വാരണസിക്കൊപ്പം ഡൽഹിയിലും മൽസരിക്കാൻ മോദി? ആകാംക്ഷ ബാക്കിയാക്കി പത്രിക

modi-delhi-bjp
SHARE

വാരണസിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ നിന്നും ജനവിധി തേടുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഇന്നലെ ഡൽഹിയിൽ ബിജെപി സ്ഥനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഏഴു ലോക്സഭാ മണ്ഡലങ്ങളിൽ നാലെണ്ണത്തിലാണ് ബിജെപി ഇന്നലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ന്യൂഡൽഹി ഉൾപ്പെടെ മൂന്നു മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ നിർത്താതാണ് മോദി മൽസരിക്കുമെന്ന ചർച്ചകളെ സജീവമാക്കിയത്. 

വാരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മൽസരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയാറാണെന്ന് പ്രിയങ്ക ഇന്നലെ വയനാട്ടിലും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വാരാണസി കൂടാതെ ഒരു സുരക്ഷിത മണ്ഡലത്തിൽ കൂടി മോദി മൽസരിക്കുമെന്നും ന്യൂഡൽഹി സജീവ പരിഗണനയിലാണെന്നുമുള്ള അഭ്യൂഹം ശക്തമായത്.

ഡൽഹിയിൽ മോദി മൽസരിച്ചാൽ പാർട്ടി മുഴുവൻ സീറ്റുകളും തൂത്തുവാരാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. അയൽ സംസ്ഥാനമായ ഹരിയാനയിലെ 10 സീറ്റുകളിലും പ്രയോജനം ചെയ്യുമെന്നും പാർട്ടി നേതാക്കൾ കരുതുന്നു. ഡൽഹി പിടിക്കുന്നവർ രാജ്യം ഭരിക്കുമെന്ന വിശ്വാസവും ഇതിനു പിന്നിലുണ്ട്

ഡൽഹിയിലെ പ്രബല വ്യാപാരി സമൂഹമായ ബനിയകളുടെ യോഗത്തിൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്തത് അഭ്യൂഹങ്ങൾക്കു ശക്തി പകർന്നിട്ടുണ്ട്. എന്നാൽ, മോദി സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും പിന്നാലെ എഎപി–കോൺഗ്രസ് സഖ്യം ഭിന്നതകൾ മറന്ന് സംയുക്ത സ്ഥാനാർഥിയെ നിർത്തുകയും കൂടി ചെയ്താൽ തീപാറുന്ന പോരാട്ടത്തിനാവും ന്യൂഡൽഹി മണ്ഡലം വേദിയാവുക. 

ഡൽഹിയിലെ ചാന്ദ്‍നി ചൗക്കിൽ കേന്ദ്രമന്ത്രി ഡോ. ഹർഷ്‍വർധൻ, നോർത്ത് ഈസ്റ്റ് ഡൽഹിയിൽ സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി, വെസ്റ്റ് ഡൽഹിയിൽ പർവേഷ് സാഹിബ് സിങ് വർമ, സൗത്ത് ഡൽഹിയിൽ രമേശ് ബിധുഡി എന്നിവരെയാണു ബിജെപി സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. നാലുപേരും ഇതേ സീറ്റുകളിലെ ബിജെപിയുടെ സിറ്റിങ് എംപിമാരാണ്.

MORE IN INDIA
SHOW MORE