'നീരവ് മോദി'ക്ക് നന്ദി പറ‍‍ഞ്ഞ് നരേന്ദ്രമോദി; വിമര്‍ശിച്ചും ട്രോളിയും സോഷ്യൽ മീഡിയ

nirav-modi-narendra-modi
SHARE

വജ്രവ്യവസായി നീരവ് മോദിക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി. മോദിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും വന്ന ഓട്ടോമേറ്റഡ് മെസേജ് ആണെങ്കിലും സംഗതി ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നീരവ് മോദിയുടെ പേരിലുള്ള അക്കൗണ്ട് വ്യാജവുമായിരുന്നു.  'മേം ഭീ ചൗകിദാര്‍' (ഞാനും കാവല്‍ക്കാരനാണ്) എന്ന മോദിയുടെ പുതിയ ക്യാംപെയിനിൽ പങ്കെടുത്തതിനാണ് നന്ദി. 

മേം ഭീ ചൗകിദാര് എന്ന ഹാഷ് ടാഗ് ഉപയോഗിക്കുന്നവരുടെ പേര് പരാമര്‍ശിച്ച്  മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് 'താങ്ക് യൂ' എന്ന് ഓട്ടേമേറ്റഡ് മെസേജ് വന്നുകൊണ്ടിരുന്നത്. അങ്ങനെ നീരവ് മോദിയുടെ പേരില്‍ ആരോ തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന സന്ദേശത്തിനും കിട്ടി ഒരു നന്ദി. 

അബദ്ധം മനസിലായതോടെ നീരവ് മോദിക്കുള്ള നന്ദി മോദിയുടെ ട്വിറ്റര്‍ ഹാൻഡിലിൽ നിന്നും പിന്‍വലിച്ചെങ്കിലും അതിനു മുൻപേ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചു തുടങ്ങിയിരുന്നു. 

ട്വീറ്റ് പിൻവലിച്ചതിനു പിന്നാലെ 'സര്‍ താങ്കള്‍ (പ്രധാനമന്ത്രി) എന്റെ ബാങ്ക്‌ലോണ്‍ എഴുതിത്തള്ളിയെന്ന് ഞാന്‍ കരുതിക്കോട്ടെ'  എന്നു പറഞ്ഞ് നീരവ് മോദി എന്ന ട്വിറ്റര്‍ ഹാൻഡിലിൽ നിന്നും മറുപടിയുമെത്തി.

നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ടിന്റെ പേര് ‘ചൗക്കിദാർ നരേന്ദ്ര മോദി’ എന്നു മാറ്റിയതാണ് സംഭവങ്ങളുടെ തുടക്കം. പ്രധാനമന്ത്രിയോടൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, ജെ.പി. നഡ്ഡ എന്നിവരും ട്വിറ്റര്‍ അക്കൗണ്ടിലെ പേരിനുമുന്നിൽ ചൗക്കിദാർ (കാവൽക്കാരൻ) പ്രയോഗം കൂട്ടിച്ചേർത്തു.

റഫാൽ ഇടപാടിൽ മോദി സർക്കാരിനെതിരായ വിമർശനങ്ങളില്‍ കോൺഗ്രസ് അധ്യക്ഷൻ‌ രാഹുൽ ഗാന്ധി പതിവായി ഉപയോഗിച്ചിരുന്ന പരാമർശമാണ് ചൗക്കിദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്നത്. എൻഡിഎ സഖ്യകക്ഷിയായ ശിവസേന ഉൾപ്പെടെ ഇതു പിന്നീടു ഉപയോഗിച്ചു. 2014 ൽ പൊതുതിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രമോദി ‘ചൗക്കിദാർ’ എന്ന പ്രയോഗം ഉപയോഗിച്ചിരുന്നു.

MORE IN INDIA
SHOW MORE