിന്റെ സൗരാഷ്ട്ര വിഭാഗ് കാര്യകര്‍ത്തയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ആര്‍എസ്എസിന്റെയും ബിജെപിയുടെയും വികാസത്തിനായി പരിശ്രമിച്ചെന്നും മോദി തരംഗയോട് പറയുന്നു. താൻ അവിവാഹിതനാണെന്നും മോദി അഭിമുഖത്തിൽ പറയുന്നുണ്ട്. 

താൻ ബിരുദാനന്തര ബിരുദധാരി ആണെന്നാണ് ഇക്കുറി തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയില്‍ മോദി വ്യക്തമാക്കിയത്. 1967 ല്‍ ഗുജറാത്തില്‍ നിന്ന് എസ്എസ്എസി ബോര്‍ഡ് എക്‌സാം പാസായി. 1978 ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും 1983 ല്‍ അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയെന്നും പത്രികയിൽ പറഞ്ഞിരുന്നു. 

2014 ലെ നാമനിര്‍ദേശ പത്രികയിലും ഇതുതന്നെയായിരുന്നു പരാമര്‍ശിച്ചിരുന്നത്. നരേന്ദ്രമോദി 62.3 ശതമാനം മാര്‍ക്കോടെ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിയിട്ടുണ്ടെന്നാണ് ഗുജറാത്ത് സര്‍വ്വകലാശാല വൈസ് ചൈന്‍സലറായിരുന്ന എംഎന്‍ പട്ടേല്‍ മുന്‍പ് മറുപടി നല്‍കിയത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് വിവാദമുയർന്ന സാഹചര്യത്തിലായിരുന്നു പട്ടേലിന്റെ മറുപടി. അതായത് അപ്പോഴൊന്നും എഞ്ചിനിയറിങ് ബിരുദധാരിയാണെന്ന കാര്യം എവിടെയും പരാമർശിച്ചിരുന്നില്ല.

MORE IN INDIA
SHOW MORE