മണ്ഡലം മറന്ന മൂണ്‍ മൂണ്‍ സെന്‍; എന്നിട്ടും അസന്‍സോള്‍ പിടിക്കാന്‍ ദീദിക്ക് ഈ ‘ജയന്‍റ് കില്ലര്‍’

MOON-MOON-SEN
SHARE

സീന്‍ഒന്ന്: ബംഗാളിലെ ബാങ്കുര. 2014 ലോക്സഭാ തിരഞ്ഞെടുപ്പ് മുഴുപ്പട്ടിണിക്കാര്‍ നിറഞ്ഞ ഗ്രാമവീഥികളിലൂടെ പ്രചാരണവാഹനങ്ങളുടെ നീണ്ടനിര. വാഹനവ്യൂഹം കടന്നുപോകുന്നതിന് തൊട്ടുമുന്‍പ് വഴികളെല്ലാം വെള്ളമൊഴിച്ചു നനയ്ക്കും. മണ്ഡലത്തിലെ പൊടി വിഐപി സ്ഥാനാര്‍ഥിയെ അലോസരപ്പെടുത്താതിരിക്കാന്‍. കുടിവെള്ളത്തിന് പോലും പാടുപെടുന്ന ഗ്രാമവാസികള്‍ ‌‌‌‌‌ലീറ്റര്‍ കണക്കിന് വെള്ളം റോ‍ഡുകളില്‍ വെറുതെ കളയുന്ന കാഴ്ച കണ്ട് അമ്പരന്ന് നിന്നു. 

സീന്‍ രണ്ട് : പ്രചാരണവാഹനം ഒരുനോക്കുകാണാന്‍ തടിച്ചുകൂടിയ ഗ്രാമവാസികള്‍ക്കിടയിലേക്ക് ബംഗാളിന്‍റെയും ഇന്ത്യന്‍ സിനിമയുടെയും സ്വപ്നനായിക ഇറങ്ങിവരുന്നു. മൂണ്‍ മൂണ്‍ സെന്‍. ബംഗാളിന്‍റെ എക്കാലത്തെയും അഭിമാനമായ നായിക സുചിത്ര സെന്നിന്‍റെ മകള്‍. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി എന്ന പുതിയ റോളിലാണിപ്പോള്‍ മൂണ്‍ മൂണ്‍ സെന്‍. ഒപ്പം മക്കളും പ്രമുഖ താരങ്ങളുമായ റിയ സെന്നും റെയ്മ സെന്നും. നിറഞ്ഞ കയ്യടി, ആവേശം. 

ക്ലൈമാക്സ് : മൂണ്‍ മൂണ്‍ സെന്‍ അറുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ബാങ്കുരയില്‍ നിന്ന് വിജയിച്ചു. മണ്ഡലത്തില്‍ തുടര്‍ച്ചയായി ഒന്‍പതുവട്ടം എംപിയായിരുന്ന സിപിഎമ്മിന്‍റെ ബസുദേവ് ആചാര്യയെ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ആ മാസ്് എന്‍ട്രി. ജയിന്‍റ് കില്ലര്‍ (വലിയ കൊലയാളി) എന്ന് മമത ബാനര്‍ജി വിളിപ്പേരുമിട്ടു. 

അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ സീന്‍ വീണ്ടും  മാറി. ' കട്ട ഡാര്‍ക്ക്' ആയി തിരഞ്ഞെടുപ്പിനു ശേഷം മണ്ഡലത്തില്‍ എംപിയായി ഒരു ' റീ എന്‍ട്രി ' എങ്കിലും ഉണ്ടാകുമെന്ന് വോട്ടര്‍മാര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ജനകീയ പ്രശ്നങ്ങള്‍ക്ക് ചെവി കൊടുക്കാതെ മൂണ്‍ മൂണ്‍ സെന്‍ എന്ന എംപി സിനിമയുടെ വെള്ളിവെളിച്ചത്തിലിരിക്കാനാണ് താല്‍പ്പര്യപ്പെട്ടത്. "എന്നോട് പറഞ്ഞിട്ടല്ല, മമത ദീദീ എന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ദീദി പറഞ്ഞു, ഞാന്‍ മല്‍സരിച്ചു ". 

പൊതുവേദികളില്‍ നിന്ന് പൂര്‍ണമായും അകന്നുനിന്ന അമ്മ സുചിത്രസെന്നിന്‍റെ മരണാനന്തര ചടങ്ങുകള്‍ അവരുടെ ആഗ്രഹം പോലെ സ്വകാര്യമായി നടത്താന്‍ മമത ബാനര്‍ജി മുന്‍കയ്യെടുത്തിരുന്നു. ഇതിനുള്ള പ്രത്യുപകാരമായാണ് താന്‍ സ്ഥാനാര്‍ഥിയാകുന്നതെന്നായിരുന്നു മൂണ്‍ മൂണ്‍ സെന്നിന്‍റെ വിശദീകരണം.

ബംഗാളിന്‍റെ രാഷ്ട്രീയമണ്ഡലത്തെക്കുറിച്ച്  ധാരണയില്ലാതിരുന്ന മൂണ്‍ മൂണ്‍ സെന്‍  ഒന്‍പതുവട്ടം ബാങ്കുര എംപിയായിരുന്ന, തന്‍റെ എതിരാളി ബസുദേവ് ആചാര്യയെക്കുറിച്ച്, മല്‍സരംഗത്തിറങ്ങുംവരെ  കേട്ടിട്ടുപോലുമില്ലായിരുന്നു എന്നും പ്രതികരിച്ചു.

പാര്‍ട്ടിപ്രവര്‍ത്തകര്‍ ആരുമായും ബന്ധമില്ലായിരുന്നു. ഒരു ജനകീയ പ്രശ്നങ്ങളിലും ഇടപെട്ടില്ല. ഒരു പദ്ധതിയും കൊണ്ടുവന്നില്ല. ഇനി ബാങ്കുരയില്‍ മല്‍സരിച്ചാല്‍ തോറ്റുതുന്നംപാടുമെന്ന് ഉറപ്പ്. എന്നിട്ടും മമത  മൂണ്‍ മൂണിനെ കൈവിട്ടില്ല. ബാങ്കുരയില്‍ നിന്ന് നേരെ അസന്‍സോളിലേക്ക് മാറ്റി. 

ബിജെപിയുടെ കേന്ദ്രമന്ത്രിയും പ്രമുഖ പിന്നണിഗായകനും സിറ്റിങ് എംപിയുമായ ബാബുല്‍ സുപ്രിയോ ആണ് ഇവിടെ എതിരാളി. കഴിഞ്ഞ തവണ ബംഗാളില്‍ ബിജെപി ജയിച്ച രണ്ടു സീറ്റുകളിലൊന്ന്. മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന ട്രേഡ് യൂണിയന്‍ നേതാവ് ദോലാ സെന്നിനെ അറുപതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബാബുല്‍ പരാജയപ്പെടുത്തിയത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്‍തൂക്കം നല്‍കിയ മേഖലകള്‍  ഉള്‍പ്പെട്ടതാണ് അസന്‍സോള്‍. ബാബുലിനെ തോല്‍പ്പിക്കാന്‍‘ ജയിന്‍റ് കില്ലറെ’ ഇറക്കി പരീക്ഷിക്കാനാണ് മമതയുടെ പ്ലാന്‍. 

ബംഗാളിന്‍റെ വ്യാവസായികമേഖലയാണ് അസന്‍സോള്‍. കല്‍ക്കരി ഫാക്ടറികള്‍ ഉള്‍പ്പെടെയുള്ള മേഖല. പൂട്ടിപ്പോയ സംരംഭങ്ങള്‍ തൊഴിലാളികളെ   പട്ടിണിയിലാക്കിയ സ്ഥലം. ബംഗാളില്‍ 23 സീറ്റ് ലക്ഷ്യമിടുന്ന ബിജെപിക്ക് നിലവില്‍ ഉറപ്പുള്ള മണ്ഡലമാണ് അസന്‍സോള്‍. പ്രചാരണം മുറുകുന്തോറും സംഘര്‍ഷഭരിതമാകുന്നു തിരഞ്ഞെടുപ്പുചിത്രം. 

സിപിഎം സ്ഥാനാർഥി ഗൗരാംഗ് ചാറ്റർജിക്കും  ബാവുൽ സുപ്രിയോയ്ക്കുനേരെയും കയ്യേറ്റശ്രമമുണ്ടായതാണ് ഏറ്റവും പുതിയ ട്വിസ്റ്റ്. താരപ്രഭാവമുള്ള പോരാട്ടത്തിന്‍റെ  ക്ലൈമാക്സ് കാണാന്‍ കാത്തിരിക്കുകയാണ് ബംഗാള്‍.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.