രാഹുലിന് അമേത്തിയിൽ തോൽക്കുമെന്ന പേടിയോ; സിപിഎം–സംഘപരിവാർ വാദത്തിലെ സത്യം

rahul-amethi-history
SHARE

രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കാനെത്തുന്ന കാര്യം ഹൈക്കമാൻഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തിനകത്തും പുറത്തും സജീവചർച്ചയാണ്. ബിജെപിയെയും മോദിയെയും താഴെയിറക്കുക എന്ന ഒറ്റലക്ഷ്യം വച്ച് പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുപോകുമ്പോൾ രാഹുൽ കേരളത്തിൽ മൽസരിക്കാനെത്തുന്നത് അഭിപ്രായ ഭിന്നതകൾക്കും ഇടയാക്കുന്നു. എന്നാൽ ഇതിനൊപ്പം അമേത്തിയിൽ ഇത്തവണ പരാജയപ്പെടാം എന്ന ഭീതിയാണ് വയനാട് പോലെ സുരക്ഷിതമായൊരു സീറ്റ് തേടി വരാനുള്ള കാരണമെന്ന് സംഘപരിവാറും സിപിഎമ്മും സൈബർ ലോകത്ത് വാദിക്കുന്നത്.  സത്യത്തിൽ അമേത്തിയിൽ രാഹുലിന് ഇത്തവണ കാലിടറുമോ എന്ന ചോദ്യം കുറച്ച് ദിവസങ്ങളായി രാജ്യത്ത് സജീവചർച്ചയാണ്. ഇപ്പോഴിതാ അമേത്തിയിലെ തിരഞ്ഞെടുപ്പ് ചരിത്രവും കൃത്യമായ കണക്കുകൾ നിരത്തി ഉയരുന്ന വാദത്തെ നേരിടുകയാണ് കോൺഗ്രസ്. 

അമേത്തിയിലെ ചരിത്രചിത്രമിങ്ങനെ: 

കോൺഗ്രസിനെ എപ്പോഴും ചേർത്ത് പിടിക്കുന്നതിൽ പതിറ്റാണ്ടിന്റെ പാരമ്പര്യമാണ് അമേത്തി പേറുന്നത്. 1967ൽ രൂപീകൃതമായ മണ്ഡലം രണ്ടുതവണ മാത്രമാണ് കോൺഗ്രസിന് കൈവിട്ടുപോയത്. ഗാന്ധി കുടുംബത്തിന്റെ കൈവശം എപ്പോഴും ഭദ്രമായിരുന്നു അമേത്തി. നാലുതവണ രാജീവ് ഗാന്ധി ഇവിടെ വിജയക്കൊടി പാറിച്ചു. തുടർന്ന് സോണിയാ ഗാന്ധിയും മണ്ഡലത്തിൽ വിജയിച്ചു. പിന്നീടെത്തിയ രാഹുൽ ഗാന്ധിക്ക് മൂന്നുതവണ മിന്നും വിജയം സമ്മാനിച്ച് അമേത്തി അടിവരയിട്ടു ഇത് കോൺഗ്രസിന്റെ കുത്തകയാണെന്ന്. 2004 ലെ തിഞ്ഞെടുപ്പിൽ 2,90,853 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിന്റെ കന്നിജയം. 2009ൽ ഇൗ ഭൂരിപക്ഷം 3,70,198 ആയി അദ്ദേഹം ഉയർത്തി. എന്നാൽ 2014ൽ ഭൂരിപക്ഷം 1,07,903 ആയി കുറഞ്ഞു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ അമേത്തിയെ മുൻനിർത്തി വാദങ്ങൾ നടക്കുന്നത്. എന്നാൽ അന്ന് യുപിഎ സർക്കാരിനെതിരായ ജനവികാരവും മോദി തരംഗവും ഒരുമിച്ച് വന്നിട്ടും ഒരു ലക്ഷത്തിനപ്പുറം ഭൂരിപക്ഷം രാഹുൽ ഇവിടെ നേടിയത് മികച്ച മുന്നേറ്റമായിട്ടാണ് കോൺഗ്രസ് വിലയിരുത്തുന്നത്. അതേ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയ ബിഎസ്പി അന്ന് 57,716 വോട്ടും നാലാം സ്ഥാനത്ത് എത്തിയ എഎപി 25,527 വോട്ടും സ്വന്തമാക്കിയിരുന്നു. 

സ്മൃതി ഇറാനി തരംഗമാണോ അമേത്തിയിൽ?

സ്മൃതിയെ പേടിച്ചാണ് രാഹുൽ സുരക്ഷിത മണ്ഡലം തേടി അലയുന്നതെന്ന് ബിജെപി പരിഹസിക്കുന്നുണ്ട്. എന്നാൽ ഇൗ പരിഹാസത്തെ കോൺഗ്രസ് നേരിടുന്ന കണക്കുകളിങ്ങനെയാണ്. 2014ലെ പോലെ ഇത്തവണ കോൺഗ്രസ് വിരുദ്ധ വികാരമില്ല. മോദി തരംഗവുമില്ല. രാഹുൽ മികച്ച നേതാവാണെന്ന് ഇൗ അഞ്ചുവർഷത്തിനിടെ പലകുറി തെളിയിച്ചും കഴിഞ്ഞു. ഒരു സെലിബ്രേറ്റി പരിവേഷത്തോടെ കഴിഞ്ഞ തവണ സ്മൃതിയെ ബിജെപി മോദി തരംഗം ഉള്ളപ്പോൾ രംഗത്തിറക്കിയിട്ടും ജയിക്കാനായില്ല. അപ്പോൾ എങ്ങനെയാണ് ഇത്തവണ സ്മൃതി മണ്ഡലം പിടിക്കുന്നതെന്നും കോൺഗ്രസ് ചോദിക്കുന്നു. അതിനൊപ്പം ബി.എസ്.പിയും എസ്.പിയും ഇത്തവണ മത്സരിക്കുന്നില്ല. എഎപി ഇതുവരെ സ്ഥാനാർഥിയെ നിർത്തിയിട്ടുമില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ സ്വന്തമാക്കിയതിനെക്കാൾ മികച്ച വിജയം രാഹുലിന് ഇത്തവണ ഉറപ്പെന്ന കണക്കുകളും സാധ്യതകളും നിരത്തി കോൺഗ്രസ് വാദിക്കുന്നു.

അതേസമയം ബിജെപിയുടെ പ്രധാന ആരോപണങ്ങളിലൊന്ന് അമേത്തിയിലെ നാലു നിമയസഭാ മണ്ഡലങ്ങളിലും ജയിച്ചത് ബിജെപിയാണ്. ഒരു മണ്ഡലത്തിൽ എസ്പിയും. ഇൗ വിജയം മുൻനിർത്തിയാണ് ഇത്തവണ രാഹുൽ ഗാന്ധി തോൽക്കുമെന്ന് ബിജെപി കണക്കുക്കൂട്ടുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്നത് ശക്തമായ മൽസരമായിരുന്നു. നാലുപാർട്ടികളും സജീവമായി പോരടിച്ചപ്പോഴാണ് വിജയം ബിജെപിക്ക് ഒപ്പം നിന്നത്. എന്നാൽ ഇപ്പോൾ ആ ചിത്രമല്ല. ബിഎസ്പിയും എസ്പിയും കോൺഗ്രിസിനെ പിന്തുണയ്ക്കുകയാണ്. ഇതോടെ ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റുമെന്ന് കോൺഗ്രസും പറയുന്നു.  

MORE IN INDIA
SHOW MORE