ഫോനിയിൽ തകര്‍ന്നടി‌ഞ്ഞ വൈദ്യുത പോസ്റ്റുകൾ; ചിത്രം പുറത്തുവിട്ട് നാസ

fani
SHARE

ഫോനി ചുഴലിക്കാറ്റില്‍ തകര്‍ന്ന ഒഡീഷയിലെ വൈദ്യുതി മേഖലയുടെ ചിത്രം പുറത്തുവിട്ട് നാസ. ഒരുലക്ഷത്തി അന്‍പത്തി ഏഴായിരം വൈദ്യുത പോസ്റ്റുകളാണ് ചുഴലിക്കാറ്റില്‍ തകര്‍ന്നത്. വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിന് കൈത്താങ്ങായി കെ.എസ്.ഇ.ബി മുപ്പത് പേരടങ്ങുന്ന  വിദഗ്ധ സംഘത്തെ ഒഡീഷയിലേക്ക് അയച്ചു. 

മെയ് മൂന്നിന് ഒഡീഷയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് ഫോനി വീശിയടിച്ചത്. അതിന് മുന്‍പും പിന്‍പും ഉള്ള വൈദ്യുത ശ്രൃംഘലയുടെ ചിത്രം നാസ പുറത്തുവിട്ടു.

ഫോനിക്കുശേഷം മെയ് അഞ്ചിനുള്ള ചിത്രം വൈദ്യുതി വിതരണം തകര്‍ന്നടിഞ്ഞത് വ്യക്തമാക്കുന്നു. കട്ടക്ക് നഗരത്തിന്റെ ഏപ്രില്‍ 30 ലെചിത്രവും മെയ് അഞ്ചിലെ ചിത്രവും നോക്കുക. പുരി ഉള്‍പ്പെടെ 11 തീരദേശ ജില്ലകളിലും വൈദ്യുതിയില്ല, ടെലിഫോണ്‍, മൊബയ്ല്‍ സര്‍വീസുകളും നിശ്ചലമാണ്. വൈദ്യുതി പോസ്റ്റുകള്‍, ലൈനുകള്‍ എന്നിവക്ക് വ്യാപകമായ നാശമാണ് ഉണ്ടായിട്ടുള്ളത്. 1.57 ലക്ഷം വൈദ്യുത പോസ്റ്റുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നു, ട്രാന്‍സ്ഫോര്‍മറുകള്‍ക്കും സബ്സ്‌റ്റേഷനുകള്‍ക്കും അന്തര്‍സംസ്ഥാന ഗ്രിഡിനും വന്ന നാശം വേറെ. വൈദ്യുത ശ്രൃംഘലയാകെ തരിപ്പണമായിരിക്കുകയാണ്. മുപ്പത് ലക്ഷം വീടുകളിലും ഒാഫീസ് സമുച്ചയങ്ങളിലും വൈദ്യുതിയില്ല എന്നാണ് സര്‍ക്കാരിന്റെ കണക്ക്.  പുരി, കട്ടക്ക്, ഭുവനേശ്വര്‍ ഉള്‍പ്പെടെയുള്ള  നഗര പ്രദേശങ്ങളില്‍പോലും  എന്ന് വൈദ്യുതി പുനസ്ഥാപിക്കാനാവുമെന്ന് പറയാനാകില്ല. ഈ സാഹചര്യത്തിലാണ് കേരളവും ആന്ധ്രയുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സഹായവുമായി എത്തിയത്. എന്‍ജിനീയര്‍മാര്‍മുതല്‍ ലൈന്‍മാന്‍മാര്‍വരെയുള്ളവര്‍ ഉള്‍പ്പെടുന്ന ആദ്യസംഘമാണ് കെഎസ്ഇബി ഒഡീഷയിലേക്ക് അയച്ചത്. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉടന്‍ അയക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

MORE IN INDIA
SHOW MORE