ഇനി ‘ചൗക്കിദാർ നരേന്ദ്രമോദി’; ട്വിറ്ററിൽ പേരുമാറ്റി പുത്തൻ തന്ത്രം; വൈറൽ

modi-twitter-name
SHARE

സോഷ്യൽ മീഡിയ വഴി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പുതിയ തലം കണ്ടെത്തിയിരിക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി പറഞ്ഞ വാചകം പേരിനൊപ്പം ചേർത്ത് മോദി ട്വിറ്ററിൽ തരംഗമാവുകയാണ്.  നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ടിന്റെ പേര് ‘ചൗക്കിദാർ നരേന്ദ്ര മോദി’ എന്നു മാറ്റിയിരിക്കുകയാണ്. പ്രധാനമന്ത്രിയോടൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, ജെ.പി. നഡ്ഡ എന്നിവരും ട്വിറ്റര്‍ അക്കൗണ്ടിലെ പേരിനുമുന്നിൽ ചൗക്കിദാർ പ്രയോഗം കൂട്ടിച്ചേർത്തു

രാജ്യത്തിന്റെ കാവൽക്കാരെന്ന നിലയിൽ കറൻസി രഹിത ഇടപാടുകളിലൂടെ ശുദ്ധമായ സമ്പദ്‍വ്യവസ്ഥ ഉണ്ടാക്കാൻ എല്ലാവരും പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ട്വിറ്ററിൽ കുറിച്ചു. കള്ളപ്പണവും അഴിമതിയും ദശാബ്ദങ്ങളായി നമ്മളെ ബാധിച്ചിരുന്നു. മികച്ച ഭാവിക്കായി ഇവയെ പുറത്താക്കേണ്ട സമയമാണിതെന്നും ഗോയൽ ട്വിറ്ററിൽ കുറിച്ചു. ‘ചൗക്കിദാർ അമിത് ഷാ’ എന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ട്വിറ്ററിൽ പേര് മാറ്റിയത്. നിങ്ങളുടെ ‘ചൗക്കിദാർ’ തലയുർത്തി നിന്നു രാജ്യത്തെ സേവിക്കുകയാണെന്നാണു പ്രധാനമന്ത്രി ട്വിറ്ററിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഒറ്റയ്ക്കല്ല, അഴിമതിക്കും അഴുക്കിനും സാമൂഹിക വിപത്തിനുമെതിരെ പോരടിക്കുന്നവരെല്ലാം ചൗക്കിദാറുമാരാണ്. ഇന്ത്യയുടെ മേൽഗതിക്കായി കഠിനാധ്വാനം ചെയ്യുന്നവരെല്ലാം ചൗക്കിദാറുമാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു, ഞാനും ചൗക്കിദാറാണ്– മോദി വ്യക്തമാക്കി. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

റഫാൽ ഇടപാടിൽ മോദി സർക്കാരിനെതിരായ വിമർശനങ്ങളില്‍ കോൺഗ്രസ് അധ്യക്ഷൻ‌ രാഹുൽ ഗാന്ധി പതിവായി ഉപയോഗിച്ചിരുന്ന പരാമർശമാണ് ചൗക്കിദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്നത്. എൻഡിഎ സഖ്യകക്ഷിയായ ശിവസേന ഉൾപ്പെടെ ഇതു പിന്നീടു ഉപയോഗിച്ചു. 2014 ൽ പൊതുതിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രമോദി ‘ചൗക്കിദാർ’ എന്ന പ്രയോഗം ഉപയോഗിച്ചിരുന്നു.

MORE IN INDIA
SHOW MORE