ഇഴയടുപ്പമില്ലാതെ കോണ്‍ഗ്രസും ദളും; കന്നടനാട് ബിജെപി തന്നെ കൊയ്യുമോ..?

karnataka-state-of-mind
SHARE

2014 പോലെയല്ല കർണാടകയിൽ ഇക്കുറി കാര്യങ്ങൾ. ദക്ഷിണേന്ത്യയിലെ ഏറെ നിർണായകമാകുന്ന സംസ്ഥാനത്തിലെ രാഷ്ട്രീയക്കാറ്റ് ഇത്തവണ പ്രത്യേകമായി ഒരു പക്ഷത്തേക്കും ചാഞ്ഞുവീശിയിട്ടില്ല. പതിവു ത്രികോണമല്‍സരമല്ല, ഇത്തവണ കോൺഗ്രസ്–ജനതാദൾ സഖ്യവും ബിജെപിയും തമ്മിലുള്ള ഏറ്റുമുട്ടലാണ്. തെക്കുനോട്ടമിടുന്ന ബിജെപിയുടെ പ്രതീക്ഷ കോണ്‍ഗ്രസ്–ജെഡിഎസ് പ്രവർത്തകർക്കിടയിലെയും നേതാക്കള്‍ക്കിടയിലെയും അസ്വാരസ്യമാണ്. പലപ്പോഴും രാഹുലിനെപ്പോലും അംഗീകരിക്കാന്‍ ദേവഗൗഡ വരെ തയാറാകാത്ത അവസ്ഥ.  

ബിജെപി പ്രതീക്ഷകൾക്കു നേരെയുള്ള സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു രാഹുൽ ഗാന്ധിയുടെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം എന്നാണ് പാര്‍ട്ടി പറയുന്നത്. മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന മണ്ഡ‍ലമായതാണ് വയനാട് തിരഞ്ഞെടുക്കാൻ കാരണമെന്ന രാഹുലിന്‍റെ വിശദീകരണം എത്ര കണ്ട് പ്രാക്ടിക്കലാകും എന്നും അറിയേണ്ടതുണ്ട്. 

ദേശീയതലത്തില്‍ നിർണായകമാകുന്ന തെക്കന്‍ സംസ്ഥാനം നൂറ്റാണ്ടുകളായി കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു. പക്ഷേ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി കർണാടകത്തിലെ വോട്ടുചിത്രം ബിജെപിക്ക് അനുകൂലമാണ്. തെക്കൻതുരുത്തുകളിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാത്ത പാർട്ടിയുടെ ഏക ആശ്വാസം കർണാടകയാണ്. 2014 ൽ ആകെയുള്ള 28 മണ്ഡലങ്ങളിൽ 17 സീറ്റും നേടിയത് ബിജെപിയാണ്. 

ജെഡിഎസിനും നിർണായകമാണ് 2019. കഴിഞ്ഞ തവണ നേടാനായത് രണ്ടു സീറ്റാണ്. ഇക്കുറി നില മെച്ചപ്പെടുത്തിയാല്‍ കേന്ദ്രത്തിൽ സർക്കാർ രൂപീകരണത്തിൽ പങ്കാളികളാകാമെന്ന് ഇവർ കരുതുന്നു. 

ഓപ്പറേഷൻ താമരയും ഡയറി വിവാദവും

കുതിരക്കച്ചവടവും കൂറുമാറ്റവുമൊന്നും കർണാടക രാഷ്ട്രീയത്തിൽ പുതിയ സംഭവമല്ല. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പണമൊഴുക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കർണാട‍ക. സ്ഥാനാർത്ഥികളിൽ പലരും കോടിപതികൾ. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ 25000 കോടിയിലേറെ രൂപയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൂടി പ്രചാരണച്ചെലവ്. ഇത്തവണ അത് 50,000 കോടിക്കു മുകളിലെത്തുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 

സഖ്യസർക്കാരിലെ എംഎല്‍എമാരെ ചൂണ്ടാൻ ഇക്കുറി ഓപ്പറേഷൻ താമരയുമായാണ് ബിജെപി എത്തിയത്. പക്ഷേ, കാര്യങ്ങൾ അവർ വിചാരിച്ചതു പോലെ നടന്നില്ല. ഓപ്പറേഷൻ സേവ് കർണാടകയുമായി കോണ്‍ഗ്രസെത്തി. വൻ വാഗ്ദാനങ്ങൾ എംഎൽഎമാർക്കു മുൻപിൽ വെച്ചതോടെ മറുകണ്ടം ചാടിയവർ തിരിച്ചെത്തി. സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കത്തിന് തടയിടാന്‍ കഴിഞ്ഞെങ്കിലും കോണ്‍ഗ്രസില്‍ വിമതര്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല.

karnataka-n

പിന്നാലെയെത്തിയത് ഡയറി വിവാദമാണ്. കർണാടക മുഖ്യമന്ത്രിയാകാൻ ബിഎസ് യെഡിയൂരപ്പ ബിജെപി നേതാക്കൾക്കും കേന്ദ്രമന്ത്രിമാർക്കും ബിജെപി സംസ്ഥാന അധ്യക്ഷനും കോഴ നല്‍കിയെന്നാണ് ആരോപണം. കാരവൻ മാഗസിൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി കോൺഗ്രസ് വക്താവ് രൺദീപ്സിങ്ങ് സുർജേവാലയാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. യഡിയൂരപ്പയു‍ടെ കൈപ്പടയിലുള്ള ഡയറിയാണിതെന്നും കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഡയറിയിൽ‌ അത്ര കലുഷിതമായില്ല കർണാടക രാഷ്ട്രീയം. ബിജെപി അധ്യക്ഷനെതിരെയുള്ള ആരോപണം ബിജെപിയെ പ്രതിരോധത്തിലാക്കിയെങ്കിലും കർണാടകത്തിൽ അത് കാര്യമായ ചർച്ചയായില്ല. മുഖ്യമന്ത്രി കുമാരസ്വാമിയും വിഷയത്തിൽ മൗനം പാലിക്കുകയാണ് ചെയ്തത്. 

താരമണ്ഡലങ്ങൾ

മാണ്ഡ്യയിൽ മത്സരിക്കുന്ന സുമലതയും നോർത്ത് ബെംഗളൂരുവില്‍ മത്സരിക്കുന്ന പ്രകാശ് രാജുമാണ് പ്രധാന താര സ്ഥാനാർത്ഥികൾ. കോണ്‍ഗ്രസ്–ജെ‍ഡിഎസ് സഖ്യവും ബിജെപിയും നേര്‍ക്കുനേർ ഏറ്റുമുട്ടുന്ന കര്‍ണാടകയിൽ ഇരുവർക്കുമൊപ്പല്ല പ്രകാശ് രാജും സുമലതയും മത്സരിക്കുന്നത്. ‌കോണ്‍ഗ്രസ് പിന്തുണ തേടിയെത്തി നാടകീയ നീക്കങ്ങൾക്കൊടുവിൽ ബിജെപി പിന്തുണയോടെയാണ് സുമലത മത്സരിക്കുന്നതെങ്കിൽ സ്വതന്ത്രനായാണ് പ്രകാശ് രാജിന്‍റെ പോരാട്ടം. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയാണ് മാണ്ഡ്യയിൽ സുമലതക്ക് എതിരാളി. താരത്തിനു ലഭിക്കുന്ന ജനപ്രീതി കോൺഗ്രസ്–ദൾ പാളയത്തിൽ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. മാണ്ഡ്യയല്ലാതെ മറ്റൊരു മണ്ഡലം സുമലതക്കു നൽകാൻ കോൺഗ്രസ് ഒരുക്കമായിരുന്നു. എന്നാൽ ഭർത്താവിൻറെ മണ്ഡലമായ മാണ്ഡ്യ വിട്ടൊരു തിരഞ്ഞെടുപ്പു പോരാട്ടത്തിനില്ലെന്ന നിലപാടിൽ താരം ഉറച്ചു നിന്നു. 

sumalatha-i01

താമര വാടിയ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്

കോൺഗ്രസ്–ദൾ സഖ്യത്തിന്‍റെ ഏറ്റവും വലിയ ആത്മവിശ്വാസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ചുണ്ടാക്കിയ സര്‍ക്കാരാണ്.  224 നിയമസഭാ സീറ്റുകളിൽ 80 നേടി 7 വർഷത്തിനിപ്പുറം കോൺഗ്രസ്. ബിജെപി 104 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായി. ജനതാദള്‍ 37 സീറ്റ് നേടി. തെക്കൻ, തീരദേശ കർണാടകയിലും ഹൈദരാബാദ് കർണാടകത്തിലും മധ്യകര്‍ണാടകത്തിലും കോൺഗ്രസ് വിജയം നേടി.  

മൂന്ന് ലോക്സഭാ സീറ്റുകളിലും രണ്ട് നിയമസഭാ സീറ്റുകളിലും നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത പ്രഹരമറ്റു. 14 വർഷം ബിജെപിയുടെ കുത്തകയായിരുന്ന ബെല്ലാരി ലോക്സഭാ സീറ്റ് വൻ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. ശിവമൊഗ്ഗ ലോക്സഭാ സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്. 

ibw-karnataka-t

കർണാടകയുടെ കൂട്ടുകക്ഷിചരിത്രം 

2004 ലാണ് കർണാടകത്തിൽ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭ നിലവിൽ വന്നത്. അന്ന് കോൺഗ്രസ്–ദൾ സഖ്യം അധികാരത്തിലേറിയെങ്കിൽ 2006 ല്‍ ബിജെപിയും ജെഡിഎസും ചേർന്നായിരുന്നു ഭരണം. ഇരു സര്‍ക്കാരുകൾക്കും കാലാവധി പൂർത്തിയാക്കാനായില്ല. 

2008 ൽ ഖനിഭീമൻമാരെ കൂട്ടുപിടിച്ച് ബിജെപി ഒറ്റക്ക് അധികാരത്തിൽ വന്നു. അക്കാലത്താണ് ബെല്ലാരി റിപ്പബ്ലിക്കിന്‍റെ പിറവി. ഒടുവിൽ മുഖ്യമന്ത്രി യെഡിയൂരപ്പ അഴിമതിക്കേസിൽ ജയിലിലായി. പിന്നീടുള്ള 5 വര്‍ഷത്തിനിടെ ബിജെപിയുടെ 5 മുഖ്യമന്ത്രിമാരാണ് മാറിമാറി സംസ്ഥാനം ഭരിച്ചത്. 

ഏപ്രില്‍ 18 ന് ബൂത്തിലേക്ക്

ഏപ്രില്‍ 18 നാണ് കർണാടകയിൽ ആദ്യഘട്ടപോളിങ്ങ്. രണ്ടാംഘട്ടം 23ന്. ആകെയുള്ള 28 സീറ്റുകളിൽ 15 ഉം ഇപ്പോൾ ബിജെപിക്കൊപ്പമാണ്. കോൺഗ്രസിന് 10 ഉം ജെഡിഎസിന് 2 ഉം. ഇക്കുറി കോൺഗ്രസ് 21 സീറ്റിലും ജെഡിഎസ് 7 സീറ്റിലുമാണ് മത്സരിക്കുക.

MORE IN INDIA
SHOW MORE