പൈലറ്റിനെ തിരിച്ചുതന്നില്ലെങ്കിൽ വിവരമറിയും; ഞാൻ പാക്കിസ്ഥാനോട് പറഞ്ഞു: മോദി

modi-bjp-abhinanthan
SHARE

ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർധമാനെ തിരിച്ചുതന്നില്ലെങ്കിൽ പരിണതഫലം അനുഭവിക്കേണ്ടിവരുമെന്നു താൻ പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പു നൽകിയിരുന്നെന്നും ഇതിനെ തുടർന്നാണ് അവർ പൈലറ്റിനെ തിരികെയെത്തിച്ചതെന്നും തിരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ഗുജറാത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി കസേര നിലനിന്നാലും ഇല്ലെങ്കിലും ദേശസുരക്ഷയുടെ കാര്യത്തിൽ എനിക്ക് വലിയ പ്രതിബദ്ധതയുണ്ട്. ഒന്നുകിൽ താൻ അല്ലെങ്കിൽ ഭീകരർ ഇതാണു എന്റെ നിലപാട് മോദി പറഞ്ഞു. 

ഫെബ്രുവരി 27നു വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക്കിസ്ഥാൻ പിടികൂടി. എന്നാൽ മാർച്ച് 1ന് രാത്രി അദ്ദേഹത്തെ അവർക്കു മോചിപ്പിക്കേണ്ടി വന്നു. കാരണം‘നാം ഒരു പത്രസമ്മേളനം നടത്തി. നമ്മുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാൽ മോദി നിങ്ങളോട് (പാക്കിസ്ഥാനോട്) എന്തു ചെയ്തെന്നു ലോകത്തോടു നിങ്ങൾക്കു നിരന്തരം പറഞ്ഞു കൊണ്ടിരിക്കേണ്ടിവരുമെന്നു മുന്നറിയിപ്പു നൽകി. 

‘രണ്ടാം ദിവസം മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു– മോദി 12 മിസൈലുകൾ ആക്രമണത്തിനു തയാറാക്കി നിർത്തിയിരിക്കുന്നു; സ്ഥിതി വഷളാകും. ഇതു കേട്ട പാടെ പാക്കിസ്ഥാൻ പൈലറ്റിനെ തിരിച്ചുതരാമെന്നു പറഞ്ഞു. ഇല്ലെങ്കിൽ കളി കാണാമായിരുന്നു. ഇതെല്ലാം അമേരിക്കയാണു പറഞ്ഞത്. ഞാനൊന്നും പറയുന്നില്ല. സമയം വരുമ്പോൾ മാത്രമേ ഞാൻ ഇതേക്കുറിച്ചെല്ലാം പറയൂ’– മോദി തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.  

MORE IN INDIA
SHOW MORE