പ്രധാനമന്ത്രിയുടെ ആ 'ദുരൂഹപെട്ടി'യിലെന്ത്?; ചോദ്യങ്ങളുമായി കോൺഗ്രസ്

modi-suitcase-congress
SHARE

കർണാടകയിൽ തിരഞ്ഞെടുപ്പു റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിൽ‌ നിന്നു കടത്തിയ ദുരൂഹ പെട്ടിയെ ചൊല്ലി ചര്‍ച്ചകൾ ചൂടുപിടിക്കുന്നു. മോദിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഹെലികോപ്റ്റിൽ നിന്നും സ്വകാര്യ വാഹനത്തിലേക്ക് മാറ്റിയ പെട്ടിയിൽ  എന്താണെന്ന് ജനങ്ങൾക്ക് അറിയണമെന്ന് എഐസിസി വക്താവ് ആനന്ദ് ശർമ്മ പറഞ്ഞു. 

ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ച 210 കോടി രൂപയുടെ  ഉറവിടം പരിശോധിക്കണം. റഫാൽ വിഷയത്തില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇതുവരെയും പ്രതികരിക്കാത്തത്? 

അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം മൂലം മോദി പ്രതിപക്ഷത്തെ അധികാരമുപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ആനന്ദ് ശർമ്മ ആരോപിച്ചു. 

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ സംശയിക്കപ്പെടുന്ന ഒരു പെട്ടിയും ഇറക്കിയിരുന്നു എന്നാണ് ആരോപണം. കര്‍ണ്ണാടകയിലെ യുവ കോണ്‍ഗ്രസ് നേതാവ് ശ്രീവസ്തയാണ് ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്ന പെട്ടി സ്വകാര്യ ഇനോവയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നതും വിഡിയോയിൽ കാണാം. 

സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് കടത്തിയ ആ പെട്ടിയില്‍ എന്താണ്? എന്ത് കൊണ്ട് ഈ ഇനോവ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുന്നില്ല തുടങ്ങിയ ചോദ്യങ്ങളാണ് മോദിക്കെതിരെ ഉയരുന്നത്. 

MORE IN INDIA
SHOW MORE