പരിഹാസം കനത്തു; മോദിയുടെ ‘മേഘ’ സിദ്ധാന്തം മുക്കി ബിജെപി: മിണ്ടാതെ നേതാക്കള്‍

modi-on-radar
SHARE

ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിചിത്ര ശാസ്ത്ര സിദ്ധാന്തത്തില്‍ വെട്ടിലായി ബി.ജെ.പി. മഴമേഘങ്ങള്‍ ഉപയോഗിച്ച് പാക് റഡാറുകളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ക്ക് രക്ഷനേടാമെന്ന തന്ത്രം താനാണ് പറഞ്ഞുകൊടുത്തതെന്ന മോദിയുടെ പ്രസ്താവനയാണ് വിവാദമായത്. പ്രധാനമന്ത്രിയുെട സിദ്ധാന്തം വ്യാപക പരിഹാസത്തിന് ഇടയാക്കി. അതോടെ, പരാമര്‍ശങ്ങള്‍ അടങ്ങിയ ട്വീറ്റ് ബി.ജെ.പി നീക്കി.  

ഫെബ്രുവരി 26ന് ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രണത്തില്‍ തന്റെ പങ്ക് എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച വിചിത്ര സിദ്ധാന്തം ഇങ്ങനെ. തിരിച്ചടി നല്‍കാന്‍ തീരുമാനിച്ച ദിവസം പെരുമഴയും മഴക്കാറുമുണ്ടായിരുന്നു. ആക്രമണവുമായി മുന്നോട്ടുപോകുന്നതില്‍ വിദഗ്ധര്‍ക്കെല്ലാം രണ്ട് മനസായിരുന്നു.

ചിലര്‍ ആക്രമിക്കാനുള്ള ദിവസം മാറ്റാമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ മേഖലയിലെ വിദഗ്ധന്‍ ഒന്നുമല്ലെങ്കിലും അപ്പോള്‍ മനസില്‍ തോന്നിയ അവതരിപ്പിച്ചു. പാക്കിസ്ഥാന്‍ റഡാറില്‍ നിന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങളെ മറയ്‍ക്കാന്‍ മഴമേഘങ്ങള്‍ക്ക് കഴിയും.   

ഒരുവാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലെ വിചിത്രസിദ്ധാന്തം ബിജെപി ഔദ്യോഗിക അക്കൗണ്ടുകളില്‍ ട്വീറ്റും ചെയ്തു. എന്നാല്‍, മോദിയുടെ ശാസ്ത്ര കണ്ടുപിടിത്തം വ്യാപക പരിഹാസത്തിന് ഇടയായതോടെ ട്വീറ്റ് പിന്‍വലിച്ച് ബി.ജെ.പി തടിത്തപ്പാന്‍ ശ്രമിച്ചെങ്കിലും സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ച് തുടങ്ങിയിരുന്നു.

വിചിത്രവാദം പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുത്തു. മോദിയുടെ കൈകളില്‍ ദേശീയ സുരക്ഷ അപകടകരമാണെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടു. പരിഹാസങ്ങളോട് പ്രതികരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ തയാറായിട്ടില്ല.   

MORE IN INDIA
SHOW MORE