ഇവിടെ വീറോടെ പോരാട്ടം; തമിഴകത്ത് സിപിഎമ്മിന് വോട്ടുചോദിച്ച് രാഹുൽ ഗാന്ധി

rahul-cpm-tamilnadu
SHARE

കേരളത്തിൽ സിപിഎമ്മും കോൺഗ്രസും എല്ലാ മണ്ഡലങ്ങളിലും വീറോടെ പോരടിക്കുമ്പോൾ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ സ്ഥിതി വിപരീതമാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയെ എങ്ങനെയും പരാജയപ്പെടുത്തുമെന്ന് സിപിഎം പറയുമ്പോൾ തമിഴകത്ത് സിപിഎം സ്ഥാനാർഥിക്കായി വോട്ടുപിടിക്കുകയാണ് രാഹുൽ ഗാന്ധി. രാഹുലിനെ കൈകൊടുത്തു സ്വീകരിച്ചും കൈപ്പത്തി ചിഹ്നമുള്ള ബാഡ്ജ് അണിഞ്ഞും മധുരയിലെ സിപിഎം സ്ഥാനാർഥി സു.വെങ്കടേശനും സജീവമായി. കോൺഗ്രസ് –ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും സിപിഐയും മുസ്‌ലിം ലീഗും ഒരേ വേദിയിൽ അണിനിരന്ന കാഴ്ച മധുരയുടെ സമീപ മണ്ഡലമായ വിരുദുനഗറിൽ. 

തൂത്തുക്കുടിയിലേക്കുള്ള ദേശീയ പാതയോരത്തു കോൺഗ്രസ് –സിപിഎം കൊടികൾ ഒരുമയോടെ പാറിപറക്കുന്നതും കാണാമായിരുന്നു.സമ്മേളനത്തിനു പ്രവർത്തകരെത്തിയതു സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പതാകകൾ സ്ഥാപിച്ച വാഹനങ്ങളിലായിരുന്നു. അതേസമയം, സിപിഐ ജില്ലാ സെക്രട്ടറി  കാളിദാസൻ രാഹുലുമായി വേദി പങ്കിട്ടെങ്കിലും സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും എത്തിയില്ല. വേദിയിൽ സിപിഎമ്മിന്റെ ചിഹ്നമോ കൊടിയോ കണ്ടില്ല. 

രാഹുൽ ഗാന്ധി,  സോണിയാ ഗാന്ധി, എം.കെ.സ്റ്റാലിൻ എന്നിവരുടെ ചിത്രത്തിനൊപ്പം സിപിഎം തമിഴ്നാട് സെക്രട്ടറി കെ.ബാലകൃഷ്ണൻ, സിപിഐ സംസ്ഥാനസെക്രട്ടറി ജെ.മുത്തരശൻ, മുസ്‍ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദർ മൊയ്തീൻ എന്നിവരുടെ ചിത്രങ്ങളും വേദിയിൽ ഇടംപിടിച്ചു. എന്നാൽ, ഇടതു ദേശീയ നേതാക്കളുടെ ചിത്രങ്ങളില്ലായിരുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.