'ഗസ്റ്റ് ഹൗസ്' സംഭവം മറന്നു; പരസ്പരം സംസാരിക്കാത്തവർ ഒന്നിച്ചതിന് പിന്നിൽ

mayawati-guest-mulayam
SHARE

മണ്ഡലും ബഹുജനും ഒരുമിച്ചിട്ട് നാളുകളായെങ്കിലും മുലായവും മായാവതിയും കാല്‍ നൂറ്റാണ്ടിന് ശേഷം വേദി പങ്കിട്ടത് ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ സുപ്രധാനസംഭവം. ഹൃസ്വകാലത്തെ സൗഹൃദത്തിന് ശേഷം പരസ്പരം സംസാരിക്കുക പോലും ചെയ്യാത്തത്ര ദീര്‍ഘമായ ശത്രുതയാണ് അവസാനിച്ചത്. ഇരുപാര്‍ട്ടികളെയും ശത്രുക്കളാക്കിയ ഗസ്റ്റ് ഹൗസ് സംഭവം മറക്കാനും മായാവതി ആഹ്വാനം ചെയ്തു.

മണ്ഡല്‍ മന്ദിര്‍ ബഹുജന്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാണ് മൂന്ന് ദശകത്തോളമായി ഉത്തര്‍പ്രദേശ്. രാമക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ടതാണ് ബി ജെ പി യുടെ മന്ദിര്‍ മുദ്രാവാക്യം. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ ഉരുത്തിരിഞ്ഞ പിന്നോക്കസമുദായ രാഷ്ട്രീയം സമാജ് വാദി പാര്‍ട്ടിയുടെ മണ്ഡല്‍. ദളിതരുടെ ഉന്നമനത്തിന് വേണ്ടിയുളള അംബേദ്കറൈറ്റ് പോരാട്ടത്തിന്റെ രാഷ്ട്രീയം കാന്‍ഷി റാമിന്റെയും മായാവതിയുടെയും ബഹുജന്‍. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ ബി ജെ പി ഉത്തര്‍പ്രദേശില്‍ മേധാവിത്വം നേടിയപ്പോഴായിരുന്നു എസ് പി യും ബി എസ് പിയും ആദ്യം ഒന്നിച്ചത്. 1993 ല്‍.

രണ്ട് വര്‍ഷത്തിന് ശേഷം 1995 ല്‍ ഭിന്നതകളെ തുടര്‍ന്ന് സഖ്യം പിരിഞ്ഞത് യു പിയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ രീതിയിലായിരുന്നു. മായാവതിയും പാര്‍ട്ടി എം എല്‍ എ മാരുമുണ്ടായിരുന്ന ലഖ്നൗ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് സമാജ് വാദി പ്രവര്‍ത്തകര്‍ ആക്രമിച്ചു. മായാവതി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 

തൊട്ടുപിന്നാലെ ബഹുജന്‍ രാഷ്ട്രീയത്തിന് ഒരിക്കലും യോജിക്കാനാവാത്തതെന്ന് മായാവതി തന്നെ പറഞ്ഞിരുന്ന ബി ജെ പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി. പിന്നീട് കടുത്ത ശത്രുതയായിരുന്നു മായാവതിയും മുലായവും തമ്മിലും ഇരുപാര്‍ട്ടികള്‍ തമ്മിലും. ഹിന്ദുത്വത്തിന്റെ പുതിയ പരീക്ഷണങ്ങളിലൂടെ ബി ജെ പി യു പി യില്‍ വീണ്ടും പ്രബലശക്തിയായതോടെയാണ് ഒരുമിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയല്ലാതെ നിവൃത്തിയില്ലെന്ന തീരുമാനത്തിലേക്ക് എസ് പിയെ ഇപ്പോള്‍ നയിക്കുന്ന അഖിലേഷ് യാദവും മായാവതിയും എത്തിയത്.

മുലായമപ്പോഴും മായാവതിയെ അംഗീകരിക്കാതെ മുഖം തിരിച്ചു. ആ പിണക്കത്തിനാണ് മുലായം മല്‍സരിക്കുന്ന മെയിന്‍പുരിയിലെ മഹാറാലിയിലൂടെ അവസാനമായിരിക്കുന്നത്. മന്ദിര്‍ രാഷ്ട്രീയത്തോട് മണ്ഡല്‍, ബഹുജന്‍ സംയുക്ത രാഷ്ട്രീയം നേരിട്ടേറ്റുമുട്ടുന്ന ക്ലാസിക് പോരാട്ടത്തില്‍ ഈ വേദിപങ്കിടലിന് വലിയ പ്രാധാന്യമുണ്ട്. 

MORE IN INDIA
SHOW MORE