ബിജെപി നോട്ടമിട്ട കളത്തിലെ താരങ്ങൾ; രാഷ്ട്രീയക്കളത്തിൽ ഇറങ്ങുമോ?

gambhir-harbhajan-yogeshwar-1
SHARE

ഗോദയില്‍ ഗുസ്തിപിടിച്ച് ഹരം കൊള്ളിച്ചതാരങ്ങളും ക്രിക്കറ്റ് പിച്ചില്‍ ബൗണ്ടറികള്‍ അടിച്ചും എതിരാളികളെ എറിഞ്ഞിട്ട് ആവേശം കൊള്ളിച്ച താരങ്ങളും രാഷ്ട്രീയ ഗോദയിലെത്തുന്നത് ആദ്യമല്ല. കോണ്‍ഗ്രസും ബിജെപിയും ഇടതുപാര്‍ട്ടികളും സ്പോര്‍ട്സ് താരങ്ങളുടെ പ്രശ്സതി രാഷ്ട്രീയ ഗോദയില്‍ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. ഇക്കുറിയും ക്രിക്കറ്റ് പിച്ചില്‍ അടിച്ചും എറിഞ്ഞും നേടിയ വിജയങ്ങളും ഗോദയില്‍ ഗുസ്തിപിടിച്ചെടുത്ത വിജയങ്ങളും രാഷ്ട്രീയത്തിന്റെ പിച്ചിലേയ്ക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

ഡല്‍ഹി സ്വദേശിയായ ഗൗതം ഗംഭീറിനെയും പഞ്ചാബുകാരനായ ഹര്‍ഭജന്‍ സിങ്ങിനെയും ഹരിയാനക്കാരനായ യോഗേശ്വര്‍ ദത്തിനെയും രാഷ്ട്രീയ കളത്തിലെത്തിക്കാനാണ് ബിജെപി നീക്കം. ഈ താരങ്ങള്‍ക്കുള്ള ജനകീയ പിന്തുണ വോട്ടാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് രാജ്യവര്‍ധന്‍ റാത്തോര്‍ എന്ന ഒളിംപിക് ജേതാവിനെ ജയിപ്പിച്ച് കായികമന്ത്രിയാക്കിയ വിജയതന്ത്രമാണ് കൂടുതല്‍ സ്പോര്‍ട്സ് താരങ്ങളിലേക്ക് ബിജെപിയെ എത്തിക്കുന്നത്.

ഗംഭീര്‍–ഡല്‍ഹി

ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ്. 2011ല്‍ ഇന്ത്യന്‍ ചാംപ്യന്മാരായ ലോകകപ്പില്‍ അംഗമായിരുന്ന ഗംഭീറിന്റെ ഇടംകയ്യന്‍ഷോട്ടുകള്‍ ഏകദിനത്തിലും ടെസ്റ്റിലും ആരാധകര്‍ ആഹ്ലാദത്തോടെയാണ് നെഞ്ചിലേറ്റിയത്. ഡല്‍ഹി മണ്ഡലത്തിലേക്ക് ആദ്യം പരിഗണിച്ചതെങ്കിലും ബിജെപിയുടെ സിറ്റിങ് എംപി മീനാഷി ലേഖിയെ വീണ്ടും നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ ഗംഭീറിനെ പശ്ചിമ ഡല്‍ഹിയിലേക്കാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഡല്‍ഹിയില്‍ ബിജെപിക്കുള്ള സ്വാധീനവും ഗംഭീറിന്റെ ഗ്ലാമറും പ്രശസ്തിയും വിജയംകൊണ്ടുവരുമെന്ന കണക്കുകൂട്ടലിലാണ്. ഗംഭീര്‍ മല്‍സരിക്കുന്നില്ലെന്ന് ഇടയ്ക്ക് പറഞ്ഞുവെങ്കിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഹര്‍ഭജന്‍ സിങ്–അമൃത്സര്‍

പഞ്ചാബുകാരനായ ഇന്ത്യയുടെ മുന്‍ ഓഫ്സ്പിന്നറെ അമൃത്്സറില്‍ നിന്ന് ലോക്്സഭയിലെത്തിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ ഇവിടെ ഭാജിയുടെ ഗ്ലാമര്‍ വിജയം നല്‍കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. എതിര്‍ബാറ്റ്സ്ന്മാരെ ഓഫ്സ്പിന്നില്‍ കറക്കിയിട്ട ഹര്‍ഭജന്‍ രാഷ്ട്രീയത്തില്‍ വാക്പ്രയോഗത്തിലൂടെ എതിരാളിയെ വീഴുത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പഞ്ചാബിലെ 13 ലോക്്സഭാ സീറ്റുകളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിന്റെ കൈവശമാണ്. നിലവില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യത്തെ സ്പോര്‍ട്സ് താരങ്ങളുടെ ഗ്ലാമറിലൂടെയോ സിനിമാ താരങ്ങളുടെ ഗ്ലാമറിലൂടെയോ മറികടക്കാമെന്ന് ബിജെപി സ്വപ്നം കാണുന്നു. ഹര്‍ഭജന്‍ അമൃത്സറില്‍ മല്‍സരിക്കാന്‍ തയാറായില്ലെങ്കില്‍ സിനിമാതാരം പൂനം ധില്ലനെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

യോഗേശ്വര്‍ ദത്ത്–സോന്‍പട്ട്

ഹരിയാനയിലെ സോന്‍പട്ടുകാരനായ യോഗേശ്വര്‍ ദത്തിന് ധാരളം ആരാധകര്‍ നാട്ടിലുണ്ട്. ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്കായി ഒളിംപിക് വെങ്കലം നേടിയ യോഗേശ്വര്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഗുസ്തിയില്‍ നിന്ന് വിരമിച്ച താരം ഇപ്പോള്‍ മുഴുവന്‍ സമയവും സോന്‍പട്ടിലുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ യോഗേശ്വറുമായി ചര്‍ച്ച നടത്തി. ഗംഭീറും ഹര്‍ഭജനും അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെങ്കില്‍ യോഗേശ്വര്‍ രാഷ്ട്രീയ ഗോദയിലുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. ഹരിയാനയിലെ പത്തില്‍ ഏഴുസീറ്റും നിലവില്‍ ബിജെപിയുടെ കൈവശമാണ്.

MORE IN INDIA
SHOW MORE