കാവല്‍‌ക്കാരാ എവിടെ എന്റെ മകൻ?; മോദിയോട് നജീബിന്റെ ഉമ്മയുടെ ചോദ്യം

najeeb
SHARE

Main Bhi Chowkidar എന്ന ഹാഷ്ടാഗ് തരംഗമാകുകയാണ്. മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പേരു മാറ്റി ചൗക്കീദാർ(കാവൽക്കാരൻ) മോദി എന്നാക്കിയതായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. പിന്നാലെ പല ബിജെപി നേതാക്കളും ട്വിറ്ററിലെ പേരിനു മുൻപില്‍ ചൗക്കീദാർ ചേർത്തു. ക്യാംപെയിൻ വൈറലാകുമ്പോൾ‌ ഡൽഹിയിലെ ഒരമ്മക്ക് മോദിയോട് ഒരു പ്രധാനചോദ്യം ചോദിക്കാനുണ്ട്. നൊന്തുപെറ്റ തന്റെ മകനെവിടെയെന്ന്.

മൂന്നു വർഷം മുൻപാണ് ജെഎൻയു വിദ്യാർത്ഥിയായിരുന്ന നജീബ് അ‌ഹമ്മദിനെ ഹോസ്റ്റൽ മുറിയിൽ നിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായത്. പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് അമ്മ ഫാത്തിമ നഫീസ ആരോപിക്കുന്നു. ഇവരുമായുണ്ടായ സംഘർഷത്തെ തുടർന്നാണ് നജീബിനെ കാണാതായത്. എന്നാൽ കേസ് അന്വേഷിച്ച സിബിഐ സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. 

''താങ്കള്‍ കാവല്‍ക്കാരനാണെങ്കിൽ പറയൂ, എവിടെ എന്റെ മകൻ നജീബ്? എബിവിപി പ്രവര്‍ത്തകർ അറസ്റ്റ് ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണ്? രാജ്യത്തെ മൂന്ന് പ്രമുഖ ഏജന്‍സികൾക്ക് അവനെ കണ്ടെത്താൻ സാധിക്കാത്തത് എന്തുകൊണ്ടാണ്'',  നജീബിൻറെ അമ്മ ഫാത്തിമ ട്വീറ്റ് ചെയ്തു. 

രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് സിബിഐ കേസ് അവസാനിപ്പിച്ചതെന്നും ഫാത്തിമ ആരോപിക്കുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ഫാത്തിമയുടെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. 

MORE IN INDIA
SHOW MORE