മോദിയെ വാരണാസിയിൽ തളച്ചിടുമോ കോൺഗ്രസ്; ഗംഗാതീരത്ത് സ്വപ്നമത്സരം?; സമഗ്രകണക്ക്

modi-priyanka-varanasi
SHARE

''ഞാൻ തയ്യാറാണ് വാരണാസിയിൽ മത്സരിക്കാൻ''..പ്രിയങ്ക പ്രഖ്യാപിച്ചപ്പോൾ മുതല്‍ എല്ലാ കണ്ണുകളും വാരണാസിയിലേക്കാണ്. ഗംഗാതീരത്ത് ആ സ്വപ്ന മത്സരമുണ്ടാകുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതൃത്വത്തിൻറെ ഉത്തരമാണ് ഇനിയറിയേണ്ടത്. പ്രിയങ്ക വാരണാസിയിലെ തിരഞ്ഞെടുപ്പു ഗോദയിലിറങ്ങിയാൽ തീപാറും മത്സരത്തിനായിരിക്കും ഈ പുരാതനനഗരം സാക്ഷ്യം വഹിക്കുക.

കോൺഗ്രസ് പ്രതീക്ഷകൾ

മോദിക്കെതിരെ പ്രയോഗിക്കാവുന്ന ഏറ്റവും മൂർച്ചയുള്ള വജ്രായുധം പ്രിയങ്ക തന്നെയാണെന്ന് ചില പാർട്ടി വൃത്തങ്ങൾ പറയുന്നു. ആദ്യ മത്സരം എന്തിന് തോറ്റുകൊണ്ടു തുടങ്ങണം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 

2014 ൽ 3.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അരവിന്ദ് കേ‍ജ്‍രിവാളിനെ മോദി പരാജയപ്പെടുത്തിയത്. എന്നാൽ പ്രതിപക്ഷസഖ്യത്തിൻറെ സ്ഥാനാർഥിയായി പ്രിയങ്കയെത്തിയാൽ അട്ടിമറി സാധ്യതയുണ്ടെന്നും പാർട്ടി കണക്കു കൂട്ടുന്നു. 

തോൽപിച്ചില്ലെങ്കിൽ കൂടി പ്രിയങ്കയെത്തിയാൽ മോദിയെ വാരണാസിയിൽ തളച്ചിടാമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. മോദിക്കെതിരെ പ്രിയങ്കയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യം അണിചേരുന്നത് കോൺഗ്രസിന് ഊർജമാകും. യുപിയിലെ പ്രതിപക്ഷ സ്ഥാനാർത്ഥികളുടെ സാധ്യതകള്‍ വർധിക്കുകയും ചെയ്യുമെന്നും വിലയിരുത്തലുണ്ട്. രാഹുൽ രാജ്യത്തുടനീളം പ്രചാരണം നടത്തുമ്പോൾ, മോദീപ്രചാരണം വാരണാസിയിൽ മാത്രമായി ഒതുങ്ങുമെന്നാണ് കോൺഗ്രസിൻറെ കണക്കുകൂട്ടൽ. പ്രിയങ്കയുടെ സ്ഥാനാർഥിത്വം നിലവിൽ ബിജെപിക്കൊപ്പം നിൽക്കുന്ന സവർണ ഹിന്ദു വോട്ടുകളിൽ വിള്ളല്‍ വീഴ്ത്താൻ കാരണമാകുമെന്നും മണ്ഡലത്തിലെ ന്യൂനപക്ഷമായ മുസ്‍ലിം സമുദായത്തിൻറെ പിന്തുണ ഉറപ്പാക്കാനാകുമെന്നും കോൺഗ്രസ് കരുതുന്നു. 

പ്രിയങ്ക വാരണാസിയിൽ മത്സരിച്ചാൽ മോദി രണ്ടാമതൊരു മണ്ഡലം കൂടി തിരഞ്ഞെടുത്തേക്കുെമന്നും പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ വന്നാൽ രാഹുലിൻറെ വയനാട് സ്ഥാനാർഥിത്വത്തിനെതിരെ ബിജെപി ഉയർത്തുന്ന ആരോപണ മുനയൊടിക്കാമെന്നും കോൺഗ്രസ് കരുതുന്നു. 

നിലവിൽ എസ്പി – ബിഎസ്പി – ആർഎൽഡി പ്രതിപക്ഷ സഖ്യം വാരാണസിയിൽ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. എസ്പിക്കാണ് പ്രതിപക്ഷ സഖ്യം മണ്ഡലത്തിൽ സീറ്റ് നൽകിയിരിക്കുന്നത്. എസ്പി നേതാവ് അഖിലേഷ് യാദവിന്റെ മണ്ഡലമായ അസംഗഡിൽ കോൺഗ്രസ് മൽസരിക്കാത്തതിനു പ്രത്യുപകാരമായി വാരാണസിയിൽ എസ്പി സ്ഥാനാർഥിയെ നിർത്തിയേക്കില്ലെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

ദലിത് സംഘടനയായ ഭീം ആർമിയുടെ നേതാവ് ചന്ദ്രശേഖർ ആസാദും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയങ്ക വാരണാസിയിലെത്തിയാൽ ആസാദ് പിൻമാറിയേക്കും. 

വാരണാസിയുടെ വോട്ടുചിത്രം

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണ് വാരണാസി. ആകെ വോട്ടുകൾ 15 ലക്ഷം. 694,209 വോട്ടര്‍മാർ സ്ത്രീകൾ. 867,645 പുരുഷവോട്ടർമാർ. ആകെ 5 നിയമസഭാമണ്ഡലങ്ങൾ. മൂന്നെണ്ണം അര്‍ബൻ, രണ്ടെണ്ണം റൂറൽ. 

581022 ആണ് 2014 ല്‍ വാരണാസിയിൽ നിന്ന് മോദി നേടിയ വോട്ടുകള്‍. 209238 വോട്ടുകൾ നേടി ആം ആംദ്മി നേതാവ് അരവിന്ദ് കേജരിവാൾ രണ്ടാം സ്ഥാനത്ത്. 2009 ൽ ജയിച്ചത് മുരളി മനോഹര്‍ ജോഷി. നേടിയത് 203122 വോട്ടുകൾ. 17000 വോട്ടിൻരെ ഭൂരിപക്ഷം മാത്രം. 2004 ൽ വാരണാസി തിരഞ്ഞെടുത്ത് കോൺഗ്രസ് സ്ഥാനാർഥി ഡോ.രാജേഷ് കുമാർ മിശ്രയെ ആണ്. 

1957 മുതലുള്ള തിരഞ്ഞെടുപ്പു ചിത്രം പരിശോധിച്ചാൽ കോൺഗ്രസിനും ബിജെപിക്കുമൊപ്പം നിന്ന ചരിത്രമുണ്ട് വാരണാസിക്ക്. ആറു തവണ വീതം കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികളെ വാരണാസി വോട്ടർമാർ ജയിപ്പിച്ച് പാർലമെൻറിലേക്കയച്ചു. ഒരോ തവണ വീതം ജനതാദളും ബിജു ജനതാദളും സിപിഎമ്മും വിജയിച്ചു.

MORE IN INDIA
SHOW MORE