പ്രിയങ്ക വാരണാസിയില്‍ മോദിക്കെതിരെ; നിര്‍ണായക നീക്കത്തിന് കോണ്‍ഗ്രസ്?

priyanka-modi
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അതി നിര്‍ണായക നീക്കത്തിന് കോണ്‍ഗ്രസ് തയാറെടുക്കുന്നതായി സൂചന. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സോണിയയും രാഹുലും അന്തിമ തീരുമാനമെടുക്കും.

ഈ തിരഞ്ഞെടുപ്പ് കാലത്ത് മോദിക്കെതിരെ നിരന്തര ആക്രമണവുമായി പ്രിയങ്ക പലവട്ടം രംഗത്തെത്തിയിരുന്നു. വാരണാസിയില്‍ താന്‍ മല്‍സരിക്കട്ടെയെന്നും അവര്‍ പ്രവര്‍ത്തകരോട് തമാശരൂപേണ ചോദിച്ചിരുന്നു.

ലോകം ചുറ്റി എല്ലാവരയെും കെട്ടിപ്പിടിക്കുന്ന നരേന്ദ്രമോദി വാരാണസിയിലെ പാവങ്ങളെ തിരിഞ്ഞുനോക്കാറില്ലെന്ന് ഇടക്കാലത്ത്  പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തുകയും ചെയ്തു. ഗാസിയബാദില്‍ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. പ്രിയങ്കയുടെ പ്രചാരണപരിപാടികള്‍ രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിനിടെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.

പ്രിയങ്ക ഗാസിയാബാദില്‍ പറഞ്ഞത്

ഗാസിയാ ബാദില്‍ ഡോളി ശര്‍മയുടെ പ്രചാരണംകൊഴുപ്പിക്കാനാണ് പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി രംഗത്തിറക്കിയത്. രാജ്യത്തെ 60 ശതമാനം വ്യാപാരവും ജിഎസ് ടി തകര്‍ത്തെന്ന് അവര്‍ കുറ്റപ്പെടുത്തി. ജപ്പാനിലും ചൈനയിലുപോയി കെട്ടിപ്പിടിക്കുകയും പാക്കിസ്ഥനില്‍ ബിരിയാണി കഴിക്കുകയും ചെയ്ത മോദി സാധാരണക്കാരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

ജവഹര്‍ലാല്‍ നെഹ്റുവിനെയും ഇന്ദിര ഗാന്ധിയെയും കുറ്റപ്പെടുത്തുന്ന മോദി രാജ്യത്തിനു വേണ്ടി സ്വയം എന്തു ചെയ്തെന്ന് വ്യക്തമാക്കണം. ബ്രാഹ്മണ വോട്ടുകള്‍ നിര്‍ണായകമായ ഗാസിയാബാദ് മണ്ഡലത്തില്‍ പ്രിയങ്കയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. പ്രിയങ്കയെ രാജ്യത്താകമാനം തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമാക്കാനാണ് പാര്‍ട്ടി തീരുമാനം. 

ന്യായ് പദ്ദതിയെക്കുറിച്ചുള്ള പ്രിയങ്കയുടെ ശബ്ദസന്ദേശം ഒരു കോടി ജനങ്ങളിലെത്തിയെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. കോണ്‍ഗ്രസിന്‍റെ താരപ്രചാരകരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും കഴിഞ്ഞാല്‍ പ്രിയങ്കയ്ക്കാണ് സ്ഥാനം.

MORE IN INDIA
SHOW MORE