വരി നിന്ന് വോട്ട് ചെയ്ത് രജനീകാന്ത്; ബൂത്തിലെത്തി താരപ്പട; ചിത്രങ്ങൾ

vote-stars
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. തിരക്കുകളെല്ലാം മാറ്റവച്ച് വോട്ടവകാശം രേഖപ്പെടുത്തി തമിഴ് താരങ്ങളും. നടന്മാരായ രജനീകാന്ത്, കമൽഹാസൻ, അജിത്, സൂര്യ, വിജയ്, കാർത്തി, അർജുൻ, ശശികുമാർ, നടിമാരായ ജ്യോതിക, ശ്രുതി ഹാസൻ, ഖുശ്ബു തുടങ്ങിയവരാണ് രാവിലെ തന്നെ വോട്ടിങ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തിയത്.

രജനീകാന്തും കമൽഹാസനും എത്തിയതോടെ വോട്ടിങ് കേന്ദ്രങ്ങളിലേക്ക് ആരാധകർ ഒഴുകിയെത്തി. ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലാണ് രജനീകാന്ത് എത്തിയത്. അജിത്തും ഭാര്യശാലിനിയും തിരുവൺമിയൂരിലെത്തി വോട്ട് ചെയ്തു. കമൽഹാസനും ശ്രുതി ഹാസനും ആൽവാർപേട്ടിൽ ഒരുമിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ശിവകുമാറും മക്കളായ സൂര്യയും കാർത്തിയും സകുടുംബം എത്തിയാണ് വോട്ട് ചെയ്തത്. നീണ്ട വരി നിന്നാണ് നടൻ വിജയ് വോട്ട് രേഖപ്പെടുത്തിയത്. താരങ്ങൾ വോട്ട് രേഖപ്പെടുത്തുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 95 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു.  അസമിലെ സില്‍ച്ചാര്‍ മണ്ഡലത്തില്‍ വിവിപാറ്റ് മെഷീനുകള്‍ തകരാറിലായതിനെ തുടര്‍ന്ന്  വോട്ടെടുപ്പ് തടസപ്പെട്ടു.  ആദ്യ മണിക്കൂറുകളില്‍ തമിഴ്നാട്ടിലാണ്  ഏറ്റവും ഉയര്‍ന്ന പോളിങ്. 30.6 ശതമാനം.  അസമില്‍ 26.39 ശതമാനവും കര്‍ണാടകയില്‍ 19.58 ശതമാനവും ബിഹാറില്‍ 17 ശതമാനവും   പോളിങ് രേഖപ്പെടുത്തി. 35 നിയമസഭ  മണ്ഡലങ്ങളിലെ  തിരഞ്ഞെടുപ്പുകൂടി നടക്കുന്ന ഒഡീഷയിൽ  പോളിങ് മന്ദഗതിയിലാണ്. മഹാരാഷ്ട്രയിലെ രണ്ടാംഘട്ട വോട്ടെടുപ്പും മന്ദഗതിയിലാണ് . കാർഷിക-വരൾച്ചാ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന മറാഠ്‍വാഡ മേഖലയിലെ ആറ് മണ്ഡലങ്ങളടക്കം, പത്തിടങ്ങളിലാണ് വിധിയെഴുത്ത്. ബിജെപി- ശിവസേന സഖ്യവും, കോ‌ൺഗ്രസ്-എൻസിപി സഖ്യവും തമ്മിലാണ് പ്രധാനപോരാട്ടം. എന്നാൽ, പോളിങ് ശതമാനം ഉയരാത്തത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ഇരുമുന്നണികളും. ചത്തീസ്ഗഡിൽ സുരക്ഷാസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചതൊഴിച്ചാൽ ആദ്യ മണിക്കൂറുകളിൽ മറ്റ്  അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

MORE IN INDIA
SHOW MORE