‘1988ല്‍ ഡിജിറ്റല്‍ ക്യാമറയില്‍ പടമെടുത്തു; ഈ മെയിലില്‍ അയച്ചു’; മോദിക്ക് പരിഹാസവർഷം

modi-on-camera-and-email.
SHARE

മഴമേഘങ്ങള്‍ ഉപയോഗിച്ച് പാക് റഡാറുകളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ക്ക് രക്ഷനേടാമെന്ന തന്ത്രം താനാണ് പറഞ്ഞുകൊടുത്തതെന്ന നരേന്ദ്രമോദിയുടെ പ്രസ്താവന സൃഷ്ടിച്ച തലവേദ തീരുംമുന്‍പേ, അതേ അഭിമുഖത്തിലെ മറ്റു ചില പരാമര്‍ശങ്ങളും ബിജെപിക്ക് കുരുക്കാകുന്നു. പ്രധാനമന്ത്രിയുെട ‘മേഘ സിദ്ധാന്തം’ വ്യാപക പരിഹാസത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് പുതിയ വിവാദവും ചിരിയും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറകള്‍ മാര്‍ക്കറ്റിലെത്തിയതിന് മുന്‍പേ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചെന്നും പകർത്തിയ ചിത്രങ്ങൾ ഈ മെയില്‍ വഴി അയച്ചെന്നുമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. 

എന്നാല്‍ മോദിയുടെ അവകാശവാദം വെറുംപൊള്ളയെന്ന് ചരിത്രം നിരത്തി സോഷ്യല്‍ ലോകം ചോദ്യം ചെയ്യുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ആവുന്നതിനു മുന്‍പേ തനിക്ക് സാങ്കേതിക വിദ്യകളോട് താല്‍പ്പര്യമുണ്ടായിരുന്നു എന്ന് അവകാശപ്പെട്ട മോദി, അതു സ്ഥാപിക്കുന്നതിനായി 1980കളില്‍ തന്നെ ഡിജിറ്റല്‍ ക്യാമറയും ഇമെയിലുകളും ഉപയോഗിച്ചിരുന്നുവെന്ന് പറയുകയായിരുന്നു. ഒരുപക്ഷേ, ഇതൊക്കെ ആ സമയത്ത് വേറെ ആരെങ്കിലും ഉപയോഗിച്ചിരുന്നോ എന്നറിയില്ല. 1987- 88 കാലത്താണ് താന്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചതെന്ന് മോദി പറയുന്നു. 1990ലാണ് ഇന്ത്യന്‍ വിപണിയില്‍ ഡിജിറ്റല്‍ ക്യാമറ എത്തിയത്. അതിനു മുന്‍പേ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചുവെന്ന മോദിയുടെ അവകാശവാദം പരിഹാസം അര്‍ഹിക്കുന്നതാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ മറുവാദങ്ങളുയര്‍ത്തി ബിജെപി ക്യാംപും സജീവമാണ്.

മോദി പറയുന്നത് അനുസരിച്ച് 40 വയസ്സിനു മുന്‍പായിരിക്കണം അദ്ദേഹം ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചത്. എന്നാല്‍, തന്റെ യൗവനകാലം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കഴിഞ്ഞുപോയതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും പ്രസംഗങ്ങളിലും മോദി എടുത്തുപറഞ്ഞിട്ടുണ്ട് എന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍ എത്തും മുന്‍പേ ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കണമെങ്കില്‍ വലിയ പണം ആവശ്യമാണ്. അക്കാലത്ത് ദേശീയരാഷ്ട്രീയത്തില്‍ ആരുമല്ലാതിരുന്ന, ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകന്‍ മാത്രമായിരിക്കെ ഡിജിറ്റല്‍ ക്യാമറ എങ്ങിനെ സംഘടിപ്പിച്ചുവെന്നാണ് ഇവര്‍ ചോദിക്കുന്നത്.

അന്ന് 1987- 88 കാലത്ത് അഹമ്മദാബാദില്‍ വച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ഫോട്ടോ ഡിജിറ്റല്‍ ക്യാമറയിലാക്കി ഡല്‍ഹിയിലേക്ക് ഈമെയില്‍ അയച്ചുവെന്നും അഭിമുഖത്തില്‍ മോദി പറയുന്നു. തന്റെ വര്‍ണ നിറത്തിലുള്ള ഫോട്ടോ കണ്ട് അദ്വാനി ജി അതിശയപ്പെട്ടു. അന്ന് വളരെ കുറച്ചു പേര്‍ക്കേ ഇമെയില്‍ ഉണ്ടായിരുന്നുള്ളൂ– മോദി തുടര്‍ന്ന് പറഞ്ഞു.

1980കളില്‍ ഇമെയില്‍ ഉപയോഗിച്ചെന്ന അവകാശവാദവും സോഷ്യല്‍മീഡിയ ചോദ്യംചെയ്തു. പൊതുമേഖലാ ടെലികമ്യൂണികേഷന്‍ കമ്പനിയായ വി.എസ്.എന്‍.എല്‍ പൊതുജനങ്ങള്‍ക്ക് 1995ല്‍ മാത്രമാണ് ഇന്റര്‍നെറ്റ് സൗകര്യം കൊടുത്തുതുടങ്ങിയത്. അതിനു മുന്‍പ് തന്നെ മോദി ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിച്ച് ഈ മെയില്‍ അയച്ചുവെന്ന വാദമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. 

കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ദിവ്യാസ്പന്ദനയും പരിഹാസവുമായി രംഗത്തെത്തി. 1988ല്‍ എന്തു ഇമെയില്‍ വിലാസം ആയിരിക്കും മോദിയുടേത് എന്ന് ആര്‍ക്കെങ്കിലും അറിയുമോ? dud@lol.com എന്നത് ആയിരിക്കുമോ? എന്ന് ദിവ്യ പരിഹസിച്ചു. വേറെ ആരും ഇമെയില്‍ ഉപയോഗിക്കാത്ത കാലത്ത് ആര്‍ക്കാണ് മോദി മെയില്‍ അയച്ചിട്ടുണ്ടാവുക? ഭരണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട നരേന്ദ്രമോദി ഇപ്പോള്‍ ജനങ്ങളെ വിഡ്ഡിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് സതവ് പറഞ്ഞു.

ബാലാക്കോട്ട് ആക്രമണം സംബന്ധിച്ച മോദിയുടെ വാക്കുകള്‍ ഇങ്ങനെ: ഫെബ്രുവരി 26ന് ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രണത്തില്‍ തന്റെ പങ്ക് എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച വിചിത്ര സിദ്ധാന്തം ഇതാണ്. തിരിച്ചടി നല്‍കാന്‍ തീരുമാനിച്ച ദിവസം പെരുമഴയും മഴക്കാറുമുണ്ടായിരുന്നു. ആക്രമണവുമായി മുന്നോട്ടുപോകുന്നതില്‍ വിദഗ്ധര്‍ക്കെല്ലാം രണ്ട് മനസായിരുന്നു. ചിലര്‍ ആക്രമിക്കാനുള്ള ദിവസം മാറ്റാമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ മേഖലയിലെ വിദഗ്ധന്‍ ഒന്നുമല്ലെങ്കിലും അപ്പോള്‍ മനസില്‍ തോന്നിയ അവതരിപ്പിച്ചു. പാക്കിസ്ഥാന്‍ റഡാറില്‍ നിന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങളെ മറയ്‍ക്കാന്‍ മഴമേഘങ്ങള്‍ക്ക് കഴിയും.   

അഭിമുഖത്തിലെ വിചിത്രസിദ്ധാന്തം ബിജെപി ഔദ്യോഗിക അക്കൗണ്ടുകളില്‍ ട്വീറ്റും ചെയ്തു. എന്നാല്‍, മോദിയുടെ ശാസ്ത്ര കണ്ടുപിടിത്തം വ്യാപക പരിഹാസത്തിന് ഇടയായതോടെ ട്വീറ്റ് പിന്‍വലിച്ച് ബി.ജെ.പി തടിത്തപ്പാന്‍ ശ്രമിച്ചെങ്കിലും സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ച് തുടങ്ങിയിരുന്നു. വിചിത്രവാദം പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുത്തു. മോദിയുടെ കൈകളില്‍ ദേശീയ സുരക്ഷ അപകടകരമാണെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടു. പരിഹാസങ്ങളോട് പ്രതികരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ രണ്ട് ദിവസത്തിനിപ്പുറവും തയാറായിട്ടില്ല.

MORE IN INDIA
SHOW MORE