ആള്‍ക്കൂട്ട ആക്രമണം; നടപടിയില്ല; കൂട്ട ആത്മഹത്യ ചെയ്യുമെന്ന് മുസ്‌ലിം കുടുംബം

gurugram-family-02-04
SHARE

ഗുരുഗ്രാമിൽ ഹോളി ദിനത്തിൽ ക്രൂരമായി ആക്രമിക്കപ്പെട്ട മുസ്‌ലിം കുടുംബം കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കി. പരസ്യമായി ആക്രമിച്ചിട്ടും അതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഭീഷണി. പ്രാദേശിക രാഷ്ട്രീയ നേതാക്കൾ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.

''എല്ലാവരും കണ്ടതാണ്. മുൻകൂട്ടി ആസൂത്രണം ചെയ്താണ് അക്രമികൾ ഞങ്ങളെ മർദിച്ചത്. എന്നിട്ടും പൊലീസ് നടപടിയൊന്നും എടുക്കുന്നില്ല. എഫ്ഐആർ പിൻവലിക്കണം എന്നാവശ്യപ്പെട്ട് അക്രമികൾ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്''-കുടുംബാംഗമായ മുഹമ്മദ് അക്തർ പറഞ്ഞു. 

''അവർ വീട്ടിലെത്തി സ്ത്രീകളെയും പെൺകുട്ടികളെയും അപമാനിച്ചു. ഞങ്ങൾക്ക് നീതി ലഭിക്കാൻ പൊലീസ് ഇനിയും ഇടപെട്ടില്ലെങ്കിൽ കൂട്ടത്തോടെ ആത്മഹത്യ ചെയ്യും''-അക്തർ പറഞ്ഞു. അതേസമയം ആക്രമണത്തിൽ രണ്ടുകൂട്ടർക്കും പങ്കുണ്ടെന്നാണ് ഗുരുഗ്രാം സൗത്ത് ഡിസിപി ഹിമാൻഷു ഗാർഗിന്റെ വാദം. 

മാർച്ച് 21ന് ഹോളി ദിവസമാണ് നാൽപ്പതോളം അക്രമികൾ മുസ്‌ലിം കുടുംബത്തെ ആക്രമിച്ചത്. പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ 15 വർഷമായി ഗുരുഗ്രാമിൽ താമസിക്കുകയാണ് കുടുംബം. 

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളോട്, 'നിങ്ങളെന്തിനാണ് ഇവിടെ കളിക്കുന്നത്, പാക്കിസ്ഥാനിൽ പോയി ക്രിക്കറ്റ് കളിക്കൂ' എന്ന് അക്രമികൾ ആവശ്യപ്പെട്ടു. ഇതിൽ ഇടപെട്ട കുടുംബാംഗങ്ങളെ അക്രമികൾ മർദിച്ചു. തുടർന്ന് വടിയും കല്ലുകളുമായി കൂടുതൽ ആളുകളെത്തി. വീട്ടിൽ കയറി വിലപിടിപ്പുള്ള പലതും  കവർന്നു. വാതിൽ ചവിട്ടിപ്പൊളിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്ന് പുറത്തുവന്നിരുന്നു. 

MORE IN INDIA
SHOW MORE