ഡല്‍ഹിയോട് ബൈ പറഞ്ഞ് മുല്ലപ്പള്ളി; ഉള്ളില്‍ ഈ സ്നേഹസൗഹൃദങ്ങള്‍ ബാക്കി: വിഡിയോ

mullapally-delhi-house
SHARE

കടത്തനാടന്‍ കളരിയില്‍ കെ.മുരളീധരന്‍ പോരിനിറങ്ങുമ്പോള്‍ ആത്മസംതൃപ്തിയോടെ ഡല്‍ഹിയില്‍ നിന്ന് മടങ്ങുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകര പിടിക്കാന്‍ വീണ്ടുമിറങ്ങണമെന്ന് അണികള്‍ ആവശ്യപ്പെട്ടെങ്കിലും പുതുതലമുറ വരട്ടെയെന്ന് സ്നേഹപൂര്‍വം പറഞ്ഞൊഴിഞ്ഞു മുല്ലപ്പള്ളി. ഡല്‍ഹി വിട്ടുപോകുമ്പോള്‍ സമ്മിശ്രവികാരമാണെന്ന് മുല്ലപ്പള്ളി പറയുന്നു.

രണ്ടാം വീടായ ഡല്‍ഹിയോട് താല്‍ക്കാലികമായെങ്കിലും വിടപറയുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്. യജമാനന്‍ മടങ്ങുന്നതിന്‍റെ വേദനയിലാണ് ഇവരും. നായ്പിടുത്തക്കാരില്‍ നിന്ന് രക്ഷപെട്ടോടി വന്നപ്പോള്‍ മുല്ലപ്പള്ളിയും ഭാര്യ ഉഷയും അഭയം നല്‍കിയ ഈ തെരുവുനായ്ക്കള്‍ പിന്നീട് വീട്ടുകാവല്‍ക്കാരായി. സ്ഥിരം അതിഥിയായ മയിലുള്‍പ്പെടെ നിരവധി മൃഗങ്ങള്‍ക്കും സ്വന്തമാണ് സുനേരിബാഗ് ലൈനിലെ ഈ വീട്.  

1984ല്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സിപിഎമ്മിലെ പാട്യം രാജനെ പരാജയപ്പെടുത്തി ഡല്‍ഹിക്ക് വണ്ടി കയറിയപ്പോള്‍ 40 വയസേ ആയിരുന്നുള്ളൂ മുല്ലപ്പള്ളിക്ക്. പിന്നീടങ്ങോട്ട് കണ്ണൂരിന്‍റെ കണ്ണുലുണ്ണിയായ രാമചന്ദ്രന്‍ 1989 മുതല്‍ 1998 വരെ തുടര്‍ച്ചയായി മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധീകരിച്ചു.  1991 മുതല്‍ 93വരെ കേന്ദ്രകൃഷി സഹമന്ത്രിയായി.

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് 10 വര്‍ഷത്തെ അവധി നല്‍കിയ അദ്ദേഹം 2009ല്‍ വടകര പിടിക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുത്തു. 2004ല്‍ ഒരുലക്ഷത്തി മുപ്പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സിപിഎമ്മിന്‍റെ പി.സതീദേവിയെയായിരുന്നു മുല്ലപ്പള്ളിക്ക് നേരിടേണ്ടിയിരുന്നത്. അരലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് സതീദേവി മുല്ലപ്പള്ളിയോട് അടിയറവ് പറഞ്ഞു. യു.പി.എ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായി വടകരയുടെ എം.പി. 

2014ല്‍  ഒരിക്കല്‍ കൂടി വടകരയില്‍ നിന്ന് ജയിച്ചുകയറിയ മുല്ലപ്പള്ളി കെ.പി.സി പ്രസിഡന്‍റായപ്പോള്‍ നയം വ്യക്തമാക്കി. ഇനി തിരഞ്ഞെടുപ്പു പോരാട്ടത്തിനില്ല. ഡല്‍ഹി രാഷ്ട്രീയത്തിന്‍റെ അകത്തളങ്ങളിലെ നിരവധി രഹസ്യങ്ങളും ഉൗഷ്മള സൗഹൃദങ്ങളും ഹൃദയത്തില്‍ സൂക്ഷിച്ചാണ് മുല്ലപ്പള്ള ഇന്ദ്രപ്രസ്ഥത്തോട് വിടപറയുന്നത്. 

MORE IN INDIA
SHOW MORE