'ഹുവ തോ ഹുവ'; കോൺഗ്രസിന് തലവേദനയായി പിത്രോദയുടെ പ്രസ്താവന

PTI4_6_2019_000115B
SHARE

സിഖ് കൂട്ടകൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദ നടത്തിയ വിവാദ പ്രസ്താവന ആയുധമാക്കി ബി.ജെ.പി... പിത്രോദയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയാണ് വെളിവാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. അതേസമയം, തന്റെ വാക്കുകള്‍ ബി.ജെ.പി വളച്ചൊടിക്കുകയായിരുന്നുവെന്ന് പിത്രോദ പറഞ്ഞു. 

സംഭവിച്ചത് സംഭവിച്ചുവെന്ന് അര്‍ഥം വരുന്ന ഹുവ തോ ഹുവ എന്ന വാചകമാണ് കോണ്‍ഗ്രസിന് തലവേദനയായിരിക്കുന്നത്. സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദയാണ് വിവാദ പ്രസ്താവന നടത്തിയത്. ഡല്‍ഹിയിലെ ഏഴും ഹരിയാനയിലെ പത്തും സീറ്റുകള്‍ മറ്റെന്നാല്‍ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ വീണുകിട്ടിയ വാചകം ബി.ജെ.പി ആയുധമാക്കി. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പിത്രോദയുടെ വാക്കുകള്‍ കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയാണ് വെളിവാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഹരിയാനയിലെ റോഹ്‍തക്കില്‍ കുറ്റപ്പെടുത്തി. 

ഒരു നേതാവിന്റെ പ്രസ്താവനയായി മാത്രം ഇതിനെ കാണാനാവില്ല. കോണ്‍ഗ്രസിന്റെ പൊതുസ്വഭാവമാണിത്. കമല്‍നാഥിന് പഞ്ചാബിന്റെ മേല്‍നോട്ടം നല്‍കി. അദ്ദേഹത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയുമാക്കി. ഇതുകൊണ്ടാണ് കോണ്‍ഗ്രസ് 44ലേക്ക് ചുരുങ്ങിയത്. പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധിച്ചു. 

അതേസമയം, പരാജയം മറച്ചുവയ്‍ക്കാന്‍ തന്റെ അഭിമുഖത്തിലെ മൂന്ന് വാക്കുകളുള്ള ഒരു വാചകം വളച്ചൊടിക്കുകയാണെന്ന് പ്രിതോദ ട്വിറ്ററില്‍ കുറിച്ചു. 1984ല്‍ സിഖ് സഹോദരങ്ങള്‍ അനുഭവിച്ച വേദന മനസിലാക്കുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സിഖ്കൂട്ടക്കൊലയ്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്നും ഇന്ന് ച‌ര്‍ച്ച ചെയ്യപ്പെടേണ്ടത് മോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണമാണെന്നും പിത്രോദ പറഞ്ഞു. സിഖ് കൂട്ടക്കൊല സംഭവത്തിന് ഇന്ന് പ്രസക്തിയില്ലെന്ന പിത്രോദയുടെ പരാമര്‍ശവും വിവാദമായിരിക്കുകയാണ്. 

MORE IN INDIA
SHOW MORE