മുഖ്യമന്ത്രിയാകും വരെ വസ്ത്രങ്ങൾ അലക്കിയത് തനിയെ; തുറന്നുപറഞ്ഞ് പ്രധാനമന്ത്രി

modi-akshay-kumar-24-04
SHARE

ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത് വരെ സ്വന്തം വസ്ത്രങ്ങൾ താൻ തന്നെയാണ് അലക്കിയിരുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബോളിവുഡ് നടൻ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദിയുടെ തുറന്നുപറച്ചിൽ. 

'ശരിയായ രീതിയിൽ ജീവിക്കുക എന്നത് എന്റെ ശീലങ്ങളിലൊന്നാണ്. ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത് വരെ എന്റെ വസ്ത്രങ്ങൾ ഞാൻ തന്നെയാണ് അലക്കിയിരുന്നത്'- മോദി പറഞ്ഞു. 

എപ്പോഴും ഹാഫ് സ്ലീവ് കുർത്തകൾ ഇടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: നീളമുള്ള കൈകളുള്ള കുർത്തകൾ ധരിച്ചാൽ എനിക്കത് നന്നായി അലക്കേണ്ടി വരും. മാത്രമല്ല, സ്യൂട്ട്കേസിൽ കൂടുതൽ സ്ഥലം വേണ്ടിവരികയും ചെയ്യും. അതുകൊണ്ടാണ് എപ്പോഴും ഹാഫ് സ്ലീവ് കുർത്തകൾ ധരിക്കുന്നത്'- മോദി പറഞ്ഞു. 

‌അധികം ദേഷ്യപ്പെടാത്ത ആളാണ് താനെന്നും ഈ സ്വഭാവം പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ദേഷ്യം വരുമ്പോള്‍ അത് ഇല്ലാതാക്കാന്‍ ഒരു മാര്‍ഗമുണ്ടെന്നും ഈ ശീലം സ്വയം വളര്‍ത്തിയെടുത്തതാണെന്നും അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ മോദി പറയുന്നു. ദേഷ്യപ്പെടുത്തുന്ന എന്തെങ്കിലും സംഭവിച്ചാല്‍ ഒരു പേപ്പറില്‍ മുഴുവനായും ആ സംഭവം എഴുതും.  എന്താണ് സംഭവിച്ചത്? എന്താണ് താന്‍ ചെയ്തത്? എന്തു കൊണ്ടിത് സംഭവിച്ചു? അങ്ങനെ എല്ലാം. ഒന്നിനെയും ന്യായീകരിക്കാന്‍ ശ്രമിക്കാറില്ല. ഇത്രയും ചെയ്തതിനു ശേഷം താന്‍ ആ പേപ്പര്‍ കീറി, അത് എറിഞ്ഞുകളയും. പിന്നെയും ആ സംഭവം തന്നെ ബാധിക്കുന്നുവെന്നു തോന്നിയാല്‍ ഈ ചെയ്തത് വീണ്ടും ആവര്‍ത്തിക്കും. ഇങ്ങനെയാണ് എന്‍റെ തെറ്റുകളും കണ്ടുപിടിക്കുന്നത്. തന്നെത്തന്നെ ഈ രീതിയിലാണ് പരിശീലിപ്പിച്ചതെന്നും മോദി പറയുന്നു.

സന്തോഷവും കോപവുമെല്ലാം ജീവതത്തിന്‍റെ ഭാഗമാണ്. എല്ലാവര്‍ക്കും ഇത്തരം വികാരങ്ങളുണ്ടാകും. ദൈവമാണ് നമുക്ക് എല്ലാം തന്നതെന്ന് ജീവിതത്തിന്‍റെ നിര്‍ണായക ഘട്ടത്തില്‍ പഠിച്ചു. നല്ലതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകണോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്.

ഒരേസമയം കാര്യങ്ങള്‍ പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന ആളാണ് താന്‍. വളരെ അച്ചടക്കമുള്ള ആളാണ്. ചെലവിനായി അമ്മ ഇപ്പോഴും പണം അയച്ചുതരാറുണ്ട്. ചെറുപ്രായത്തില്‍ തന്നെ കുടുംബം വിട്ടു പോകേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും അഭിമുഖത്തില്‍ പ്രധാനമന്ത്രി വിശദീകരിക്കുന്നു. 

ചായക്കടയില്‍ നിന്നാണ് ഹിന്ദി പഠിച്ചത്. സന്യാസിയാകണമെന്നും ആഗ്രഹിച്ചിരുന്നു.  ദിവസത്തില്‍ ഏതാനും മണിക്കൂര്‍ മാത്രമുറങ്ങുന്ന തന്‍റെ ശീലം അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ബറാക് ഒബാമയില്‍ അത്ഭുതമുണ്ടാക്കിയതായി മോദി പറഞ്ഞു. 

MORE IN INDIA
SHOW MORE