സ്മൃതി ഇറാനിയുടെ 'ഷൂ' വിതരണം പ്രിയങ്കക്ക് ആയുധം; 'അവർ ഇരന്ന് ജീവിക്കുന്നവരല്ല'

priyanka-smriti
SHARE

അമേഠിയില്‍ സ്മൃതി ഇറാനിയുടെ ഷൂ വിതരണം ആയുധമാക്കി പ്രിയങ്ക ഗാന്ധി. ഷൂ വിതരണം ചെയ്തതിലൂടെ സ്മൃതി ഇറാനി അമേഠിയിലെ ജനങ്ങളെ അവഹേളിച്ചെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. അതേസമയം, മണ്ഡലത്തിലെ പാവപ്പെട്ടവ‌‌‌‌ര്‍ക്ക് സ്വന്തമായി ഒരു ചെരുപ്പ് പോലും ഇല്ലാത്ത അവസ്ഥയാണെന്ന് സ്മൃതി ഇറാനിയും തിരിച്ചടിച്ചു. 

അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ ഇരന്ന് ജീവിക്കുന്നവരല്ല. അവ‍ര്‍ ഒരിക്കലും ഇരന്നിട്ടില്ല. അമേഠിയിലെ ജനങ്ങള്‍ക്ക് ഷൂ വിതരണം ചെയ്ത ബി.ജെ.പി സ്ഥാനാ‌ര്‍ഥി സ്മൃതി ഇറാനിയുടെ നടപടിക്കെതിരെ പ്രിയങ്കഗാന്ധി ആഞ്ഞടിച്ചു. ഈ അപമാനത്തിന് അമേഠിക്കാ‌‍‍ര്‍ തിരിച്ചടി നല്‍കണം. മണ്ഡലം നോക്കാത്ത എം.പിയാണ്  രാഹുല്‍ എന്ന സ്മൃതിയുടെ ആരോപണത്തിനും പ്രിയങ്ക മറുപടി നല്‍കി. ജയിച്ച മണ്ഡലത്തിലെ ഒരു ഗ്രാമം പോലും സന്ദ‌‌ര്‍ശിക്കാത്ത ജനപ്രതിനിധിയാണ് നരേന്ദ്രമോദിയെന്ന് പ്രിയങ്ക ആരോപിച്ചു.

അതേസമയം, പ്രിയങ്ക നാടകം അവസാനിപ്പിക്കണമെന്ന് സ്മൃതി ഇറാനി തിരിച്ചടിച്ചു. മണ്ഡലത്തിന്റെ യഥാര്‍ഥ അവസ്ഥ അറിയണമെങ്കില്‍ കണ്ണ് തുറന്ന് കാണണമെന്നും സ്മൃതി പറഞ്ഞു. 

സോണിയാഗാന്ധി ജനവിധി തേടുന്ന റായ്ബറേലിയിലും രാഹുല്‍ നാലാം അങ്കത്തിന് ഇറങ്ങുന്ന അമേഠിയിലും മേയ് ആറിനാണ് വോട്ടെടുപ്പ്. 

MORE IN INDIA
SHOW MORE