വാരണാസിയിൽ പ്രിയങ്ക വന്നാല്‍ മോദി പേടിക്കണോ? കണക്കുകള്‍ പറയുന്നത്

modi-priyanka-new
SHARE

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കട്ടെ എന്ന് പല തവണ തമാശയായി പ്രിയങ്ക ചോദിച്ചിരുന്നു. രാഹുലിൻറെ വയനാടൻ സ്ഥാനാർഥിത്വം പോലെ തന്നെ മറ്റൊരു തിരഞ്ഞെടുപ്പു സര്‍ജിക്കല്‍ സ്ട്രൈക്ക് ആയിരുന്നു മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന ഇന്നത്തെ ബിഗ് ബ്രേക്കിങ്ങ്. ആദ്യ മത്സരത്തിൽ തന്നെ പ്രിയങ്ക മത്സരിച്ചു തോക്കണോ എന്ന് പലരും ചോദ്യമുയർത്തുന്നുണ്ടെങ്കിലും മുന്നിലുള്ള കണക്കുകൾ പരിശോധിച്ചാൽ ഹിന്ദി ഹൃദയഭൂമിയിൽ കാര്യങ്ങള്‍ അത്ര സുഗമമാകില്ല മോദിക്കെന്ന വിലയിരുത്തലുണ്ട്. 

വാരണാസിയുടെ വോട്ടുചിത്രം

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണ് വാരണാസി. ആകെ വോട്ടുകൾ 15 ലക്ഷം. 694,209 വോട്ടര്‍മാർ സ്ത്രീകൾ. 867,645 പുരുഷവോട്ടർമാർ. ആകെ 5 നിയമസഭാമണ്ഡലങ്ങൾ. മൂന്നെണ്ണം അര്‍ബൻ, രണ്ടെണ്ണം റൂറൽ. 

581022 ആണ് 2014 ല്‍ വാരണാസിയിൽ നിന്ന് മോദി നേടിയ വോട്ടുകള്‍. 209238 വോട്ടുകൾ നേടി ആം ആംദ്മി നേതാവ് അരവിന്ദ് കേജ്‍രിവാൾ രണ്ടാം സ്ഥാനത്ത്. 2009 ൽ ജയിച്ചത് മുരളി മനോഹര്‍ ജോഷി. നേടിയത് 203122 വോട്ടുകൾ. 17000 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. 2004 ൽ വാരണാസി തിരഞ്ഞെടുത്ത് കോൺഗ്രസ് സ്ഥാനാർഥി ഡോ.രാജേഷ് കുമാർ മിശ്രയെ ആണ്. 

1957 മുതലുള്ള തിരഞ്ഞെടുപ്പു ചിത്രം പരിശോധിച്ചാൽ കോൺഗ്രസിനും ബിജെപിക്കുമൊപ്പം നിന്ന ചരിത്രമുണ്ട് വാരണാസിക്ക്. ആറു തവണ വീതം കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികളെ വാരണാസി വോട്ടർമാർ ജയിപ്പിച്ച് പാർലമെൻറിലേക്കയച്ചു. ഒരോ തവണ വീതം ജനതാദളും ബിജു ജനതാദളും സിപിഎമ്മും വിജയിച്ചു. 

പ്രിയങ്കയെത്തിയാല്‍

കഴിഞ്ഞ തവണ ഒബിസി വിഭാഗം പൂർണമായി നരേന്ദ്രമോദിയെ പിന്താങ്ങിയിരുന്നു. എസ്പിയും ബിഎസ്പിയും ആം ആദ്മിയും മത്സരിച്ച വാരണാസി ചതുഷ്കോണ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. 2004 ൽ മുരളി മനോഹർ ജോഷി 17000 വോട്ടിന് കഷ്ടിച്ചാണ് ജയിച്ചത്  ഇത്തവണ പ്രിയങ്ക എത്തുകയും എസ്പിയും ബിഎസ്പിയും പിന്മാറുകയും ചെയ്താൽ മോദി വിയർക്കുക തന്നെ ചെയ്യുമെന്ന് വിലയിരുത്തലുണ്ട്.  

വാരാണസിയിൽ പ്രിയങ്ക കളത്തിലിറങ്ങിയാൽ മോദിക്കു പ്രചാരണത്തിനായി കൂടുതൽ സമയം അവിടെ ചെലവഴിക്കേണ്ടി വരും. രാഹുൽ രാജ്യത്തുടനീളം പ്രചാരണം നടത്തുമ്പോൾ, മോദിയെ വാരാണസിയിൽ തളച്ചിടുന്നതു തങ്ങൾക്കു നേട്ടമാകുമെന്ന ചിന്തയും കോൺഗ്രസിലുണ്ട്. ഗംഗാതീരം ആരെ കൊള്ളുമെന്നത് കാത്തിരുന്നു തന്നെ കാണണം. 

MORE IN INDIA
SHOW MORE