കലഹം പതിവ്, തലയണ മുഖത്തമർത്തി കൊല, മദ്യലഹരിയിൽ ചെറുക്കാനാകാതെ രോഹിത്

apoorva-arrest
SHARE

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ.ഡി. തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരി (40) കൊല്ലപ്പെട്ട കേസിൽ ഭാര്യ അപൂർവ ശുക്ല തിവാരി (32) അറസ്റ്റിൽ. സുപ്രീം കോടതി അഭിഭാഷകയായ അപൂർവയെ മണിക്കൂറുകൾ ചോദ്യംചെയ്തതിനു ശേഷമാണു ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.

ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്നും സംഭവ ദിവസം വഴക്കിനിടെ അപൂർവ ഭർത്താവിനെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന രോഹിതിനു ചെറുക്കാൻ സാധിച്ചില്ല. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നു.

രോഹിതിനെ കഴിഞ്ഞ 16നു വൈകിട്ടു 4 മണിയോടെയാണു ഡിഫൻസ് കോളനിയിലെ വീട്ടിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. മൂക്കിൽ നിന്നു രക്തം ഒഴുകിയ നിലയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചിരുന്നു. അന്നു പുലർച്ചെ ഒരു മണിയോടെയാണു കൊലപാതകം നടന്നതെന്നാണു പൊലീസ് പറയുന്നത്. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്്മോർട്ടത്തിൽ കൊലപാതകമാണെന്നു തെളിഞ്ഞു. തുടർന്നാണു ഭാര്യയെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്തത്.

തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഉത്തരാഖണ്ഡിലേക്ക് പോയ രോഹിതും അമ്മ ഉജ്വലയും ബന്ധുവും 15 നു വൈകിട്ടാണു തിരിച്ചെത്തിയത്. അന്നു രാത്രിയാണു ഭാര്യയുമായി ബന്ധുവിനെച്ചൊല്ലി രൂക്ഷമായ വഴക്കുണ്ടായത്. ഒരേവീട്ടിൽ ഇരുവരും വേറിട്ടാണു താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. രോഹിതും അപൂർവയും സ്വരച്ചേർച്ചയിൽ ആയിരുന്നില്ലെന്നും അപൂർവയ്ക്കു രോഹിത്തിന്റെ സ്വത്തിൽ കണ്ണുണ്ടായിരുന്നെന്നും ഉജ്വല ആരോപിച്ചിരുന്നു. സുപ്രീം കോടതിയുടെ സമീപത്തുള്ള വീടു സ്വന്തമാക്കാൻ അപൂർവ ശ്രമിച്ചെന്നാണ് ആരോപണം. വിവാഹത്തിനു മുൻപ് അപൂർവയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതായും ഉജ്വല പറയുന്നു.

2017 ൽ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട രോഹിതും അപൂർവയും ഇടക്കാലത്ത് അകൽച്ചയിലായിരുന്നു. പിന്നീട് 2018 ഏപ്രിലിലാണു വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിവാഹ‌ശേഷവും ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്നും വിവാഹമോചനത്തിനു തയാറെടുത്തിരുന്നെന്നും ഉജ്വല മൊഴി നൽകിയിട്ടുണ്ട്.

6 വർഷം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് എൻ.ഡി. തിവാരിയുടെ മകനാണു താനെന്നു രോഹിത് തിവാരി ഡിഎൻഎ പരിശോധനയിലൂടെ സ്ഥാപിച്ചെടുത്തത്. തുടർന്ന് 2015 ൽ ഉജ്വലയെ വിവാഹം കഴിച്ച എൻ.ഡി. തിവാരി കഴിഞ്ഞ വർഷമാണു മരിച്ചത്

MORE IN INDIA
SHOW MORE