ഉനയിൽ തിളച്ച ദലിത് രോഷം അടങ്ങുന്നില്ല; ബിജെപിക്ക് തിരിച്ചടിയാകും

una-dalit-protest-15
SHARE

ചത്ത പശുവിന്റെ തോലുരിച്ചതിന് ദലിതർ ക്രൂര മർദ്ദനം ഏറ്റുവാങ്ങിയ ഗുജറാത്തിലെ ഉനയിൽ ദലിതരുടെ പ്രതിഷേധം ബി ജെ പി ക്ക് തിരിച്ചടിയാകുന്നു. സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾക്കും സംഘപരിവാർ സംഘടനകൾ തുടരുന്ന പീഢനങ്ങൾക്കുമെതിരായാണ് ദലിതർ ഉന കലക്ടറേറ്റിനു മുമ്പിൽ നിരാഹാരം ആരംഭിച്ചിരിക്കുന്നത്. ദലിത് പീഢനങ്ങൾക്കെതിരായ വിധിയെഴുത്തായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പെന്ന് ദലിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മേവാനി എംഎൽഎ മനോരമ ന്യൂസിനോട് പറഞ്ഞു.

ഈ ദൃശ്യങ്ങൾ രാജ്യം മറന്നാലും ദലിത് സമൂഹം ഓർത്തു വച്ചിട്ടുണ്ട്. 2016 ജൂലൈ 11 നാണ് ഉനയിലെ സമധിയാലയിൽ ചത്ത പശുവിന്റെ തോലുരിഞ്ഞതിന് നാലു യുവാക്കൾ ക്രൂരമായി ആക്രമിക്കപ്പെട്ടത്.

ചത്ത പശുക്കളെ ഉടമസ്ഥരിൽ നിന്ന് വാങ്ങി തോലുരിച്ചതിന് ശേഷം മറവ് ചെയ്യുകയായിരുന്നു ദലിതരുടെ കുലത്തൊഴിൽ .

വസ്രാമും കൂട്ടരും ആക്രമിക്കപ്പെട്ട കുന്നിൻ പ്രദേശം ചത്ത പശുക്കളെ തള്ളുന്ന ശവപ്പറമ്പാണിന്ന്. സ്കൂളുകളിൽ, വെള്ളം ശേഖരിക്കുന്നയിടത്ത് , നാലാൾ കൂടുന്നിടത്തെല്ലാം അനുഭവിക്കുന്ന തൊട്ടു കൂടായ്മയും തുടരുന്ന ആക്രമണങ്ങളുമാണ് ഇവരെ സർക്കാരിനെതിരെ തിരിച്ചിരിക്കുന്നത്.

ഉന സംഭവത്തിനു ശേഷം വർധിച്ച ദലിത് സമൂഹത്തിന്റെ മനസടുപ്പം നിയമസഭാ തെരഞ്ഞെടുപ്പിൽ 10  മണ്ഡലങ്ങളിലേറെ കോൺഗ്രസിന് മുതൽക്കൂട്ടായി . ഇവരുടെ  പിന്തുണ ലോക്സഭാ  തെരഞ്ഞെടുപ്പിലും പാർട്ടിക്ക് കരുത്താകും.

MORE IN INDIA
SHOW MORE